'ചരിത്രം വഴി മാറും, ചിലര്‍ വരുമ്പോള്‍...'- ഇതിനി ഒരു പരസ്യവാചകമല്ല, കേരളത്തിന്റെ ചരിത്രപുസ്തകത്തിലെ മായ്ക്കാനാവാത്ത ചുവപ്പന്‍വരികളാണ്. ഒരു മുന്നണിക്ക് ഒരിക്കലും തുടര്‍ഭരണം നല്‍കാത്ത ഭൂവിഭാഗമെന്ന കേരളത്തിന്റെ സവിശേഷതയെ ആധുനിക കേരളത്തിന്റെ ചരിത്രത്തില്‍നിന്ന് എടുത്തുമാറ്റിയിരിക്കുന്നു, ഈ തിരഞ്ഞെടുപ്പ്. പിണറായി വിജയന്‍ ചരിത്രത്തിലെ ഒരു അപൂര്‍വതയാകുന്നത് അങ്ങനെയാണ്. ആ നേതാവിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെടുകയാണ് ഇടതുപക്ഷത്തിന്റെ വിജയം.

ഭരണവിരുദ്ധ വികാരം എന്നതു പോയിട്ട്, കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ നേരിടേണ്ടിവന്ന ആരോപണങ്ങളുടെയോ മറികടക്കേണ്ടിവന്ന പ്രതിസന്ധികളുടെയോ ലാഞ്ജന പോലും പ്രകടമല്ലാത്ത, രക്തച്ചുവപ്പുള്ള വിജയം. എന്താണ് പിണറായി വിജയന്‍ എന്ന നേതാവിനെ ഈ അപൂര്‍വനേട്ടത്തിന് ഉടമയാക്കിയത്? എന്തൊക്കെ പ്രതിസന്ധികളെ നേരിട്ടാണ് പിണറായി കരുത്തുറ്റ, കരുതലുള്ള നേതാവായി കേരളീയര്‍ക്കുമുന്നില്‍ ഉയര്‍ന്നുനിന്നത്..?

ഒരുപക്ഷേ, കേരള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അപ്രതീക്ഷിത പ്രതിസന്ധികളെ അഭിമുഖീകരിച്ച സര്‍ക്കാരായിരിക്കും ഇക്കഴിഞ്ഞ സര്‍ക്കാര്‍. ഓഖി മുതല്‍ രണ്ട് നിപ കാലങ്ങള്‍, രണ്ട് പ്രളയകാലങ്ങള്‍, ഏറ്റവും ഒടുവില്‍ കോവിഡിന്റെ രണ്ട് തീവ്രതരംഗങ്ങള്‍. ഇവ കൂടാതെ പി.എസ്.സിയും ബന്ധുനിയമനവും അടക്കമുള്ള നിരവധി നിയമന വിവാദങ്ങള്‍, സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍, ആഴക്കടല്‍ മത്സ്യബന്ധനം എന്നിങ്ങനെ സര്‍ക്കാരിനെ രാഷ്ട്രീയമായി പിടിച്ചുലച്ച വിവാദങ്ങള്‍ വേറെയും. ഇതിനെല്ലാം പുറമേ രാഷ്ട്രീയമായി ഏറെ ദുരുപയോഗം ചെയ്യപ്പെട്ട ശബരിമല സ്ത്രീപ്രവേശനം എന്ന അതിവൈകാരിക വിവാദവിഷയവും.

ഒരുപക്ഷേ, ഒരു മുഖ്യമന്ത്രി ഒരേ സമയം ഏറ്റവും കൂടുതല്‍ ശ്ലാഘിക്കപ്പെടുകയും പഴിക്കപ്പെടുകയും ചെയ്ത രാഷ്ട്രീയകാലം കൂടിയാണ് കഴിഞ്ഞുപോയ അഞ്ചു വര്‍ഷം. എന്നാല്‍ ഒരുകാര്യം ഉറപ്പാണ്, ഈ അഞ്ചു വര്‍ഷം ആദ്യാവസാനം സംഭവിച്ചത് പിണറായി ഷോ തന്നെയായിരുന്നു. സി.പി.എമ്മും സര്‍ക്കാരും പിണറായി എന്ന വ്യക്തിയിലേയ്ക്ക് ചുരുങ്ങിയെന്ന ആരോപണം ശക്തമാവുകയും ശക്തമായി തുടരുകയും ചെയ്യുന്നതുകൊണ്ടുകൂടിയാണ് ഈ വിജയവും പിണറായിയുടേതാകുന്നത്.

