കോഴിക്കോട്: ഒരു മാസത്തോളം നീണ്ടുനിന്ന പരസ്യ പ്രചാരണം അവസാനിച്ചപ്പോള്‍ മലബാറില്‍ ഒപ്പത്തിനൊപ്പമാണ് ഇരുമുന്നണികളും. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ നിന്നെല്ലാം വ്യത്യസ്തമായി എന്‍.ഡി.എയും പലയിടങ്ങളിലും ത്രികോണ പോരിനും കളമൊരുക്കിയിട്ടുണ്ട്. 

കാസര്‍കോട് മുതല്‍ മലപ്പുറം വരെയുള്ള 48 സീറ്റുകളില്‍ 28 ഉം നിലവില്‍ ഇടതിനൊപ്പമാണ് എന്നതാണ് ഇടതിന്റെ ആത്മവിശ്വാസം. എന്നാല്‍ തിരിച്ചുവരാമെന്ന പ്രതീക്ഷയില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ച് ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ യു.ഡി.എഫും മലബാറിലെ മൂന്നു മണ്ഡലങ്ങളില്‍ എന്‍.ഡി.എയും ശക്തമായ പോരാട്ടം നടത്തുന്നു.

കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ മേല്‍ക്കൈ നേടിയും മലപ്പുറത്ത് യു.ഡി.എഫിനെ ക്ഷീണിപ്പിച്ചുമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മലബാറില്‍ ഇടതുപക്ഷം മുന്നേറ്റം നടത്തിയത്. ഇത്തവണയും 16 മണ്ഡലങ്ങളുള്ള മലപ്പുറത്തെ പകുതിയോളം മണ്ഡലങ്ങളില്‍ ലീഗിനെതിരേ എല്‍.ഡി.എഫ് ഉയര്‍ത്തുന്ന വെല്ലുവളി ചെറുതല്ല. മങ്കടയിലും പെരിന്തല്‍മണ്ണയിലും തിരൂരിലും തിരൂരങ്ങാടിയിലും മുസ്ലീം ലീഗ് കടുത്ത മത്സരത്തെയാണ് അഭിമുഖീകരിക്കുന്നത്. ഇടതുപക്ഷത്തിനൊപ്പമുള്ള നിലമ്പൂര്‍, താനൂര്‍, തവനൂര്‍ എന്നിവിടങ്ങളിലും തീപാറും പോരാട്ടമാണ്. 

പ്രകൃതി ദുരന്തങ്ങളില്‍ ഒപ്പം നിന്ന സര്‍ക്കാരിന് വേണ്ടിയാണ് വയനാട് ജില്ലയില്‍ എല്‍.ഡി.എഫ്. വോട്ടു തേടിയത്. മൂന്ന് മണ്ഡലങ്ങളുള്ള ഇവിടെ നിലവില്‍ രണ്ടെണ്ണം എല്‍.ഡി.എഫിനും ഒന്ന് യു.ഡി.എഫിനുമാണുള്ളത്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നുള്ള എം.എസ്. വിശ്വാനാഥനെ അടര്‍ത്തിയെടുത്ത് സുല്‍ത്താന്‍ ബത്തേരിയില്‍ യു.ഡി.എഫിന്റെ സിറ്റിങ്  എം.എല്‍.എ ഐ.സി ബാലകൃഷ്ണനെതിരേ മത്സരിപ്പിക്കുമ്പോള്‍ വലിയ പരീക്ഷണത്തെയാണ് ഇത്തവണ കോണ്‍ഗ്രസും യു.ഡി.എഫും നേരിടുന്നത്. എല്‍.ജെ.ഡിയേയും കേരള കോണ്‍ഗ്രസ്  മാണിയേയും കൂടെ  കൂട്ടിയതും വോട്ടിങ്ങില്‍ ഗുണകരമാവുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. അമിത് ഷായടക്കം എത്തി ജില്ലയില്‍ ബി.ജെ.പി. ക്യാമ്പിനുണ്ടാക്കിയ ആവേശവും മത്സരം കനക്കുമെന്ന സൂചനയാണ് നല്‍കുന്നത്.   

