രിത്രഗതി നിര്‍ണയിക്കുന്ന ഒരു തിരഞ്ഞെടുപ്പിനാണ് വരുന്ന ആറാം തീയതി കേരളം സാക്ഷ്യംവഹിക്കാന്‍ പോകുന്നത്. അഞ്ചുവര്‍ഷം കേരളം ഭരിച്ച പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ സമസ്തമേഖലകളെയും തകര്‍ത്തു തരിപ്പണമാക്കി.

കോടികള്‍ മുടക്കി പരസ്യങ്ങള്‍ വഴിയും അന്താരാഷ്ട്ര പി.ആര്‍. ഏജന്‍സികള്‍ വഴിയും മിഥ്യാപ്രതിച്ഛായ ഊതിപ്പെരുപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് ഒടുവില്‍ കാണുന്നത്. ജനങ്ങള്‍ക്ക് ദുരിതങ്ങള്‍മാത്രം സമ്മാനിച്ച ഈ സര്‍ക്കാരിനെ അധികാരത്തില്‍നിന്ന് പുറന്തള്ളി ഐശ്വര്യ സമ്പൂര്‍ണമായ കേരളം കെട്ടിപ്പടുക്കാന്‍ യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള ഒരു സര്‍ക്കാര്‍ കേരളത്തിലുണ്ടായേ തീരൂ.

അവസാനമില്ലാത്ത, അഴിമതികള്‍, തട്ടിപ്പുകള്‍

കോവിഡ് കാലത്തെ സ്പ്രിംക്‌ളര്‍മുതല്‍ അവസാനം വോട്ടേഴ്സ് ലിസ്റ്റിലെ വോട്ടിരട്ടിപ്പും അദാനിയുമായുള്ള വൈദ്യുതി ഇടപാടുംവരെ എണ്ണിയാലൊടുങ്ങാത്ത അഴിമതികളും തട്ടിപ്പുകളുമാണ് കഴിഞ്ഞ അഞ്ചുവര്‍ഷവും അരങ്ങേറിയത്.

കേരളത്തിലെ സാധാരണക്കാരായ വൈദ്യുതി ഉപഭോക്താക്കളെ കൊള്ളയടിച്ച് അദാനിക്ക് 1000 കോടി രൂപ ലാഭമുണ്ടാക്കിക്കൊടുക്കുന്ന വന്‍ അഴിമതിയുടെ വിവരങ്ങളാണ് പ്രതിപക്ഷം കഴിഞ്ഞദിവസം പുറത്തുവിട്ടത്. നമ്മുടെ അമൂല്യമായ മത്സ്യസമ്പത്ത് 5000 കോടി രൂപയ്ക്ക് ഒരു അമേരിക്കന്‍ കമ്പനിക്ക് തീറെഴുതി നല്‍കാന്‍ ഈ സര്‍ക്കാര്‍ നടത്തിയ നെറികെട്ട നീക്കമാണ് മറ്റൊന്ന്. അതിനായി അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സി.യുമായി ധാരണാപത്രങ്ങള്‍ ഒപ്പിടുക മാത്രമല്ല പള്ളിപ്പുറത്ത് നാലേക്കര്‍ ഭൂമിവരെ അനുവദിക്കുകയും ചെയ്തു.

കോവിഡ് പടര്‍ന്നുതുടങ്ങിയ കാലത്ത് സംസ്ഥാനത്തെ ജനങ്ങള്‍ പേടിച്ചു വിറങ്ങലിച്ച് നില്‍ക്കേ, സംസ്ഥാന ജനങ്ങളുടെ ആരോഗ്യ വിവരം അമേരിക്കന്‍ കമ്പനിയായ സ്പ്രിംക്‌ളറിന് മറിച്ചുകൊടുക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാരുടെ താവളമായി മാറി. പാവങ്ങള്‍ക്ക് വീടുവെച്ചു കൊടുക്കാനെന്ന പേരില്‍ കൊണ്ടുവന്ന ലൈഫ് പദ്ധതിയുടെ മറവിലും നടന്നത് കൈക്കൂലിയും കൊള്ളയുമാണ്. പ്രളയ സഹായത്തിന് വിദേശത്തുനിന്ന് ഒരു സന്നദ്ധസംഘടന നല്‍കിയ പണം വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് നിര്‍മാണത്തിന്റെ മറവില്‍ സ്വര്‍ണക്കടത്തുകാരും ഉന്നതന്മാരും വീതിച്ചെടുക്കുകയായിരുന്നു.

കേരളത്തിന്റെ ചിരകാല സ്വപ്നമായ വിഴിഞ്ഞം തുറമുഖമുള്‍പ്പെടെ കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ കൊണ്ടുവന്ന വികസനപദ്ധതികളെയെല്ലാം തകിടംമറിച്ചു. കിഫ്ബിയാണ് വികസനത്തിന്റെ വലിയ നേട്ടമായി ഇടതുസര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത്. 60,000-ത്തിലേറെ കോടിയുടെ വികസന പദ്ധതികള്‍ കിഫ്ബി വഴി നടപ്പാക്കുന്നു എന്ന് സര്‍ക്കാര്‍ പ്രചരിപ്പിക്കുമ്പോള്‍ യഥാര്‍ഥത്തില്‍ ഇതുവരെ പൂര്‍ത്തിയാക്കിയത് 7274 കോടിയുടെ പദ്ധതികള്‍ മാത്രമാണ്.

