കോട്ടയം: ഐക്യജനാധിപത്യ മുന്നണി വിട്ട് ഇടത്തേക്ക് ചേക്കേറുമ്പോള്‍ മധ്യകേരളത്തിന്റെ രാഷ്ട്രീയ ചിത്രം മാറ്റുമെന്നായിരുന്നു ജോസ് കെ.മാണിയുടെ അവകാശവാദം. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജോസ് കെ.മാണി വാഭാഗത്തിന്റെ ചേരിമാറ്റം കൃത്യമായി പ്രതിഫലിക്കുകയും ചെയ്തു. ആ വിജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷത്തെ പ്രധാന ഘടകക്ഷിയാകാനുളള ശ്രമങ്ങള്‍ കേരള കോണ്‍ഗ്രസ് നടത്തിയത്. സി.പി.ഐ.യെ പോലും പിണക്കി ആവശ്യപ്പെട്ട പതിമൂന്ന് സീറ്റും മുന്നണി നല്‍കി. പ്രാദേശിക എതിര്‍പ്പിനെ തുടര്‍ന്ന് ഒടുവില്‍ കുറ്റ്യാടി തിരികെ സിപിഎമ്മിന് നല്‍കി.

പാലാ, ഇടുക്കി, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, കടുത്തുരുത്തി, പൂഞ്ഞാര്‍, തൊടുപുഴ, പെരുമ്പാവൂര്‍, റാന്നി, പിറവം, ചാലക്കുടി, ഇരിക്കൂര്‍ എന്നീ സീറ്റുകളാണ് മുന്നണി കേരള കോണ്‍ഗ്രസിന് നല്‍കിയത്. ഇതില്‍ സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകള്‍ പോലുമുണ്ടായിരുന്നു. 

ഇടതില്‍ ആധിപത്യം ഉറപ്പിക്കാന്‍, പാര്‍ട്ടി ഇടതുപാളയത്തിലേക്ക് വന്നതുകൊണ്ട് മുന്നണിക്ക് നേട്ടമുണ്ടായെന്ന് സ്ഥാപിക്കാന്‍ അതിനാല്‍ തന്നെ വിജയം അനിവാര്യമായിരുന്നു കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്. 10 സീറ്റുകളിലെങ്കിലും വിജയിക്കാനാകുമെന്നായിരുന്നു പ്രതീക്ഷ. ഫലം വന്നപ്പോള്‍ മത്സരിച്ച പന്ത്രണ്ടുസീറ്റുകളില്‍ അഞ്ചിടത്ത് കേരള കോണ്‍ഗ്രസ് വിജയിച്ചു. പക്ഷേ ഇടതുമുന്നണി വിജയിച്ചപ്പോള്‍ മാരാരിക്കുളത്ത് തോറ്റ വി.എസിന്റേതിന് സമാനമായ സ്ഥിതിയിലായി ജോസ് കെ. മാണി. തട്ടകമായ പാലായില്‍ മാണി സി. കാപ്പനോട് പരാജയപ്പെട്ട ജോസ് കെ. മാണിക്ക് ഈ പരാജയത്തോടെ നഷ്ടമാകുന്നത് മന്ത്രിസ്ഥാനമാണ്. 

ജോസ് കെ.മാണിക്ക് മന്ത്രിസ്ഥാനം നഷ്ടമായെങ്കിലും മുന്നണിയിലെ പ്രബലരായ ഘടകകക്ഷിയെന്ന നിലയില്‍ അഞ്ച്‌ എംഎല്‍എമാരുളള കേരള കോണ്‍ഗ്രസ് മന്ത്രിസഭയില്‍ എത്ര മന്ത്രിസ്ഥാനം ആവശ്യപ്പെടുമെന്നാണ് രാഷ്ട്രീയകേരളം ഇനി ഉറ്റുനോക്കുന്നത്. അഞ്ച്‌ എംഎല്‍എമാരുളള കക്ഷിക്ക് രണ്ട്‌ മന്ത്രിസ്ഥാനമാണ് അവര്‍ ആവശ്യപ്പെടുക. ഇടുക്കിയില്‍ നിന്ന് വിജയിച്ച റോഷി അഗസ്റ്റിനും ത്രികോണ മത്സരം നടന്ന കാഞ്ഞിരപ്പള്ളിയില്‍ നിന്ന് വിജയിച്ച ഡോ.എന്‍.ജയരാജിനുമായിരിക്കും നറുക്ക് വീഴുന്നത്. തിരഞ്ഞെടുപ്പില്‍ 13 സീറ്റെന്ന കേരള കോണ്‍ഗ്രസിന്റെ ആവശ്യത്തിന് മുന്നില്‍ വഴങ്ങിക്കൊടുത്ത മുന്നണി മന്ത്രിസ്ഥാനം വീതംവെച്ചു നല്‍കുന്നതിനും ഈ ഉദാരത പിന്തുടരുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. 

സിപിഎം തന്നെ 67 സീറ്റില്‍ ജയിച്ച സ്ഥിതിക്ക് രണ്ട് മന്ത്രിസ്ഥാനം എന്ന ജോസ് പക്ഷത്തിന്റെ ആവശ്യം അംഗീകരിക്കുമോ എന്ന് കണ്ടറിയണം. ഒരു മന്ത്രിസ്ഥാനമാണ് ലഭിക്കുന്നതില്‍ അതും പാര്‍ട്ടിയില്‍ ജോസിന് തലവേദനയുണ്ടാക്കും.

രണ്ട് എംഎല്‍എമാരുളള ജെഡിഎസിനും എന്‍സിപിയ്ക്കും ഓരോ മന്ത്രിമാരെയും ലഭിച്ചേക്കാം. ഒരു എംഎല്‍എ മാത്രമുളള ഘടകകക്ഷികളില്‍ കഴിഞ്ഞ തവണ കടന്നപ്പള്ളിക്ക് മാത്രമാണ് മുന്നണി മന്ത്രിസ്ഥാനം നല്‍കിയിട്ടുളളത്. കടന്നപ്പള്ളി രാമചന്ദ്രന്‍ (കോണ്‍.എസ്.), കെ.പി. മോഹനന്‍ (എല്‍.ജെ.ഡി.) കെ.ബി.ഗണേഷ് കുമാര്‍ (കേരള കോണ്‍- ബി.),ആന്റണി രാജു (ജനാധിപത്യ കേരള കോണ്‍.), അഹമ്മദ് ദേവര്‍കോവില്‍ (ഐ.എന്‍.എല്‍.), കോവൂര്‍ കുഞ്ഞുമോന്‍ (ആര്‍.എസ്.പി. ലെനിനിസ്റ്റ്) എന്നിവരാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരില്‍ പാര്‍ട്ടിയിലെ ഏക എംഎല്‍എമാര്‍.

വലിയ ഭൂരിപക്ഷം കിട്ടിയതിനാല്‍ ഇത്തവണ ഒരംഗം മാത്രമുള്ള പാര്‍ട്ടികള്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം ഉണ്ടാവുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഇതിനുള്ള സാധ്യത വളരെ കുറവാണെന്നാണ് സി.പി.എം. കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.