പ്രളയവും വൈറസുകളും അടക്കമുള്ള പ്രതിസന്ധിഘട്ടങ്ങളെ ഒരു ഭരണകര്‍ത്താവ് എന്ന നിലയില്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ പിണറായിക്ക് കഴിഞ്ഞു എന്നതാണ് വസ്തുത. പ്രളയകാലത്ത് മനുഷ്യര്‍ പതറിയപ്പോള്‍ കരുത്തായി നില്‍ക്കാന്‍, പ്രതീക്ഷ പകരാന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായിക്ക് കഴിഞ്ഞു. ശക്തമായ തീരുമാനങ്ങളെടുക്കാനും പ്രതിപക്ഷത്തെയടക്കം ഒരുമിച്ച് നിര്‍ത്താനും സാധിച്ചു. സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടായിട്ടും ഭയപ്പെട്ട പതനങ്ങളുണ്ടാകാതെ കേരളത്തെ പിടിച്ചുനിര്‍ത്താന്‍ സംസ്ഥാനത്തെ സഹായിച്ചത് പിണറായിയുടെ നേതൃത്വംതന്നെയായിരുന്നു.

ആദ്യം നിപ വൈറസും പിന്നീട് കൊറോണ വൈറസും സംസ്ഥാനത്തെ പിടിച്ചുലച്ചപ്പോഴും പിണറായിയുടെ ശക്തമായ നേതൃത്വവും കരുതലും ആശ്വാസമായി. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ ലോകംതന്നെ ശ്ലാഘിച്ച മികച്ച പ്രവര്‍ത്തനത്തിന് ശക്തിയും പിന്തുണയുമായി അദ്ദേഹം. കോവിഡിന്റെ ഭീതിയില്‍ വീടുകളില്‍ പതുങ്ങേണ്ടി വന്നപ്പോഴും ജനങ്ങള്‍ മുഖ്യമന്ത്രിയുടെ വൈകുന്നേരങ്ങളിലെ പത്രസമ്മേളനങ്ങള്‍ക്ക് ആകാംഷയോടെ കാത്തിരുന്നു. അതില്‍ പ്രതീക്ഷ പുലര്‍ത്തി. 

ഇക്കാലങ്ങളിലൊക്കെ ജനങ്ങളെക്കുറിച്ച് കരുതലും അവരുടെ ആശങ്കകളില്‍ ആത്മവിശ്വാസം നിറയ്ക്കുന്ന മികച്ച നേതാവിനെയാണ് പിണറായിയില്‍ കണ്ടത്. കേരളം കടന്നുപോകുന്ന കോവിഡ് മഹാമാരിയുടെ കാലത്ത് ഒരോ ചുവടുവെപ്പിലും താനൊപ്പമുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചു. ഭക്ഷണമായി, പെന്‍ഷനായി, ആത്മധൈര്യമായി മുഖ്യമന്ത്രി പ്രതിസന്ധികളില്‍ സജീവസാന്നിധ്യമായി.

ഒരു വശത്ത് വാഴ്ത്തപ്പെടുമ്പോഴും മറുവശത്ത് തീക്ഷ്ണമായ ആരോപണശരങ്ങള്‍ പിണറായിയെ ഈ അഞ്ചു വര്‍ഷവും വേട്ടയാടി. മികച്ച ഭരണം കാഴ്ചവെച്ചപ്പോഴും ഭരണസംവിധാനത്തിന്റെ പ്രാന്തങ്ങളില്‍ തഴച്ചുവളര്‍ന്ന ദുരധികാര പ്രവണതകളെ നിയന്ത്രിക്കാനാവാത്ത നേതാവെന്ന പഴി പിണറായി നിരന്തരം കേട്ടു. പലപ്പോഴും മന്ത്രിസഭയ്‌ക്കോ പാര്‍ട്ടിക്കുതന്നെയുമോ നിയന്ത്രിക്കാനാകാതെ വിവാദങ്ങളുടെ ആഴക്കയങ്ങളിലേയ്ക്ക് അത് സര്‍ക്കാരിനെ വലിച്ചുതാഴ്ത്തി. ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മന്ത്രി എന്ന നിലയില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളുടെ കരിനിഴല്‍ എല്ലായ്‌പോഴും പിണറായിയില്‍ വീണുകിടന്നു.

