കോട്ടയം: തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ ഇരു കേരള കോണ്‍ഗ്രസും നെഞ്ചിടിപ്പില്‍. രാഷ്ട്രീയനിലപാട് ശരിയായിരുന്നുവെന്ന് ബോധ്യപ്പെടുത്തുകയാണ് ജോസ് കെ. മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ ലക്ഷ്യമെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരമടക്കമുള്ള നിയമകടമ്പകളാണ് പി.ജെ. ജോസഫിന്റെ കേരള കോണ്‍ഗ്രസിന് കടക്കാനുള്ളത്. കടുത്തുരുത്തി, ചങ്ങനാശ്ശേരി, തൊടുപുഴ, ഇടുക്കി എന്നിവിടങ്ങളിലാണ് ഇരു കേരള കോണ്‍ഗ്രസുകളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. ജോസ് കെ. മാണി പാലായിലും പി.ജെ. ജോസഫ് തൊടുപുഴയിലും മത്സരിക്കുന്നു.

നേതാവും അണികളും പോരാട്ടത്തില്‍

ജോസിന് യു.ഡി.എഫിലെത്തിയ മാണി സി. കാപ്പന്‍ കടുത്ത വെല്ലുവിളിയുയര്‍ത്തുന്നു. പാര്‍ട്ടിയെ നയിക്കുന്നവര്‍ എന്ന നിലയിലും മുന്നണിയിലെ തുടര്‍ന്നുള്ള സ്വാധീനം ഉറപ്പിക്കുന്നതിനും ഇരുവര്‍ക്കും ജയം അനിവാര്യമാണ്. മുഖ്യമന്ത്രി പങ്കെടുത്ത വമ്പന്‍യോഗമാണ് ജോസ് കെ. മാണിക്കായി ഇടത് മുന്നണി പാലായില്‍ സജ്ജമാക്കിയത്. പി.ജെ. ജോസഫിനായി യു.ഡി.എഫ്. നേതാക്കളും രാഹുല്‍ഗാന്ധിയും പ്രചാരണത്തിനെത്തി.

കടുത്തുരുത്തി, ചങ്ങനാശ്ശേരി, ഇടുക്കി എന്നിവിടങ്ങളില്‍ ഇഞ്ചോടിഞ്ച് മത്സരമാണ്. കടുത്തുരുത്തി ഇരുകൂട്ടര്‍ക്കും അഭിമാനപ്രശ്‌നമാണ്. ജോസഫ് കഴിഞ്ഞാല്‍ പാര്‍ട്ടിയിലെ ശക്തനായ നേതാവ് മോന്‍സ് ജോസഫിനെ നേരിടുന്നത് ജോസ് കെ. മാണിയുടെ വലംകൈയായ സ്റ്റീഫന്‍ ജോര്‍ജാണ്.

പ്രശ്‌നങ്ങളും സാധ്യതകളും

ജോസഫ് വിഭാഗത്തിന് പി.സി. തോമസുമായുള്ള ലയനത്തോടെ പാര്‍ട്ടിയുടെ അംഗീകാരമെന്ന കടമ്പ കടക്കാനായി. പി.സി.യുടെ സ്വന്തമായിരുന്ന ബ്രാക്കറ്റില്ലാത്ത കേരള കോണ്‍ഗ്രസ് പാര്‍ട്ടി അവരുടേതുകൂടിയായി. പി.സി. ശക്തമായി പ്രചാരണത്തിനുമുണ്ട്. 10 സീറ്റുകളിലാണ് പാര്‍ട്ടി മത്സരിക്കുന്നത്. വൈകീയെങ്കിലും ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍ എന്ന ചിഹ്നം ലഭിച്ചു. ആദ്യഘട്ടത്തില്‍ ചിഹ്നമില്ലാത്ത കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പോസ്റ്ററില്‍ മറുവിഭാഗം രണ്ടില ഒട്ടിച്ചത് ആശയക്കുഴപ്പിന് ഇടയാക്കിയെങ്കിലും അതിനെയും അതിജീവിച്ചു. മികച്ച വിജയം പാര്‍ട്ടിയുടെ ചിഹ്നം അടക്കമുള്ള തുടര്‍നടപടികള്‍ക്ക് ജോസഫിന് അനിവാര്യമാണ്.

യു.ഡി.എഫ്. വിട്ടുവന്നശേഷം തദ്ദേശതിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയ ജോസ് കെ. മാണിക്ക് അതേനേട്ടം നിയമസഭാ തിരഞ്ഞെടുപ്പിലും ഉറപ്പാക്കണം. കോട്ടയത്ത് സി.പി.എം. നല്‍കിയ വലിയ പരിഗണന വിജയമാക്കി മാറ്റണം. 13 സീറ്റ് കിട്ടിയെങ്കിലും കുറ്റ്യാടി സി.പി.എമ്മിന് മടക്കിനല്‍കേണ്ടിവന്നു. സി.പി.എമ്മില്‍നിന്ന് കേരള കോണ്‍ഗ്രസിലെത്തിച്ച പിറവത്തെ സിന്ധുമോള്‍ ജേക്കബിന്റെ വിജയവും അവര്‍ക്ക് പ്രധാനമാണ്.

അവിടെ പ്രാദേശിക എതിര്‍പ്പിനെ മറികടന്നാണ് സിന്ധുവിനെ മത്സരിപ്പിക്കുന്നത്. പാലാ നഗരസഭയില്‍ സി.പി.എം.-കേരള കോണ്‍ഗ്രസ് (എം) കൗണ്‍സിലര്‍മാര്‍ തമ്മിണ്ടായ സംഘര്‍ഷം അതിനിടെ കല്ലുകടിയായി.

Content Highlights: kerala assembly election 2021: Kerala congress, jose k mani, p j joseph