ന്യൂഡല്‍ഹി: കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം 4.30ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാധ്യമങ്ങളെ കാണുന്നുണ്ട്. കമ്മീഷന്റെ സമ്പൂര്‍ണ യോഗം ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് ചേരുന്നുണ്ട്. ഇതിനു പിന്നാലെയാണ് വൈകുന്നേരം വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കുന്നത്‌.

കേരളം, പശ്ചിമബംഗാള്‍, തമിഴ്‌നാട്, ആസ്സാം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. ഈ സംസ്ഥാനങ്ങളിലെത്തി കമ്മീഷന്‍ പ്രതിനിധികള്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂര്‍ണ യോഗം ചര്‍ച്ച ചെയ്തിരുന്നു.

വിഷു, ഈസ്റ്റര്‍ തുടങ്ങിയ ആഘോഷാവസരങ്ങള്‍ കണക്കിലെടുത്ത് ഏപ്രില്‍ 15ന് മുന്‍പ് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കേരളത്തിലെ പ്രമുഖ കക്ഷികളൊക്കെ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്. ഇതുകൂടി പരിഗണിച്ചുകൊണ്ട് ഏപ്രില്‍ 30-നകം തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് കമ്മീഷന്‍ ഉദ്ദേശിക്കുന്നതെന്നാണ് വിവരം.

Content Highlights: Kerala Assembly Election 2021