ഞ്ച് നിയോജകമണ്ഡലങ്ങളില്‍ തൃക്കരിപ്പൂരും കാഞ്ഞങ്ങാടും ഉദുമയും എല്‍.ഡി.എഫും കാസര്‍കോടും മഞ്ചേശ്വരവും യു.ഡി.എഫും എന്നതാണ് കാസര്‍കോടിന്റെ വിധിയെഴുത്ത് ചരിത്രം. എന്നാല്‍, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്നരപ്പതിറ്റാണ്ടായി ഇടതുപക്ഷം കാത്ത കോട്ട പിടിച്ചെടുത്ത് യു.ഡി.എഫ്. ചരിത്രം തിരുത്തിക്കുറിച്ചു. കൊല്ലത്തു നിന്നെത്തിയ രാജ്മോഹന്‍ ഉണ്ണിത്താനാണ് ജില്ലയിലെ സി.പി.എം. നേതാവായ കെ.പി. സതീഷ് ചന്ദ്രനെ മലര്‍ത്തിയടിച്ചത്. ഇടതിന്റെ പൊന്നാപുരം കോട്ടയായിരുന്ന കാസര്‍കോട് 40,438 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഉണ്ണിത്താന്‍ കീഴടക്കിയത്.

ലോക്സഭാ തിരഞ്ഞെടുപ്പിലെ കാസര്‍കോടിന്റെ ചരിത്ര വിധിയെഴുത്താണ് നിയമസഭാ മണ്ഡലങ്ങളുടെ പുതിയ കണക്കെടുപ്പില്‍ രാഷ്ട്രീയ കേന്ദ്രങ്ങള്‍ തലനാരിഴ കീറി പരിശോധിക്കുന്നത്. മാസങ്ങള്‍ക്കു മുമ്പ് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടുകണക്കുകളില്‍ നിയോജക മണ്ഡലങ്ങള്‍ പഴയ വിധിയെഴുത്തിന്റെ സൂചനകള്‍ കാണിക്കുന്നുണ്ടെങ്കിലും അന്തിമചിത്രം തെളിയാന്‍ കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും.

കര്‍ണാടകയുമായി ചേര്‍ന്ന് കിടക്കുന്ന മഞ്ചേശ്വരം, കാസര്‍കോട് നിയോജക മണ്ഡലങ്ങളില്‍ ബി.ജെ.പിയുടെ ശക്തമായ സാന്നിധ്യം ഇക്കുറിയും ത്രികോണ മത്സരത്തിന് വഴിയൊരുക്കും. ലോക്താന്ത്രിക് ജനതാദളിന്റെയും കേരളാ കോണ്‍ഗ്രസ് എം. ജോസ് വിഭാഗത്തിന്റെയും മുന്നണി മാറ്റം തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് മണ്ഡലങ്ങളില്‍ പ്രതിധ്വനിക്കുമെന്ന് ഉറപ്പാണ്.

ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനമുള്ള മഞ്ചേശ്വരം പതിന്നാലാം നിയമസഭാ കാലയളവില്‍ രണ്ടുതവണ ബൂത്തിലേക്ക് പോയി. പി.ബി. അബ്ദുള്‍ റസാഖ് എം.എല്‍.എയുടെ മരണത്തെത്തുടര്‍ന്നാണ് മൂന്നര വര്‍ഷത്തിനുശേഷം ഉപതിരഞ്ഞെടുപ്പ് നടന്നത്.

2016-ലെ തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിലെ പി.ബി. അബ്ദുള്‍ റസാഖ് 89 വോട്ടിനാണ് ബി.ജെ.പിയുടെ കെ. സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. കള്ളവോട്ട് ആരോപണം ഉന്നയിച്ച് അദ്ദേഹം ഹൈക്കോടതിയില്‍ കേസ് നടത്തുന്നതിനിടെ 2018 ഒക്ടോബറില്‍ ആയിരുന്നു അബ്ദുള്‍ റസാഖിന്റെ അപ്രതീക്ഷിത മരണം. സുരേന്ദ്രന്‍ ഹര്‍ജി പിന്‍വലിച്ചതിനെത്തുടര്‍ന്ന് ഒരു വര്‍ഷത്തിനുശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ എം.സി. ഖമറുദ്ദീന്‍ 7923 വോട്ട് ഭൂരിപക്ഷത്തിന് ജയിച്ചു. എന്നാല്‍, ഫാഷന്‍ ഗോള്‍ഡ് ജൂവലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ ഖമറുദ്ദീന്‍ നവംബര്‍ ഏഴിന് റിമാന്‍ഡിലായി. 96 ദിവസത്തിനുശേഷം വ്യാഴാഴ്ച വൈകീട്ടാണ് അദ്ദേഹം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. ഏറെ വാശിയോടെ നടന്ന തിരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തോടെ നിയമസഭയിലെത്തിച്ച എം. എല്‍.എയ്ക്ക് ജയിലില്‍ പോകേണ്ടിവന്നതിന്റെ ക്ഷീണം മാറ്റാന്‍ മണ്ഡലത്തില്‍ യു.ഡി.എഫ്. നന്നേ വിയര്‍ക്കേണ്ടി വരും. വര്‍ഷങ്ങളായി മണ്ഡലത്തിന് പുറത്തുള്ളവരാണ് ജന പ്രതിനിധികളാവുന്നതെന്ന ആരോപണം ഇവിടെ സജീവമായിട്ടുണ്ട്. നാട്ടുകാരനായ സ്ഥാനാര്‍ഥിയെ കണ്ടെത്തി കളത്തിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികള്‍.