കോവിഡ് നിയന്ത്രണം പൊങ്ങച്ചം മാത്രം

കോവിഡ് വ്യാപനം ചെറുക്കുന്നതില്‍ ദയനീയമായിട്ടാണ് സര്‍ക്കാര്‍ പരാജയപ്പെട്ടത്. വൈകുന്നേരങ്ങളില്‍ ടി.വി. ചാനലുകളില്‍ മുഖ്യമന്ത്രി നടത്തുന്ന വീമ്പുപറച്ചില്‍ മാത്രമാണ് ആകെ നടന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധ ഉണ്ടാകുന്ന സംസ്ഥാനമായി കേരളം മാറുകയുണ്ടായി. ആശുപത്രികളില്‍ കോവിഡ് രോഗികള്‍ പുഴുവരിക്കുകയും മരിക്കുകയും ചെയ്തു.

പി.എസ്.സി.യെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനം മേളയാക്കി നടത്തിയ സര്‍ക്കാരാണിത്. സി.പി.എം. നേതാക്കളുടെ ഭാര്യമാര്‍ക്കെല്ലാം സര്‍വകലാശാലകളില്‍ ജോലിനല്‍കി. ഭരണക്കാരുടെ മക്കളും ബന്ധുക്കളും പിന്‍വാതില്‍ വഴി സര്‍ക്കാരിന്റെ വിവിധ തസ്തികകളില്‍ കയറിപ്പറ്റി. അതേസമയം, പി.എസ്.സി. റാങ്ക് ലിസ്റ്റുകളില്‍ ഇടംപിടിച്ച മിടുക്കന്മാര്‍ക്ക് നിയമനത്തിനായി സെക്രട്ടേറിയറ്റിനു മുന്നില്‍ മുട്ടുകാലില്‍ ഇഴയുകയും ചുട്ടുപൊള്ളുന്ന ടാറില്‍ ശയനപ്രദക്ഷിണം നടത്തുകയും ചെയ്യേണ്ടിവന്നു. സംസ്ഥാനം നേരിട്ട ഭീമമായ പ്രകൃതിദുരന്തങ്ങളില്‍ ജനങ്ങള്‍ക്ക് കൈത്താങ്ങാകേണ്ട സര്‍ക്കാര്‍ അതിലും പരാജയപ്പെട്ടു. ദുരിതാശ്വാസത്തിനായി നാട്ടുകാര്‍ നല്‍കിയ കോടിക്കണക്കിന് രൂപ തട്ടിച്ചത് സി.പി.എമ്മുകാരാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക നില ഇത്രത്തോളം തകര്‍ന്നടിഞ്ഞ മറ്റൊരു കാലഘട്ടമുണ്ടായിട്ടില്ല. ഒന്നരലക്ഷത്തിലേറെ കോടി രൂപയാണ് ഈ സര്‍ക്കാര്‍ വരുത്തിവെച്ച കടം. കേരളം രൂപംകൊണ്ടശേഷം മാറിമാറി വന്ന സര്‍ക്കാരുകളെല്ലാംകൂടി ഉണ്ടാക്കിയ കടത്തെക്കാള്‍ കൂടുതല്‍ കടം കഴിഞ്ഞ നാലരവര്‍ഷംകൊണ്ടു മാത്രം ഉണ്ടാക്കാന്‍ കഴിഞ്ഞു എന്നതാണ് പിണറായി സര്‍ക്കാരിന്റെ നേട്ടം.

ആചാരങ്ങളെ ചവിട്ടിമെതിച്ചു

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി.യാകട്ടെ സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനാണ് ശ്രമിച്ചത്. യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്തുന്നതിന് ബി.ജെ.പി.യെ ശക്തിപ്പെടുത്തുക എന്ന കുടിലതന്ത്രമാണ് സി.പി.എമ്മും ഇടതുമുന്നണിയും സ്വീകരിച്ചത്. ശബരിമലയിലെ സ്ത്രീപ്രവേശ വിഷയത്തില്‍ ഇത് വളരെ വ്യക്തമായി തെളിഞ്ഞുകാണുകയും ചെയ്തു. പോലീസ് കാവലില്‍ ശബരിമലയില്‍ യുവതികളായ ആക്ടിവിസ്റ്റുകളെ പ്രവേശിപ്പിച്ച് ആചാരം ചവിട്ടിമെതിച്ച സര്‍ക്കാര്‍ ഇതുവരെ തെറ്റു സമ്മതിച്ച് മാപ്പു പറഞ്ഞിട്ടില്ല.

പെട്രോളിലെ കൊള്ള, പൗരത്വനിയമ ഭേദഗതി

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും വില കുത്തനെ ഉയര്‍ത്തി ജനത്തെ പിഴിയുമ്പോള്‍ അതിന്റെ പങ്കുപറ്റി ജനത്തെ കബളിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ പെട്രോളിയം വിലവര്‍ധനയിലൂടെ അധികവരുമാനമായി ലഭിച്ച 619.17 കോടി രൂപ വേണ്ടെന്നുവെച്ചപ്പോള്‍ ഈ സര്‍ക്കാര്‍ ഒരു പൈസയുടെ ഇളവു വരുത്തിയില്ല. രാജ്യത്തിന്റെ കാര്‍ഷികമേഖലയെ തകര്‍ക്കുന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന ഐതിഹാസിക സമരം ഒത്തുതീര്‍പ്പാക്കുന്നതിനു പകരം വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചിരിക്കുന്ന കേന്ദ്രത്തിലെ ബി.ജെ.പി. സര്‍ക്കാരിന് താക്കീത് നല്‍കേണ്ട അവസരമാണിത്.