കസ്റ്റഡി കൊലപാതകങ്ങളും വ്യാജ ഏറ്റുമുട്ടലുകളും അന്വേഷണ വീഴ്ചകളും അടക്കം പോലീസിന് ലഭിച്ച അമിതാധികാരത്തിന്റെ തിക്തഫലങ്ങള്‍ പിണറായി സര്‍ക്കാരിനെ പലപ്പോഴും പ്രതിസന്ധിയിലാക്കി. നിലമ്പൂരില്‍ മാവോവാദികളായ കുപ്പു ദേവരാജും അജിതയും പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടതടക്കം വ്യാജ ഏറ്റമുട്ടലുകളും വാരാപ്പുഴ, കുണ്ടറ, വണ്ടൂര്‍ എന്നിങ്ങനെ നീളുന്ന കസ്റ്റഡി മരണങ്ങളും കെവിന്‍ കേസ്, വിനായകന്‍ തുടങ്ങിയവരുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളും അഴിച്ചുവിടപ്പെട്ട പിണറായി പോലീസിന്റെ തേര്‍വാഴ്ചകളായി പഴിക്കപ്പെട്ടു.

വാളയാറില്‍ രണ്ടു പിഞ്ചു കുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെട്ട് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവം പിണറായി സര്‍ക്കാരിനുമേല്‍ പതിപ്പിച്ച കരിനിഴല്‍ മായാതെ കിടന്നു. ഏറ്റവും ഒടുവില്‍ ധര്‍മടത്ത് മുണ്ഡിതശിരസ്സുമായി വാളയാര്‍ കുഞ്ഞുങ്ങളുടെ അമ്മ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുമ്പോഴും അത് പിണറായിയെ പിന്തുടര്‍ന്നു. എന്നാല്‍ ഇതൊന്നുമായിരുന്നില്ല പിണറായി മന്ത്രിസഭയെ അടിമുടി ഉലയ്ക്കുകയും നിസ്സഹായമാക്കുകയും ചെയ്ത സംഗതി. അത് സ്വന്തം ഓഫീസുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതി ആരോപണങ്ങളായിരുന്നു.

സ്വര്‍ണക്കടത്ത് പിണറായി സര്‍ക്കാരിനെ ഉലച്ചത് ചില്ലറയൊന്നുമല്ല. ആരോപണം എന്നതിനപ്പുറം രാഷ്ട്രീയ- ഉദ്യോഗസ്ഥലോകത്തെ ഗ്രസിച്ച ജീര്‍ണതയുടെ അടരുകളിലേയ്ക്ക് ആഴത്തില്‍ വേരോടിയ ഒരു സമാന്തര സംവിധാനത്തെയാണ് അത് വെളിവാക്കിയത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ പുറത്താക്കുകയും അന്വേഷണത്തിന് കേന്ദ്ര ഏജന്‍സിയെത്തന്നെ വിളിക്കുകയും ചെയ്തുകൊണ്ട് പ്രതിപക്ഷ ആരോപണങ്ങളെ അതേ ഭാഷയിലാണ് പിണറായി നേരിട്ടത്. നയതന്ത്ര ബാഗേജ്, ലൈഫ് മിഷന്‍ ഇടപാടുകള്‍ എന്നിങ്ങനെ മറ്റുചില മന്ത്രിമാരെയും സ്പീക്കറെയും വരെ പ്രതിക്കൂട്ടിലേയ്ക്ക് നയിക്കുന്ന വിധത്തില്‍ അതിന്റെ വ്യാപ്തി വര്‍ധിച്ചപ്പോഴും അചഞ്ചലനായി പിണറായി തുടര്‍ന്നു.

എന്നാല്‍, പ്രതിപക്ഷവും ബി.ജെ.പിയും പിണറായി സര്‍ക്കാരിനെ വെറുതെവിട്ടില്ല. മന്ത്രിസഭയെയും മുഖ്യമന്ത്രിയെയും പൂട്ടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കിട്ടിയ താഴും താക്കോലുമായി സ്വര്‍ണക്കള്ളക്കടത്ത് മാറി. കസ്റ്റംസ്, എന്‍.ഐ.എ., എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നീ അന്വേഷണ ഏജന്‍സികളുടെ തേരോട്ടമായിരുന്നു പിന്നീട് കേരളം കണ്ടത്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെതിരായ കേന്ദ്രത്തിന്റെ നീക്കമെന്ന നിലയില്‍ ഇവയെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിയും ഇടതുപക്ഷവും ശ്രമിച്ചു. 