കാസര്‍കോട് മണ്ഡലത്തില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ഥി എന്‍.എ. നെല്ലിക്കുന്ന് രണ്ടാം തവണ ജയിച്ചുകയറിയത് 8607 വോട്ടിനാണ്. മണ്ഡലത്തിലേക്ക് പുതിയ പേരുകള്‍ ലീഗ് പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന ബി.ജെ.പി. മികച്ച സ്ഥാനാര്‍ഥിയെ നിര്‍ത്തി കടുത്തമത്സരത്തിനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരിക്കുകയാണ്.

മണ്ഡലങ്ങള്‍

  • മഞ്ചേശ്വരം
  • കാസര്‍കോട്
  • ഉദുമ
  • കാഞ്ഞങ്ങാട്
  • തൃക്കരിപ്പൂര്‍

കഴിഞ്ഞതവണ മറ്റൊരു വാശിയേറിയ മത്സരം കണ്ടത് ഉദുമയിലാണ്. സിറ്റിങ് എം.എല്‍.എ. ആയിരുന്ന സി.പി.എമ്മിലെ കെ. കുഞ്ഞിരാമനെ നേരിടാന്‍ മുന്‍ മന്ത്രി കൂടിയായ കെ. സുധാകരനെത്തിയെങ്കിലും ഫലം കണ്ടില്ല. 3832 വോട്ടിന് സുധാകരനെ കുഞ്ഞിരാമന്‍ കെട്ടുകെട്ടിച്ചു. കുഞ്ഞിരാമന്‍ ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്നാണ് സൂചന. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലിന്റെയും കൃപേഷിന്റെയും നാടുള്‍പ്പെട്ട മണ്ഡലത്തില്‍ ആ കൊലപാതകവും അന്വേഷണവുമായിരിക്കും പ്രചാരണത്തില്‍ മുഴങ്ങുക.

കാഞ്ഞങ്ങാട് തുടര്‍ച്ചയായ രണ്ടാംതവണ മത്സരത്തിനിറങ്ങിയ സി.പി.ഐ. നേതാവ് ഇ. ചന്ദ്രശേഖരന് കിട്ടിയത് 26,011 വോട്ടിന്റെ ജില്ലയിലെ മിന്നുന്ന ജയം. മണ്ഡലത്തില്‍ മൂന്നാമതും ചന്ദ്രശേഖരനെ മത്സരിപ്പിക്കാനുള്ള നീക്കം നടക്കുന്നതായാണ് സൂചനകള്‍. റവന്യു മന്ത്രിയായ ചന്ദ്രശേഖരന്റെ വികസനനേട്ടങ്ങള്‍ വോട്ടാക്കാനാണ് ഇടതുമുന്നണി ശ്രമം.

ഇടതിനൊപ്പം മാത്രം നിന്ന ചരിത്രമുള്ള തൃക്കരിപ്പൂരില്‍നിന്ന് സി.പി.എമ്മിലെ എം. രാജഗോപാല്‍ ആദ്യമായി നിയമസഭയിലെത്തിയത് 16,959 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ്. ലീഗ് എം.എല്‍.എയുടെ അറസ്റ്റിലേക്ക് നയിച്ച വിവാദമായ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പിന് ഇരയായവര്‍ ഏറെയുള്ള മണ്ഡലമാണിത്. കേസും അറസ്റ്റും ഉയര്‍ത്തിയ കോളിളക്കം മണ്ഡലത്തിലെ വോട്ടിനെ സ്വാധീനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: Kerala Assembly Election 2021- Kasaragod District