കൊച്ചി: വോട്ടിങ് ശതമാനമല്ല, വിജയമാണു പ്രധാനമെന്ന് ഓര്‍മപ്പെടുത്തി ദേശീയാധ്യക്ഷന്‍ മടങ്ങിയതോടെ, ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന് ഏറ്റെടുക്കാനുള്ളത് വലിയ വെല്ലുവിളി. 140 മണ്ഡലം ഭാരവാഹികളെയും വിളിച്ചുചേര്‍ത്താണ് ജെ.പി.നഡ്ഡ നയംവ്യക്തമാക്കിയത്. എന്നാല്‍, നിലവിലെ ഒരു സീറ്റ് നിലനിര്‍ത്തലും ഏഴ് എപ്ലസ് മണ്ഡലങ്ങളില്‍ ചിലതെങ്കിലും ജയിക്കലും വലിയ കടമ്പയായിരിക്കും.
ബി.ജെ.പി. നേതൃത്വം നല്‍കുന്ന എന്‍.ഡി.എ. സംവിധാനം അതീവ ദുര്‍ബലമാണ്. കഴിഞ്ഞതവണ 37 സീറ്റുകളാണ് എന്‍.ഡി.എ. സഖ്യകക്ഷികള്‍ക്കായി നല്‍കിയത്. പ്രധാന ഘടകകക്ഷിയായ ബി.ഡി.ജെ.എസില്‍ രണ്ട് പിളര്‍പ്പുണ്ടായി. സുഭാഷ് വാസുവിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം പാര്‍ട്ടി വിട്ടതിനെത്തുടര്‍ന്ന് തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്നംതന്നെ ഉപയോഗിക്കാനായില്ല. ഇപ്പോള്‍ മറ്റൊരു വിഭാഗം ഭാരതീയ ജനസേനയുണ്ടാക്കി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. പി.സി. ജോര്‍ജ്, പി.സി. തോമസ് തുടങ്ങിയ നേതാക്കള്‍ പോയതും ക്ഷീണംചെയ്തു.
സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട് ബി.ജെ.പി. ദേശീയ നേതൃത്വം നടത്തിയ ഇടപെടലുകളാണ് അടുത്തകാലത്ത് കേരളത്തില്‍ ഗുണമുണ്ടാക്കുന്ന തരത്തില്‍ നടത്തിയ മുന്നേറ്റം. ന്യൂനപക്ഷങ്ങളെ അടുപ്പിക്കാന്‍ മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങളും വാര്‍ത്തകളില്‍ ഇടംതേടി.
പ്രമുഖരായ പലരെയും പാര്‍ട്ടിയിലെത്തിക്കാനുള്ള നീക്കവും അത്ര വിജയത്തിലെത്തിയില്ല. പോലീസ് മുന്‍ മേധാവി ജേക്കബ് തോമസ് മാത്രമാണ് അടുത്തിടെ പാര്‍ട്ടിയിലേക്കു വന്ന പ്രമുഖന്‍. ശബരിമല സമരകാലത്തുണ്ടായ മുന്നേറ്റം നിലനിര്‍ത്താന്‍ കഴിയാഞ്ഞതും പ്രതീക്ഷകള്‍ക്കു തിരിച്ചടിയായി.
പുനഃസംഘടനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമുണ്ട്. നഡ്ഡയെത്തിയപ്പോള്‍ ബി.ജെ.പി. വേദിയില്‍ ശോഭാ സുരേന്ദ്രന്‍ എത്തിയെങ്കിലും അവരെ ഉള്‍ക്കൊള്ളാന്‍ സംസ്ഥാന നേതൃത്വം തയ്യാറായിട്ടില്ല.
Content Highlights: Kerala bjp-assembly election-jp nadda