ആരോപണ പ്രത്യാരോപണങ്ങള്‍ക്കൊണ്ട് മുഖരിതമായി കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷം. ഒരുവേള, മുഖ്യമന്ത്രിയും അന്വേഷണ ഏജന്‍സികളാല്‍ ചോദ്യംചെയ്യപ്പെട്ടേക്കുമെന്നുവരെ പ്രചാരണങ്ങളുണ്ടായി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉയര്‍ത്തിക്കൊണ്ടുവന്ന ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട ആരോപണങ്ങളും തിരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ടാണെന്ന് ചൂണ്ടിക്കാട്ടി പ്രതിരോധിക്കുകയായിരുന്നു മുഖ്യമന്ത്രി. തിരഞ്ഞെടുപ്പടുത്തപ്പോള്‍ അത് രൂക്ഷമായി. അപ്പോള്‍ എല്ലാം ജനങ്ങള്‍ക്കു വിലയിരുത്താന്‍ വിട്ടുനല്‍കി, പിണറായി.

ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പാക്കപ്പെടേണ്ടതാണെന്ന നിലപാട് മുഖ്യമന്ത്രിയും ഇടതുപക്ഷവും ആദ്യംമുതല്‍ സ്വീകരിച്ചു. എന്നാല്‍ ഇത് സംബന്ധിച്ചുണ്ടായ വിവാദങ്ങള്‍ സമര്‍ഥമായി ഉപയോഗിക്കാന്‍ കോണ്‍ഗ്രസിനും ബി.ജെ.പിയും ശ്രമിച്ചു. ഇത് 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടാക്കിയ ആഘാതം ചെറുതായിരുന്നില്ല. ഈ തിരഞ്ഞെടുപ്പില്‍ ഹിന്ദു വിഭാഗത്തെ തങ്ങള്‍ക്കനുകൂലമാക്കിത്തീര്‍ക്കാനുള്ള സുവര്‍ണാവസരമായി ഇതിനെ ബി.ജെ.പി. കണ്ടു. കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ അത് തങ്ങള്‍ക്കനുകൂലമാക്കാന്‍ കോണ്‍ഗ്രസും ശ്രമിച്ചു.

പിണറായി വിജയനും ഇടതുപക്ഷവും ഭൂരിപക്ഷ സമുദായത്തിനും വിശ്വാസികള്‍ക്കും എതിരാണെന്ന പ്രചാരണം തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുകയായിരുന്നു കോണ്‍ഗ്രസും ബി.ജെ.പിയും. തദ്ദേശ തിരഞ്ഞെടുപ്പില്‍ അത് ഏശിയില്ല. എന്‍.എസ്.എസ്. അടക്കം തിരഞ്ഞെടുപ്പ് ദിവസം പ്രസ്താവനകളുമായി രംഗത്തെത്തി. തിരഞ്ഞെടുപ്പിനെ അത് സ്വാധീനിക്കുമെന്നും ഇടതുപക്ഷത്തിന്റെ വിശ്വാസികള്‍ക്കെതിരായ നിലപാടിന് മറുപടി ലഭിക്കുമെന്നും പലരും കരുതി. സുവര്‍ണാവസരം മുതലെടുക്കാന്‍ ശ്രമിച്ചവര്‍ക്ക് പച്ചതൊടാനായില്ല.

പാര്‍ട്ടി ചട്ടക്കൂടുകളെ അപ്രസക്തമാക്കി, പാര്‍ട്ടിയുടെ അധികാര കേന്ദ്രമായി പിണറായി വിജയന്‍ മാറിയെന്ന ആരോപണമാണ് അദ്ദേഹം നേരിട്ട പ്രധാനപ്പെട്ട മറ്റൊരാരോപണം. തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് അത് ചര്‍ച്ചയായി. രണ്ടുതവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് സീറ്റില്ല എന്ന നയം മൂലം പുറത്തായവരില്‍ മന്ത്രിമാരെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച തോമസ് ഐസക്കും ജി. സുധാകരനും അടക്കമുള്ള നേതാക്കള്‍ ഉണ്ടായിരുന്നു. പുറമേ പ്രകടമായില്ലെങ്കിലും പാര്‍ട്ടിക്കുള്ളില്‍ അത് അതൃപ്തിയുണ്ടാക്കിയതായും പാര്‍ട്ടിയെയും പിണറായിയെയും വേറിട്ടു കാണാനാവാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതായി വിലയിരുത്തപ്പെട്ടു. എന്നാല്‍ പിണറായി എന്ന നേതാവിനെ ഉലയ്ക്കാനുതകിയില്ല ഇതൊന്നും എന്ന് തിരഞ്ഞെടുപ്പ് ഫലം മറുപടി നല്‍കി.