പാലക്കാട്: സ്പീക്കര്‍ സ്ഥാനത്തേക്ക് മുതിര്‍ന്ന സാമാജികരെ പരിഗണിച്ചിരുന്ന രീതിയില്‍നിന്ന് മാറ്റം വന്നത് പി. ശ്രീരാമകൃഷ്ണന്‍ ഒന്നാം പിണറായി സര്‍ക്കാരില്‍ ഈ സ്ഥാനത്തെത്തിയതോടെയാണ്. രണ്ടാം പിണറായി സര്‍ക്കാരിലും ഈ രീതി ആവര്‍ത്തിച്ചു. സിപിഎമ്മിന്റെ യുവ പോരാളി എം.ബി. രാജേഷാണ് പുതിയ നിയമസഭാ സ്പീക്കര്‍.

വി.ടി. ബല്‍റാമില്‍നിന്ന് തൃത്താല മണ്ഡലം പിടിച്ചടക്കിയ രാജേഷ് പാര്‍ലമെന്റേറിയന്‍ എന്ന നിലയിലെ മികച്ച പ്രവര്‍ത്തനവും യുവത്വവുമാണ് ഈ സ്ഥാനത്തേക്ക് തുണയായത്. രണ്ട് തവണ എം.പിയായി പ്രവര്‍ത്തിച്ച രാജേഷിന് നിയമസഭയില്‍ ഇത് പുതിയ തുടക്കമാണ്.

ഷൊര്‍ണൂര്‍ കയിലിയാട് റിട്ട. ഹവീല്‍ദാര്‍ ബാലകൃഷ്ണന്‍ നായരുടെയും കാറല്‍മണ്ണ മംഗലശ്ശേരി രമണിയുടെയും മകനായി 1971 മാര്‍ച്ച് 12-ന് പഞ്ചാബിലെ ജലന്ധറിലാണ് രാജേഷിന്റെ ജനനം. ഒറ്റപ്പാലം എന്‍.എസ്.എസ്. കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം, തിരുവനന്തപുരം ലോ അക്കാദമിയില്‍നിന്ന് നിയമബിരുദവും നേടി.

എസ്.എഫ്.ഐ. പാലക്കാട് ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ ജോയന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പെട്രോളിയം ആന്‍ഡ് നാച്വറല്‍ ഗ്യാസ്, സയന്‍സ് ആന്‍ഡ് ടെക്‌നോളജി, നാഷണല്‍ ഷിപ്പിങ് ബോര്‍ഡ് കമ്മിറ്റി ഓഫ് പെറ്റീഷനിങ്് എന്നീ സമിതികളില്‍ പ്രവര്‍ത്തിച്ചു. സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗമാണ്. 

ഭാര്യ: ആര്‍. നിനിത (കാലടി സംസ്‌കൃത സര്‍വകലാശാല അധ്യാപിക). മക്കള്‍: നിരഞ്ജന, പ്രിയദത്ത. കരിങ്കരപ്പുള്ളി എ.കെ.ജി. നഗര്‍ കോളനിയില്‍ നളിനകാന്തിയിലാണ് ഇപ്പോള്‍ താമസം.