കോട്ടയം: ലൗ ജിഹാദ് വിഷയത്തില്‍ പറഞ്ഞത് തിരുത്തി കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ ജോസ് കെ. മാണി. ലൗ ജിഹാദ് സംബന്ധിച്ച് ഇടതുമുന്നണിയുടെ അഭിപ്രായം തന്നെയാണ് കേരള കോണ്‍ഗ്രസിന്റെയും അഭിപ്രായമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

ലൗ ജിഹാദ് തിരഞ്ഞെടുപ്പ് വിഷയമല്ല. ഇടതുസര്‍ക്കാരിന്റെ അഞ്ച് വര്‍ഷ കാലത്തെ വികസനമാണ് തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുന്നത്. ഈ വികസന ചര്‍ച്ചകളില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് ഈ വിവാദങ്ങളിലൂടെ ശ്രമിക്കുന്നതെന്നും ജോസ് കെ.മാണി പറഞ്ഞു. 

ജോസ് കെ.മാണി കഴിഞ്ഞദിവസം നടത്തിയ പ്രതികരണത്തോടെയാണ് ലൗ ജിഹാദ് വിഷയം സംസ്ഥാനത്ത് വീണ്ടും ചര്‍ച്ചയായത്. ലൗജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നും ഇതില്‍ യാഥാര്‍ഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണമെന്നുമായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം. തുടര്‍ന്ന് ജോസ് കെ.മാണിയെ പിന്തുണച്ച് കെ.സി.ബി.സിയും രംഗത്തെത്തി. 

ജോസ് കെ. മാണിയുടെ പ്രതികരണം വിവാദമായതോടെ എല്‍.ഡി.എഫും പ്രതിരോധത്തിലായി. തുടർന്നാണ് പറഞ്ഞത് തിരുത്താൻ ജോസ് കെ മാണി നിർബന്ധിതനായത്.  

ജോസ് കെ.മാണിയുടെ പ്രതികരണത്തെക്കുറിച്ച് തനിക്കറിയില്ലെന്നും അതിനെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. അതേസമയം, ജോസ് കെ.മാണിയുടെ നിലപാടിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തി. മതമൗലികവാദികളുടെ പ്രചാരണമാണ് ലൗ ജിഹാദെന്നും കാ പ്രകടനപത്രികയിലെ കാര്യങ്ങളാണ് ഘടകകക്ഷികള്‍ പ്രചരിപ്പിക്കേണ്ടതെന്നും അല്ലാത്തവ ആ പാര്‍ട്ടിയുടെ മാത്രം അഭിപ്രായമാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. 

Content Highlights: kerala congress leader jose k mani response about his love jihad comment