തിരുവനന്തപുരം: സീറ്റ് വിഭജനത്തില്‍ ജോസഫ് വിഭാഗം വിട്ടുവീഴ്ച ചെയ്യണമെന്ന് കോണ്‍ഗ്രസ്. എന്നാല്‍ ഏറ്റുമാനൂര്‍ സീറ്റ് വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് ജോസ്ഫ് വിഭാഗം ഉറച്ച നിലപാട് എടുത്തതോടെ ഉഭയകക്ഷി ചര്‍ച്ച വഴിമുട്ടി. ഏറ്റുമാനൂര്‍ ആവശ്യപ്പെട്ട കോണ്‍ഗ്രസ് മൂവാറ്റുപുഴ വിട്ടുനല്‍കാമെന്ന ഉറപ്പ് നല്‍കാതിരുന്നതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്.

ഇക്കാര്യം പി.ജെ ജോസഫുമായി നേരിട്ട് സംസാരിക്കുന്നതാണ് ഉചിതം എന്നുപറഞ്ഞ് കേരള കോണ്‍ഗ്രസ് നേതാക്കള്‍ യോഗത്തില്‍നിന്ന് ഇറങ്ങി. ചര്‍ച്ച ആശാവഹമായ രീതിയില്‍ മുന്നോട്ടു പോയിട്ടുണ്ടെന്ന് ചര്‍ച്ചയ്ക്കുശേഷം ജോന്‍സ് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി നേതാവ് പി.ജെ ജോസഫും കോണ്‍ഗ്രസ് നേതൃത്വവും സംസാരിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ രണ്ട് ദിവസത്തിനകം സ്ഥാനാര്‍ഥിപ്പട്ടിക പൂര്‍ണമാക്കാന്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി യോഗം തിരുവനന്തപുരത്ത് തുടരുകയാണ്. പട്ടികയുമായി ഞായറാഴ്ച സംഘം ഡല്‍ഹിയിലേക്ക് പോകും. അവിടെ നടക്കുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാവും അന്തിമ തീരുമാനമുണ്ടാവുക.

Content Highlights: Kerala Congress P.J Joseph Ettumanoor Muvattupuzha