കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുണ്ടായിരുന്ന ഒരു സീറ്റും നഷ്ടപ്പെട്ട് തിരിച്ചടി നേരിട്ടിരിക്കുകയാണ് ബി.ജെ.പി. കുറഞ്ഞത് മൂന്നു സീറ്റെങ്കിലും പ്രതീക്ഷിച്ചിരുന്നു ബി.ജെ.പിക്ക് ചെറിയ ആഘാതമല്ല ഉണ്ടാക്കിയിരിക്കുന്നത്. സീറ്റ് കിട്ടിയില്ലെങ്കിലും വോട്ട് വിഹിതമെങ്കിലും ഉയര്‍ത്താനായാല്‍ പറഞ്ഞു നില്‍ക്കാമായിരുന്നു. എന്നാല്‍ ആ പ്രതീക്ഷയും ബി.ജെ.പിക്ക് കൈവിട്ടതായാണ് വോട്ട് ശതമാനം സംബന്ധിച്ച പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നത്.

ബി.ജെ.പി. നേതൃത്വത്തിലുള്ള എന്‍.ഡി.എയ്ക്ക് ഇത്തവണ 12.4 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചതെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന. ബി.ജെ.പി., ബി.ഡി.ജെ.എസ്., എ.ഐ.എ.ഡി.എം.കെ. എന്നിവയടക്കമുള്ള മുന്നണിക്ക് കിട്ടിയ വോട്ടിന്റെ ഏകദേശ കണക്കാണിത്. നേരിയ വ്യത്യാസം ഈ കണക്കില്‍ ഉണ്ടായാലും ഇത്തവണ ബി.ജെ.പിക്ക് വന്‍തോതിലുള്ള വോട്ട് ചോര്‍ച്ച ഉണ്ടായതായി വേണം മനസ്സിലാക്കാന്‍.

2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 15 ശതമാനമായിരുന്നു എന്‍.ഡി.എക്ക് ലഭിച്ച വോട്ട് വിഹിതം. ഇത്തവണ 12.4 ശതമാനം മാത്രമാണ് ലഭിച്ചത് എന്നത് പാര്‍ട്ടിയുടെ വോട്ടില്‍ വന്‍ ചോര്‍ച്ചയുണ്ടാക്കിയെന്ന് വ്യക്തമാക്കുന്നു. 2016-ല്‍ ലഭിച്ച വോട്ടില്‍നിന്ന് ഏകദേശം 2.6 ശതമാനത്തിന്റെ ചോർച്ചയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. 

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 15.64 ശതമാനമായി എന്‍.ഡി.എയ്ക്ക് ലഭിച്ച വോട്ട്. 2020-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രന്‍മാരുടേത് അടക്കം വോട്ട് ശതമാനം 16.5-ന് മുകളിലെത്തി. ഈ നിലയില്‍നിന്നാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 12.4 ശതമാനത്തിലേക്ക് എന്‍.ഡി.എ. കൂപ്പുകുത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. അതായത്, തൊട്ടു മുന്‍പത്തെ തിരഞ്ഞെടുപ്പില്‍ നേടിയതില്‍നിന്ന് നാല് ശതമാനത്തിന്റെ കുറവ്.

അതേസമയം നേമം, പാലക്കാട്, മഞ്ചേശ്വരം, ആറ്റിങ്ങല്‍, ചാത്തന്നൂര്‍, മലമ്പുഴ, കാസര്‍ക്കോട്, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് എന്നീ ഒമ്പത് മണ്ഡലങ്ങളില്‍ ബിജെപിക്ക് രണ്ടാം സ്ഥാനത്ത് വരാനായി. എന്നാല്‍ വിജയം പ്രതീക്ഷിച്ചിരുന്ന തൃശ്ശൂര്‍, കോന്നി എന്നിവിടങ്ങളില്‍ മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

കേന്ദ്രത്തില്‍ അധികാരമുണ്ടായിട്ടും ദേശീയനേതൃത്വം കാടിളക്കി പ്രചാരണം നടത്തിയിട്ടും കേരളത്തില്‍ വോട്ട് വിഹിതം ഉയര്‍ത്താനായില്ലെന്നു മാത്രമല്ല, നാല് ശതമാനത്തോളം കുറയുകയും ചെയ്തു എന്നത് ബി.ജെ.പി. നേതൃത്വത്തെ സംബന്ധിച്ചിടത്തോളം ഗൗരവമേറിയ കാര്യമാണ്. നിലവില്‍ ലഭിച്ച വോട്ടുകള്‍ത്തന്നെ ഇ. ശ്രീധരനും സുരേഷ് ഗോപിയും അവരുടെ പൊതുസമ്മതിയില്‍ നേടിയതാണെന്ന വസ്തുത കൂടി പരിഗണിക്കുമ്പോള്‍ ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന് വരുംദിവസങ്ങളില്‍ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടിവരും.

Content Highlights: Kerala Assembly Election Result 2021, BJP