ന്യൂഡല്‍ഹി: പാലായില്‍ തന്നെ മത്സരിക്കുമെന്ന് മാണി സി. കാപ്പന്‍. മുന്നണിമാറ്റത്തെ കുറിച്ച് ശരദ് പവാറും പ്രഫുല്‍ പട്ടേലുമായി ചര്‍ച്ച നടത്തിയ ശേഷം തീരുമാനിക്കും. ശരദ് പവാറുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലായില്‍ തന്നെ മത്സരിക്കുമെന്ന് മാണി സി.കാപ്പന്‍ ആവര്‍ത്തിച്ചതോടെ എല്‍ഡിഎഫ് സീറ്റ് നല്‍കിയില്ലെങ്കില്‍ എന്തുചെയ്യുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞു. അത് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുളളൂവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചാണ് ശരദ് പവാറുമായുളള കൂടിക്കാഴ്ചയില്‍ എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍ അറിയിച്ചത്. മുന്നണി മാറ്റം അടക്കമുളള വിഷയങ്ങള്‍ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ദേശീയ നേതൃത്വത്തില്‍ സംശയമുണ്ടെന്നാണ് സൂചനകള്‍.
പാലാ സീറ്റ് സിപിഎം പിടിച്ചെടുക്കുമ്പോഴും അപമാനിക്കപ്പെട്ടുവെന്ന് കരുതുമ്പോഴും മുന്നണി വിടേണ്ടതുണ്ടോ എന്നാണ് ഇപ്പോഴും നിലനില്‍ക്കുന്ന സംശയം. ദോഹയില്‍ നിന്ന് പ്രഫുല്‍ പട്ടേല്‍ തിരിച്ചെത്തുന്നതോടെ വിഷയത്തില്‍ വിശദമായ ചര്‍ച്ച നടത്തി തീരുമാനമെടുക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. അതുവരെ ഡല്‍ഹിയില്‍ തുടരാന്‍ പീതാംബരന്‍ മാസ്റ്ററോടും മാണി സി.കാപ്പനോടും ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇടതുമുന്നണിക്ക് വിജയ തുടര്‍ച്ചയുണ്ടെന്ന വിലയിരുത്തലുകളാണ് എന്‍സിപിയിലെ ആശയക്കുഴപ്പത്തിന് കാരണം. ആ ഘട്ടത്തില്‍ മുന്നണി മാറുന്നത് ദോഷം ചെയ്യും എന്നും ദേശീയ നേതൃത്വം കരുതുന്നു.
അതേസമയം മുന്നണിമാറ്റം വേണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് എ.കെ.ശശീന്ദ്രന്‍ വിഭാഗം.
Content Highlights: Kerala Assembly Election 2021: Will contest from Pala - Mani C Kappan