നപ്രിയതാരങ്ങൾ ജനവിധി തേടാനിറങ്ങിയ തിരഞ്ഞെടുപ്പുകൂടിയായിരുന്നു ഇത്തവണത്തെ നിയമസഭാതിരഞ്ഞെടുപ്പ്. പതിറ്റാണ്ടുകളോളം എൽ.ഡി.എഫിന്റെ കോട്ടയായി തുടരുന്ന കോഴിക്കോട് ബാലുശ്ശേരി നിയോജകമണ്ഡലത്തിൽ നടൻ ധർമജൻ ബോൾഗാട്ടിയെ ഇറക്കി തരംഗം സൃഷ്ടിക്കാൻ ശ്രമിച്ച യു.ഡി.എഫിന് കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ടാണ് എൽ.ഡി.എഫിന്റെ സ്ഥാനാർഥി അഡ്വ. സച്ചിൻദേവ് 20223 അധികം വോട്ടുകൾ നേടിയത്. ധർമജൻ തരംഗത്തിൽ ഒന്നാടിയുലഞ്ഞെങ്കിലും തങ്ങളുടെ ചുവപ്പുകോട്ടയെ താരപ്പകിട്ടിൽ വീണുപോകാതെ സംരക്ഷിച്ചതിന്റെ ആഹ്ളാദത്തിലാണ് ബാലുശ്ശേരി മണ്ഡലത്തിലെ എൽ.ഡി.എഫ് പ്രവർത്തകർ.

എസ്.എഫ്.ഐ സംസ്ഥാനസെക്രട്ടറി സച്ചിൻദേവിന്റെയും മുൻ കെ.എസ്.യുക്കാരനായിരുന്ന ധർമജന്റെയും കന്നി അങ്കമായിരുന്നു ബാലുശ്ശേരിയിൽ നടന്നത്. ധർമജനുവേണ്ടി നടൻ രമേഷ് പിഷാരടി അടക്കമുള്ളവർ പ്രചരണത്തിനിറങ്ങിയപ്പോൾ പിണറായി സർക്കാരിന്റെ ഭരണനേട്ടങ്ങളെ അക്കമിട്ടു നിരത്തിയാണ് സച്ചിൻദേവ് വോട്ടുപിടിച്ചത്. എസ്.എഫ്.ഐ പ്രവർത്തകരടക്കമുള്ളവർ സച്ചിൻദേവിനായി വോട്ടുപിടിക്കാനിറങ്ങിയത് തങ്ങളുടെ മാതൃസംഘടനയുടെ പ്രാതിനിധ്യം എന്തുവിലകൊടുത്തും ബാലുശ്ശേരിയിൽ നിലനിർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ആ ലക്ഷ്യം ഫലം കണ്ട ആവേശത്തിലാണ് പാർട്ടിപ്രവർത്തകർ.

വോട്ടെടുപ്പ് ദിനത്തിലും ശേഷവും ബാലുശ്ശേരിയിൽ ഒറ്റപ്പെട്ട സംഘർഷാവസ്ഥകൾ ഉണ്ടാവുകയും തനിക്കുനേരെ വധഭീഷണിയുണ്ട് എന്ന് ധർമജൻ മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. പരാജയഭീതിയിൽ സൃഷ്ടിക്കുന്ന സഹതാപ അഭിനയമാണെന്ന് എൽ.ഡി.എഫും തിരിച്ചടിച്ചു. താരപ്പകിട്ടിൽ വീണടിയുന്നതല്ല തങ്ങളുടെ ആദർശമെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് സംവരണമണ്ഡലമായ ബാലുശ്ശേരി. പുരുഷൻ കടലുണ്ടി 2016-ൽ എൽ.ഡി.എഫിനെ പ്രതിനിധീകരിച്ച ബാലുശ്ശേരി നിയോജക മണ്ഡലം ഇനി ഭരണത്തുടർച്ചയോടൊപ്പം.

Content Highlights : Kerala Election2021 Balussery Adv SatchinDev win over FilmStar Dharmajan Bolgatty