തിരുവനന്തപുരം: പാർട്ടിയിലും സർക്കാരിലും എല്ലാതീരുമാനത്തിനും ഇനി ‘പിണറായി ഫാക്ടർ’ പ്രധാനമാണെന്നതാണ് തിരഞ്ഞെടുപ്പ് ഫലം സി.പി.എമ്മിലുണ്ടാക്കുന്ന മാറ്റം. സർക്കാരിനൊപ്പംനിന്ന് പാർട്ടി സംഘടനാസംവിധാനത്തെ ചലിപ്പിച്ചതിന്റെ ക്രെഡിറ്റ് പൂർണമായി കോടിയേരി ബാലകൃഷ്ണനെന്ന പാർട്ടി സെക്രട്ടറിക്കുള്ളതായിരുന്നു. അതിനാൽ, കോടിയേരിയെ പൂർണവിശ്വാസത്തിലെടുത്തുള്ള തീരുമാനം മാത്രമാകും പിണറായി ഇനിയും സ്വീകരിക്കുക. അത് കോടിയേരിയുടെ മടങ്ങിവരവിന് വഴിയൊരുക്കും.

കോടിയേരി-പിണറായി പൊരുത്തമാണ് ഭരണത്തുടർച്ചയ്ക്ക് വരെ കാരണമാകുന്ന പാർട്ടി-മുന്നണി സംവിധാനം ഉണ്ടാക്കിയെടുത്തത്. ആരോഗ്യ കാരണങ്ങളാലാണ് അദ്ദേഹം മാറിയത്. അതിനാൽ, ആരോഗ്യം വീണ്ടെടുത്തുവെങ്കിൽ കോടിയേരി പാർട്ടി സെക്രട്ടറി സ്ഥാനത്തോ മന്ത്രിസഭയിലോ തിരിച്ചെത്തും. പിന്തുണ പിണറായി നൽകുകയും ചെയ്യും.

കോടിയേരി-കാനം-പിണറായി കൂട്ടുകെട്ട് കൂടുതൽ ശക്തമാകുന്നുവെന്നതും ഈ ഫലമുണ്ടാക്കുന്ന മാറ്റമാണ്. കഴിഞ്ഞ സർക്കാരിന്റെ തുടക്കത്തിൽ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പലപ്പോഴും പ്രതിപക്ഷ സ്വരം ഉയർത്തിയിരുന്നു. പിണറായിയുടെ വിമർശകനായിപ്പോലും കാനം വിലയിരുത്തപ്പെട്ടു. ഇത് മാറ്റിയത് കോടിയേരിയുടെ ഇടപെടലാണ്. ഇരുപാർട്ടിയിലെയും സംസ്ഥാന സെക്രട്ടറിമാർ ആഴ്ചയിലൊരിക്കൽ കൂടിക്കാഴ്ച നടത്തുന്ന രീതി കോടിയേരി തുടങ്ങിവെച്ചു.

വിമത ശബ്ദങ്ങളോ വിയോജിപ്പുകളോയില്ലാതെ പാർട്ടിയെയും സർക്കാരിനെയും മുന്നോട്ടുകൊണ്ടുപോകാനായി എന്നതാണ് അഞ്ചുവർഷത്തെ ചരിത്രം. എന്നാൽ പിണറായി വിജയനെ പൂർണമായി അംഗീകരിച്ചുള്ള ഒരു യോജിപ്പായിരുന്നില്ല അത്. അതിനാൽ, ഭരണമാറ്റമല്ലായിരുന്നു കേരളത്തിൽ സംഭവിച്ചിരുന്നതെങ്കിൽ, പാർട്ടിയിൽ വിമർശനങ്ങൾ ഉയരുമായിരുന്നു. അതാണ് ഈ ഫലത്തോടെ ഇല്ലാതായത്.

അഞ്ച് മന്ത്രിമാരടക്കം 33 എം.എൽ.എ.മാരെ മാറ്റിനിർത്തിയാണ് സി.പി.എം. തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആ തീരുമാനത്തിന് പിന്നിൽ പിണറായി എന്ന നേതാവിന്റെ നിലപാട് നിർണായകമായിരുന്നു. ഭരണത്തുടർച്ചയ്ക്കായി മത്സരത്തിനിറങ്ങുമ്പോൾ ഇത്തരമൊരു പരീക്ഷണം അപകടകരമായിപ്പോയെന്ന് പാർട്ടിനേതാക്കൾപോലും രഹസ്യമായി പങ്കുവെച്ചതാണ്. പക്ഷേ, മുഖ്യമന്ത്രിയുടെ ആത്മവിശ്വാസത്തിന് കോട്ടം വന്നില്ല. മത്സരത്തിൽനിന്ന് മാറിനിന്ന മന്ത്രിമാരെയടക്കം പാർട്ടി സ്ഥാനാർഥികൾക്കായി കൈ മെയ് മറന്ന് രംഗത്തിറക്കാനായത്, സി.പി.എമ്മിന്റെ സംഘടനാസംവിധാനത്തിന്റെ കരുത്തും പിണറായി വിജയന്റെ വിജയവുമായിരുന്നു.

ഇനി പാർട്ടിസമ്മേളനങ്ങൾകൂടി വരാനിരിക്കുന്നു. തിരഞ്ഞെടുപ്പ് രംഗത്തുനിന്ന് മാറിനിന്ന ഇ.പി. ജയരാജൻ സംസ്ഥാന സെക്രട്ടറിപദം ആഗ്രഹിക്കുന്നുണ്ട്. അതേസമയം, മുന്നണി കൺവീനറുടെയും പാർട്ടി സെക്രട്ടറിയുടെയും ചുമതല ഒരുമിച്ച് ഏറ്റടെുത്ത് ഈ തിരഞ്ഞെടുപ്പ് നയിച്ചത് എ. വിജയരാഘവനാണ്.

coonent highlights:kodiyeri balakrishnan likely to make comeback