തിരുവനന്തപുരം: ഐക്യകേരളത്തിൽ ആദ്യതിരഞ്ഞെടുപ്പിലെ ആദ്യ വിജയികൾ ആരെന്നറിയുമോ? പട്ടംതാണുപിള്ളയും കുഞ്ഞുകൃഷ്ണൻ നാടാരും. 1957-ൽ പി.എസ്.പിയുടെ പടക്കുതിര പട്ടം താണുപിള്ള ജയിച്ചത് തിരുവനന്തപുരം രണ്ടിൽനിന്ന്. കോൺഗ്രസിന്റെ കുഞ്ഞുകൃഷ്ണൻ നാടാർ പാറശ്ശാലയിൽനിന്ന്. എന്തുകൊണ്ട് ഇവർ ആദ്യവിജയികളായി എന്നന്വേഷിക്കുമ്പോഴാണ് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ കൗതുകങ്ങൾ തെളിയുന്നത്. ദിവസങ്ങളോളം നീണ്ട വോട്ടെടുപ്പ്‌. അതിനിടെ വോട്ടെടുപ്പ് പൂർത്തിയായ മണ്ഡലങ്ങളിലെ ഫലപ്രഖ്യാപനം. ഇന്നത്തെപ്പോലെ ആഴ്ചകളുടെ കാത്തിരിപ്പൊന്നും വേണ്ട വിജയത്തിന്റെ കതിനാവെടി പൊട്ടാനും പരാജയത്തിന്റെ കയ്പുനീർ നുണയാനും. അന്ന് ആദ്യം പ്രഖ്യാപിച്ചത് ഈ മണ്ഡലങ്ങളിലെ ഫലമായിരുന്നു.

ആദ്യമന്ത്രിസഭ മുതൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള 22-ാം മന്ത്രിസഭയുടെ രൂപവത്‌കരണത്തിലേക്ക്‌ നയിച്ചതുവരെയുള്ള തിരഞ്ഞെടുപ്പുകളുടെ ചരിത്രം ഒറ്റ ക്ലിക്കിലുണ്ട്- ഡച്ച് ഇൻ കേരള (www.dutchinkerala.com) എന്ന വെബ്‌സൈറ്റിൽ. ചരിത്രഗവേഷകനും പത്രപ്രവർത്തകനുമായ മലയിൻകീഴ് ഗോപാലകൃഷ്ണനാണ് ഇതിന്റെ അണിയറ ശില്പി. ഈ തിരഞ്ഞെടുപ്പുകാലത്ത് ഒട്ടേറെ രാഷ്ട്രീയ പ്രവർത്തകർക്കും രാഷ്ട്രീയ വിദ്യാർഥികൾക്കും ഈ വിവരസഞ്ചയം തുണയായി.

ചരിത്രംമാത്രമല്ല, ചരിത്രത്തിലേക്ക്‌ മിഴിവോടെ തുറക്കുന്ന അപൂർവ ചിത്രങ്ങളും അന്നത്തെ പത്രവാർത്തകളും ഇതിലുണ്ട്. തിരുവനന്തപുരം ജില്ലയിലെ ഒരു മലയോരപ്രദേശത്ത് മരവുരി ധരിച്ചാണ് ഗിരിവർഗക്കാർ വോട്ടുചെയ്യാൻ എത്തിയതെന്ന് ഒരു റിപ്പോർട്ടിലുണ്ട്.