കോഴിക്കോട്: വലിയ പരാജയം നേരിട്ടതോടെ കോണ്‍ഗ്രസില്‍നിന്നുതന്നെ നേതൃത്വത്തിന് എതിരെ വിമര്‍ശനം തുടങ്ങി. പഠിച്ചശേഷം കാര്യങ്ങള്‍ വിശദീകരിക്കാമെന്ന് പറഞ്ഞ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടുവരെ പരസ്യമായി ചോദ്യം ചെയ്യപ്പെട്ടുതുടങ്ങി. നേതാക്കളില്‍ ചിലര്‍ ഒളിയമ്പുകളാണ് തൊടുക്കുന്നതെങ്കില്‍ സാമൂഹികമാധ്യമങ്ങളില്‍ നേതൃത്വത്തിന്റെ പിടിപ്പുകേടിന് എതിരെയാണ് വിമര്‍ശനങ്ങള്‍. മുല്ലപ്പള്ളിക്കും രമേശ് ചെന്നിത്തലയ്ക്കും കെ.സി. വേണുഗോപാലിനുമെല്ലാം എതിരായി വിമര്‍ശങ്ങള്‍ ഉയരുന്നു.

വിമര്‍ശനവുമായി നേതാക്കള്‍

ആലപ്പുഴയിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡി.സി.സി. പ്രസിഡന്റും അമ്പലപ്പുഴയിലെ സ്ഥാനാര്‍ഥിയുമായ എം. ലിജു രാജിവെച്ചു. അരൂരില്‍ തോറ്റ ഷാനിമോള്‍ ഉസ്മാനും നേതൃത്വത്തിന്റെ ആസൂത്രണമില്ലായ്മയെ ചോദ്യംചെയ്യുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മത്സരിച്ച യു.ഡി.എഫ്. സ്ഥാനാര്‍ഥി സി. രഘുനാഥ്, മുല്ലപ്പള്ളി സ്ഥാനമൊഴിയണമെന്നും അല്ലെങ്കില്‍ ഇറക്കിവിടണമെന്നുമാണ് ആവശ്യപ്പെട്ടത്. കെ. സുധാകരനെ പകരം പ്രസിഡന്റാക്കണമെന്നും രഘുനാഥ് ആവശ്യപ്പെടുന്നു. തിങ്കളാഴ്ച കാലത്തുതന്നെ നേതൃത്വം കുറെക്കൂടി മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കേണ്ടതായിരുന്നുവെന്ന അഭിപ്രായം പി.ടി. തോമസ് പ്രകടിപ്പിച്ചിരുന്നു.

സംഘടനാതിരഞ്ഞെടുപ്പ് വേണം

നിലവിലുള്ള നേതൃത്വം മാറിയും യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കിയും സംഘടനയ്ക്ക് പുതുജീവന്‍ നല്‍കണമെന്ന ആവശ്യങ്ങളുടെ തുടര്‍ച്ചയായാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് ഫലത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിമര്‍ശനങ്ങള്‍. അതേസമയം ദേശീയതലത്തില്‍ ശക്തമായ നേതൃത്വത്തിന്റെ അഭാവവും സംസ്ഥാനത്ത് നിഴലിച്ചെന്ന് ഒരുവിഭാഗം പറയുന്നു. സംഘടനാ തിരഞ്ഞെടുപ്പ് ഇനിയും വൈകിക്കൂടാ എന്ന അഭിപ്രായം പാര്‍ട്ടിയുടെ താഴെത്തട്ടില്‍നിന്നുതന്നെ ഉയര്‍ന്നുതുടങ്ങി.

നേമത്ത് ശക്തനായ സ്ഥാനാര്‍ഥിയെ കൊണ്ടുവരാന്‍ തലപുകച്ച കോണ്‍ഗ്രസ് നേതൃത്വം എന്തുകൊണ്ട് ധര്‍മടത്ത് പിണറായി വിജയനും മട്ടന്നൂരില്‍ കെ.കെ. ശൈലജയ്ക്കും എതിരേ അത്തരത്തിലൊരു ആലോചന നടത്തിയില്ലെന്ന ചോദ്യം ഇപ്പോള്‍ രണ്ടാംനിര നേതാക്കളും ഉന്നയിക്കുന്നുണ്ട്. ലോകസഭാംഗത്വം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വന്ന പി.കെ. കുഞ്ഞാലിക്കുട്ടിക്ക് എതിരേയും മുസ്ലിം ലീഗില്‍നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്.

ലിജു ഡി.സി.സി. അധ്യക്ഷസ്ഥാനം രാജിവെച്ചു

ഹരിപ്പാട്: ആലപ്പുഴ ജില്ലയില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്ത്വം ഏറ്റെടുത്ത് ഡി.സി.സി. അധ്യക്ഷന്‍ എം. ലിജു സ്ഥാനം രാജിവെച്ചു. 'ജില്ലയില്‍ പാര്‍ട്ടിയെ തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യമാണ് ഡി.സി.സി. പ്രസിഡന്റ് എന്ന നിലയില്‍ ഏറ്റെടുത്തത്. അതിന് കഴിയാത്തതിനാല്‍ പ്രസിഡന്റായി തുടരുന്നത് ധാര്‍മികമായി ശരിയല്ല. ഈ സാഹചര്യത്തിലാണ് രാജീവെച്ചത്'-അദ്ദേഹം പറഞ്ഞു.

അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ തോല്‍വിക്ക് പിന്നാലെ തിങ്കളാഴ്ച രാവിലെയാണ് എം. ലിജു രാജിവെച്ചത്. മുതിര്‍ന്ന നേതാവ് വി.എം. സുധീരന്‍ ഉള്‍പ്പെടെയുള്ളവര്‍ ലിജുവുമായി ഫോണില്‍ സംസാരിച്ചു.അമ്പലപ്പുഴയിലെ തോല്‍വി രാഷ്ട്രീയപരമായ പരാജയമല്ലെന്നാണ് ലിജുവിന്റെ വിലയിരുത്തല്‍. അവിടെ കോണ്‍ഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായി പിന്തുണച്ചു. ഒപ്പംനിന്നു. എന്നാല്‍, ചില കോണുകളില്‍ നിന്നും വലിയതോതില്‍ വ്യക്തിഹത്യയ്ക്ക് ശ്രമമുണ്ടായി. -ലിജു പറഞ്ഞു.