തിരുവനന്തപുരം: 2021 കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ചരിത്രം തിരുത്തിക്കുറിച്ച് തുടര്‍ഭരണം ഉറപ്പിച്ചിരിക്കുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി. ഇടതുപക്ഷത്തിന്റെ മുന്നേറ്റത്തില്‍ വലിയ പരാജയം നേരിട്ടവരില്‍ കെ. മുരളീധരനും അദ്ദേഹത്തിന്റെ സഹോദരി പത്മജ വേണുഗോപാലും ഉള്‍പ്പെടുന്നു.

കടുത്ത മത്സരം പ്രതീക്ഷിച്ച നേമത്ത് ഒരിക്കല്‍ പോലും ലീഡിലേക്കുയരാന്‍ സാധിക്കാതിരുന്ന മുരളീധരന്‍ ബി.ജെ.പി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനും പിന്നില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അവസാന കണക്കുകള്‍ പുറത്തുവരുമ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി. ശിവന്‍കുട്ടി നേമത്ത് വിജയത്തിലേക്ക് നീങ്ങുകയാണ്. 

തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ച മുരളീധരനേറ്റ കടുത്ത തിരിച്ചടി കൂടിയായി മൂന്നാം സ്ഥാനത്തേക്കുള്ള ഈ വീഴ്ച. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ വിജയിച്ച മണ്ഡലം എല്‍.ഡി.എഫ് തിരിച്ചുപിടിച്ചു. നേമത്ത് ഇനി ബി.ജെ.പിയെ വാഴിക്കില്ലെന്ന ഇടതുപക്ഷ നിലപാടിനൊപ്പം നേമത്തെ ജനങ്ങള്‍ നിലയുറപ്പിക്കുന്ന കാഴ്ചയാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്.

കഴിഞ്ഞ തവണ വട്ടിയൂര്‍ക്കാവില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുരളീധരന് കടുത്ത തിരിച്ചടിയാണ് ഈ തോല്‍വി. അതേസമയം മുരളീധരന്റെ സഹോദരിയും തൃശൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ പത്മജ വേണുഗോപാലിനെ കാത്തിരുന്നതും തോല്‍വി തന്നെ. എല്‍.ഡി.എഫിന്റെ പി. ബാലചന്ദ്രനാണ് ഇവിടെ വിജയിച്ചത്. 

ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷ് ഗോപി വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ ഇവിടെ ലീഡ് ചെയ്തിരുന്നുവെങ്കിലും ഒടുവില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പോസ്റ്റല്‍ വോട്ട് എണ്ണുന്ന ഘട്ടത്തില്‍ പത്മജയ്ക്കായിരുന്നു ലീഡ്. എന്നാല്‍ ആദ്യ മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ ലീഡ് നില മാറിമറിഞ്ഞു. എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി ലീഡ് പിടിച്ചു. എന്നാല്‍ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ലീഡ് വീണ്ടും മാറിമറിയുകയായിരുന്നു.

Content Highlights: kerala assembly election result 2021 K. Muraleedharan and Padmaja lost