പതിമൂന്ന് മണ്ഡലങ്ങളുള്ള കോഴിക്കോട്ട് നില മെച്ചപ്പെടുത്താന്‍ കഴിയുമെന്നാണ് യു.ഡി.എഫ്. പ്രതീക്ഷ. ഇരുപത് വര്‍ഷത്തോളമായി ഒരു എം.എല്‍.എയെ പോലും ജില്ലയില്‍ നിന്ന് നിയമസഭയിലേക്ക് എത്തിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസും ഇത്തവണ ചീത്തപ്പേര് മാറ്റാനുള്ള തയ്യാറെടുപ്പോടെ തന്നെയാണ് പ്രചാരണം  അവസാനിപ്പിച്ചത്. വടകര, കൊടുവള്ളി, കുന്ദമംഗലം, കൊയിലാണ്ടി, തിരുവമ്പാടി മണ്ഡലങ്ങളില്‍ യു.ഡി.എഫ.് പ്രതീക്ഷ വെക്കുമ്പോള്‍ യു.ഡി.എഫിനൊപ്പമുള്ള കോഴിക്കോട് സൗത്തും കുറ്റ്യാടിയും പിടിക്കാന്‍ ഒരുങ്ങുകയാണ് എല്‍.ഡി.എഫ്. കോഴിക്കോട് നോര്‍ത്ത് അവസാന ഘട്ടത്തില്‍ ത്രികോണ മത്സരത്തിലെത്തിയത് ബി.ജെ.പിക്കും വന്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. ദേശീയ നേതാക്കളായ രാഹുല്‍ഗാന്ധി, സ്മൃതി ഇറാനി, അമിത് ഷാ, പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി എന്നിവരെല്ലാമെത്തി പ്രചാരണരംഗം കൊഴുപ്പിച്ചത് വലിയ പ്രതീക്ഷയാണ് മുന്നണികള്‍ക്ക് നല്‍കുന്നത്. 

കണ്ണൂരില്‍ അഴീക്കോടും പേരാവൂരും യു.ഡി.എഫും കണ്ണൂരും തലശേരിയും എല്‍.ഡി.എഫും വെല്ലുവിളി നേരിടുന്നുണ്ട്. തലശ്ശേരിയില്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് മത്സരിക്കാനാവാത്തത് ആര്‍ക്ക് ഗുണം ചെയ്യുമന്നതാണ് പ്രധാന ചര്‍ച്ച. ബി.ജെ.പി വോട്ടുകള്‍ എങ്ങോട്ട് പോവുന്നുവെന്നത്  അനുസരിച്ചാവും ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.എന്‍ ഷംസീറിന്റേതടക്കം വിജയവും തോല്‍വിയും. സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി നസീറിന് പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ച ബി.ജെ.പിയെ, പിന്തുണ വേണ്ടെന്ന് സി.ഒ.ടി. നസീര്‍ ദിവസങ്ങള്‍ക്കകം പറഞ്ഞത് വെട്ടിലാക്കിയും ഈ തിരഞ്ഞെടുപ്പ് കാലത്തെ ചര്‍ച്ചാ വിഷയമായി.     

കാസര്‍കോട് ഉദുമയിലും തൃക്കരിപ്പൂരിലും യു.ഡി.എഫ്. നല്ല മത്സരം കാഴ്ചവയ്ക്കുന്നുണ്ട്. പെരിയ ഇരട്ടക്കൊലപാതകം, ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്  എന്നിവയെല്ലാം ജില്ലയില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തു. മഞ്ചേശ്വരം, കാസര്‍കോട്, കോഴിക്കോട് നോര്‍ത്ത് മണ്ഡലങ്ങളിലാണ് എന്‍.ഡി.എ. ശ്രദ്ധ കേന്ദ്രീകരിച്ചത്. മഞ്ചേശ്വരത്തെ ശക്തിയില്‍ ഒരിക്കല്‍പോലും പിന്നോട്ടുപോകാത്ത ബി.ജെ.പിയുടെ സാധ്യതകള്‍ യു.ഡി.എഫിന്റെ പ്രകടനത്തെ  ആശ്രയിച്ചിരിക്കും.

content highlights: kerala assembly election 2021 northern kerala analysis