തിരുവനന്തപുരം: സി.പി.എം. മത്സരിച്ചിരുന്ന പൂഞ്ഞാര്‍, റാന്നി, കുറ്റ്യാടി സീറ്റുകള്‍ കേരള കോണ്‍ഗ്രസ് (എം) ന് വിട്ടുകൊടുക്കും. പരമാവധി പത്തുസീറ്റ് അവര്‍ക്കു നല്‍കാനാണ് സാധ്യത.

പാലാ, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, ഇടുക്കി, തൊടുപുഴ, ഇരിക്കൂര്‍ എന്നീ സീറ്റുകളുടെ കാര്യത്തിലും ധാരണയായി. കോട്ടയത്ത് ചങ്ങനാശ്ശേരി കൂടി കേരള കോണ്‍ഗ്രസ് ചോദിച്ചിട്ടുണ്ട്. എന്നാല്‍ കാഞ്ഞിരപ്പള്ളി വിട്ടുകൊടുത്തതിനാല്‍ ചങ്ങനാശ്ശേരി വേണമെന്നു സി.പി.ഐ. ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ തര്‍ക്കം തീര്‍ന്നിട്ടില്ല.

സിപിഐ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ പകരം ജോസ് പക്ഷത്തിന് പിറവം സീറ്റ് നല്‍കിയേക്കും. അല്ലെങ്കില്‍ ചങ്ങനാശ്ശേരി ജോസ് പക്ഷത്തിന് നല്‍കിയാല്‍ സിപിഐക്ക് പകരം പേരാവൂര്‍ നല്‍കാനും സാധ്യതയുണ്ട്. സീറ്റ് വിഭജനം പൂര്‍ത്തിയാക്കാത്തതിനാലാണ് പേരാവൂര്‍, പിറവം സീറ്റുകളില്‍ സിപിഎം സ്ഥാനാര്‍ഥിയെ നിശ്ചയിക്കാത്തത്.