സിനിമയിൽ പലവേഷങ്ങൾ ഗണേഷ്‌ കുമാറിന് ചേരും. എന്നാൽ, പത്തനാപുരത്തെ എം.എൽ.എ. വേഷം അഴിച്ചുവെക്കാൻ സമ്മതിക്കാതെ ജനങ്ങൾ ഇക്കുറിയും അദ്ദേഹത്തെ 18,050 വോട്ടിന്റെ ലീഡിൽ വീണ്ടും നിയമസഭയിലേക്ക് അയക്കുകയാണ്. 2016-ൽ 24562 വോട്ടിന്റെ ലീഡിനായിരുന്നു അദ്ദേഹം പത്തനാപുരത്തുനിന്നും കേരള നിയസഭയിലെത്തിയത് എന്നും ഓർമിപ്പിക്കേണ്ടതുണ്ട്. പിതാവ് ആർ. ബാലകൃഷ്ണപിള്ളയുടെ രാഷ്ട്രീയശിക്ഷണത്തിൽ വളർന്ന കെ.ബി. ഗണേഷ്‌ കുമാർ വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിലും രാഷ്ട്രീയത്തിലും തിളങ്ങിയ അപൂർവ വ്യക്തിത്വങ്ങളിൽ ഒരാളാണ്.

യു.ഡി.എഫ് സ്ഥാനാർഥിയായ ജ്യോതികുമാർ ചാമക്കാലയായിരുന്നു കെ.ബി ഗണേഷ്‌ കുമാറിന്റെ എതിരാളി. കെ.പി.സി.സി. ജനറൽ സെക്രട്ടറിയായ ജ്യോതികുമാർ കേരള യൂണിവേഴ്സിറ്റിയുടെ സിന്റിക്കേറ്റ് അംഗമായിരുന്നു. പൊതുപ്രവർത്തന മേഖലയിൽ ഒട്ടും പിറകിലല്ലെങ്കിലും ഗണേഷ്‌ കുമാർ കൊണ്ടുവന്ന രാഷ്ട്രീയത്തിലെ താരപരിവേഷം ജ്യോതികുമാറിന് കാത്തുസൂക്ഷിക്കാൻ കഴിഞ്ഞിട്ടില്ല. കേരള കോൺഗ്രസ് നേതാവ് ആർ. ബാലകൃഷ്ണപ്പിള്ളയുടെ രാഷ്ട്രീയ പിൻഗാമിയായ ഗണേഷ്‌ കുമാർ വ്യത്യസ്ത കാലഘട്ടങ്ങളിലായി രണ്ട് മുന്നണികളുടെയും ഭാഗമായിട്ടുണ്ട്.

2001-ലാണ് കേരള കോൺഗ്രസ്(ബി)യുടെ ടിക്കറ്റിൽ പത്തനാപുരത്തുനിന്നും കെ.ബി. ഗണേഷ്‌ കുമാർ ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. അന്നത്തെ എതിരാളിയായിരുന്ന കെ. പ്രകാശ്കുമാറിനെ 9,931 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഗണേഷ്കുമാർ നിയമസഭയിലെത്തിയത്. എ.കെ. ആന്റണി മന്ത്രിസഭയിലെ ഗതാഗത മന്ത്രിയായി ചുമതലയേറ്റ അദ്ദേഹം കെ.എസ്.ആർ.ടി.സിയെ ലാഭത്തിൽ കൊണ്ടുവരാനും മികച്ച സേവനം ലഭ്യമാക്കാനും പ്രയത്നിച്ചു. ഉത്തരവാദിത്തബോധവും ദിശാബോധവുമുള്ള ഭരണാധികാരി എന്ന എ.കെ. ആന്റണി വിശേഷിപ്പിച്ച യുവമന്ത്രിയായിരുന്നു ഗണേഷ്‌ കുമാർ.

2006-ൽ വീണ്ടും പത്തനാപുരത്തുനിന്നും അദ്ദേഹം അസംബ്ളിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സി.പി.ഐയുടെ സ്ഥാനാർഥിയായിരുന്ന കെ.ആർ. ചന്ദ്രമോഹനെ 11,814 വോട്ടിന് പരാജയപ്പെടുത്തിയ റെക്കോഡ് നേട്ടത്തോടെയായിരുന്നു നിയമസഭയിലെത്തിയത്. കൊല്ലം ജില്ലയിൽ 12-ൽ പതിനൊന്നും എൽ.ഡി.എഫ്. തൂത്തുവാരിയപ്പോൾ കൊല്ലത്ത് ആകെ നിലനിന്ന ഒരേയൊരു യു.ഡി.എഫ്. എം.എൽ.എ ആയി മാറി അദ്ദേഹം.

2011-ലെ തിരഞ്ഞെടുപ്പിൽ 20,402 വോട്ടിന് തോൽപ്പിച്ചത് സി.പി.എമ്മിലെ കെ. രാജഗോപാലിനെയായിരുന്നു. ഉമ്മൻചാണ്ടി മന്ത്രിസഭയിലെ വനം, കായികം, സിനിമ എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തു. മുൻഭാര്യ യാമിനി തങ്കച്ചി ഗാർഹികപീഡനം ആരോപിച്ച് കേസ് നൽകിയ സാഹചര്യത്തിൽ മന്ത്രിസ്ഥാനം രാജി വെക്കുകയായിരുന്നു. 2016-ൽ അതേ പത്തനാപുരത്ത് എൽ.ഡി.എഫിന്റെ സ്ഥാനാർഥിയായി മത്സരിച്ച ഗണേഷ്‌ കുമാറിനെ എതിരിടാൻ യു.ഡി.എഫ് ഗോദയിലിറക്കിയത് നടൻ ജഗദീഷിനെയായിരുന്നു. അന്ന് 24,562 വോട്ടിന്റെ വൻഭൂരിപക്ഷത്തോടെ ഗണേഷ്‌ കുമാറിനെ വീണ്ടും പത്തനാപുരം നിയമസഭയിലേക്കയച്ചു. അതേ പത്തനാപുരത്ത് ഇത്തവണയും ഭൂരിപക്ഷത്തോടെ തന്നെ അമർന്നിരിക്കുകയാണ് അദ്ദേഹം.

Content Highlights :KeralaElection2021 KB Ganeshkumar wins Pathanapuram