തൃശൂരിൽ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ മുതൽ രണ്ടേ രണ്ട് പേരുകളേ ടി.വി സ്ക്രീനിൽ മാറിമാറിഞ്ഞിരുന്നുള്ളൂ; പത്മജ വേണുഗോപാലിന്റേതും സുരേഷ്ഗോപിയുടേതും. ആദ്യഘട്ടത്തിൽ പത്മജ മുന്നിട്ടു നിന്നപ്പോൾ തൊട്ടുതൊട്ടില്ല എന്ന മട്ടിൽ സുരേഷ് ഗോപിയുമുണ്ടായിരുന്നു. വോട്ടെണ്ണൽ ഏകദേശം പതിനൊന്നരയോട് അടുത്തപ്പോൾ 2851 വോട്ടിന്റെ ലീഡുമായി സുരേഷ് ഗോപി തൃശൂരിനെ നോക്കി മധുരമായി ചിരിച്ചു.

മുമ്പ് ലോക്സഭാ ഇലക്ഷനിൽ 'തൃശൂർ ഞാനിങ്ങെടുക്കുകയാ' എന്നു പറഞ്ഞ സുരേഷ് ഗോപി നിയമസഭാ ഇലക്ഷനിൽ മത്സരിക്കാൻ കച്ചകെട്ടിയിറങ്ങിയപ്പോൾ 'തൃശൂർ ജനങ്ങൾ ഇങ്ങുതരും' എന്നായിരുന്നു പറഞ്ഞത്. തൃശൂർ ഏതാണ്ട് ജനങ്ങൾ അങ്ങ് കൊടുത്ത അവസ്ഥയിലേക്കെത്തിയ സമയം ഏതാണ്ട് പതിനൊന്നേ മുക്കാൽ ആയപ്പോഴാണ്. 3752 വോട്ടുകളുടെ ലീഡുമായി സുരേഷ് ഗോപി വീണ്ടും നിറഞ്ഞുചിരിച്ചു.

മണി പന്ത്രണ്ട് കഴിഞ്ഞതോടെ സ്ഥിതികൾ മാറി. അതുവരെ ചിത്രത്തിൽ പോലുമില്ലായിരുന്ന ഇടതു സ്ഥാനാർഥി പി. ബാലചന്ദ്രൻ പതുക്കെ തെളിഞ്ഞു തുടങ്ങി. നൂറ്, നൂറ്റിപ്പത്ത്, ഇരുനൂറ്റിമുപ്പത്തിയെട്ട് തുടങ്ങി ചെറിയ സംഖ്യകളുമായി പി. ബാലചന്ദ്രൻ പത്മജയെ രണ്ടാം സ്ഥാനത്തേക്കും സുരേഷ് ഗോപിയെ മൂന്നാം സ്ഥാനത്തേക്കും നീക്കി. മൂന്നാം സ്ഥാനത്തു നിന്നും ഒരിടവേളയെന്നപോലെ രണ്ടാം സ്ഥാനത്തേക്ക് സുരേഷ് ഗോപി പതുക്കെയൊന്നു കയറിപ്പിടിച്ചെങ്കിലും താമര വിരിയാൻ മാത്രം ഊർജപ്രകാശമുണ്ടായില്ല.

സിപിഐയെ പ്രതിനിധീകരിച്ചുകൊണ്ട് വി.എസ്. സുനിൽകുമാർ തന്റെ സർവകഴിവുകളും പ്രയോഗിച്ച മണ്ഡലമാണ് തൃശൂർ. സുരേഷ് ഗോപിയുടെ താരപരിവേഷം നഗരത്തെ അല്പമൊക്കെ സ്വാധീനിച്ചുവെങ്കിലും മനസ്സുമാറാൻ തൃശൂർ തയ്യാറല്ലായിരുന്നു. കെ. കരുണാകരന്റെ മകൾ എന്ന സെന്റിമെന്റസും പത്മജയുടെ കാര്യത്തിൽ വിലപ്പോയതുമില്ല. തൃശൂരിന് സത്യത്തിൽ നല്ല മന: ചാഞ്ചാട്ടമുണ്ടായിരുന്നു. വലത്ത് പത്മജ, ഇടത്ത് പി.ബാചന്ദ്രൻ, നടുവിൽ സുരേഷ് ഗോപി. ആ ചാഞ്ചാട്ടം ഫലപ്രഖ്യാപനം വന്നപ്പോൾ ശരിക്കും കാണാൻ കഴിഞ്ഞു- 1215 വോട്ടുകളുടെ ലീഡുമായി (2016-ൽ 6987 വോട്ടിന്റെ ലീഡ് ഇടതിന് കൊടുത്തു വി.എസ് സുനിൽകുമാർ.) പി.ബാലചന്ദ്രനെ കൈവിടാതെ എന്നാൽ ,സുരേഷ് ഗോപിക്ക് സമാധാനിക്കാവുന്ന തരത്തിൽ തൃശൂർ ചുവന്നു.

തിരഞ്ഞെടുപ്പു പ്രചരണവേളയിൽ തൃശൂരിനെ കളർഫുള്ളാക്കാൻ കഴിഞ്ഞത് സുരേഷ് ഗോപിയ്ക്കായിരുന്നു. ജനസ്വീകാര്യത തന്നെയായിരുന്നു. അദ്ദേഹം പോയ ഇടങ്ങളിലെല്ലാം തന്നെ ജനങ്ങൾ ചുറ്റും വളഞ്ഞു. തൃശൂർ മാർക്കറ്റിൽ പോയി പഴക്കുലയും ചുമലിലേറ്റി നടക്കുന്ന സുരേഷ്ഗോപിയുടെ ചിത്രം മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പ്ത്മജ വേഴ്സസ് സുരേഷ് ഗോപി എന്ന മട്ടിലായിരുന്നു തൃശൂരിലെ തിരഞ്ഞെടുപ്പ് ഫീൽ. എന്നാൽ നെൽക്കതിരിൽ പാലുറക്കുന്നതുപോലെ വളരെ സൗമ്യനായി വിജയവും കൊയ്തുകൊണ്ട് സിപിഐയുടെ അഭിമാനം കാത്തുസൂക്ഷിച്ചിരിക്കുകയാണ് പി. ബാലചന്ദ്രൻ.

Content Highlights : Kerala Election 2021 Thrissur Result Suresh Gopi Padmaja Venugopal P Balachandran