തിരുവനന്തപുരം: ബിജെപിയെ പൊതുശത്രുവായിക്കണ്ട് എല്‍ഡിഎഫും യുഡിഎഫും ഒന്നിച്ച് പ്രവര്‍ത്തിച്ചുവെന്ന് മുതിര്‍ന്ന ബിജെപി നേതാവും നേമത്തെ സ്ഥാനാര്‍ഥിയുമായ കുമ്മനം രാജശേഖരന്‍. ഒത്തുകളി രാഷ്ട്രീയമാണ് നേമത്ത് നടന്നത് എന്ന് വ്യക്തമാണ്. എല്ലാവര്‍ക്കും ഒരു ലക്ഷ്യമേ ഉണ്ടായിരുന്നൊള്ളൂ. ബിജെപിയെ പരാജയപ്പെടുത്തണം എന്നതായിരുന്നു അത്.

ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസും പറഞ്ഞത് അത്തരത്തിലാണ്. എല്ലാവര്‍ക്കും തോല്‍പ്പിക്കേണ്ടത് ആരെ ആയിരുന്നു ? ബിജെപിയെ തോല്‍പ്പിക്കുക എന്നതായിരുന്നു എല്ലായിപ്പോഴും രണ്ടുകൂട്ടരുടേയും ലക്ഷ്യം. കേരളത്തിലുടനീളം ബിജെപിയെ തോല്‍പ്പിക്കുക എന്ന് പറയുമ്പോള്‍ ശത്രുവിന്റെ ശത്രു മിത്രമാവുക സ്വാഭാവികമാണ്. നേമത്തെ പരാജയത്തെപ്പറ്റി ആഴത്തിലുള്ള പഠനം നടത്തേണ്ടതുണ്ട്. ഓരോ ബൂത്തിലെയും വോട്ടുകളുടെ വിവരങ്ങള്‍ ലഭിച്ചശേഷം പാര്‍ട്ടി ഒന്നിച്ച് ചര്‍ച്ചചെയ്ത് വിലയിരുത്തല്‍ നടത്തും.

സിപിഎമ്മിലേക്ക് കോണ്‍ഗ്രസിന്റെ വോട്ട് എങ്ങനെ പോയെന്ന് കോണ്‍ഗ്രസുകാരാണ് പറയേണ്ടത്. കെ മുരളീധരന്‍ കരുത്തനായ സ്ഥാനാര്‍ഥിയെന്ന് പറഞ്ഞ് മത്സരിച്ചിട്ട് ശശി തരൂരിന് കിട്ടിയ വോട്ടെവിടെ എന്നും കുമ്മനം ചോദിച്ചു.

Content Highlights: Kerala Assembly Election 2021 Kummanam Rajasekharan BJP