കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ 13 സീറ്റ് ആവശ്യപ്പെടാനൊരുങ്ങി കേരളാ കോൺഗ്രസ് ജോസ് വിഭാഗം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 12 സീറ്റിലാണ് പാർട്ടി മത്സരിച്ചത്. ഒന്പതിടത്ത് ജയിച്ചു.
പാർട്ടിയുടെ തട്ടകമായ കോട്ടയം ജില്ലയിൽ ആറു സീറ്റാണ് ആവശ്യപ്പെടുക. ജോസ് കെ. മാണി മത്സരിക്കാനുദ്ദേശിക്കുന്ന പാലായ്ക്കു പുറമേ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, കടുത്തുരുത്തി, ഏറ്റുമാനൂർ എന്നിവ. കാഞ്ഞിരപ്പള്ളിയിൽ സിറ്റിങ് എം. എൽ.എ. എൻ. ജയരാജ് തന്നെ മത്സരിക്കും. പൂഞ്ഞാറിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കലിനാണ് സാധ്യത. ചങ്ങനാശ്ശേരി കിട്ടിയാൽ ജോബ് മൈക്കിളിനാണ് പ്രഥമ പരിഗണന. കുടുത്തുരുത്തിയിൽ മുൻ ജില്ലാ പഞ്ചായത്തംഗം സഖറിയാസ് കുതിരവേലിയോ നിലവിലെ അംഗമായ പി.എം. മാത്യുവോ രംഗത്തെത്തും. ഏറ്റുമാനൂർ കിട്ടിയാൽ സ്റ്റീഫൻ ജോർജിനാണ് സാധ്യത.
എറണാകുളം ജില്ലയിൽ അങ്കമാലിയോ പെരുമ്പാവൂരോ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലാ പ്രസിഡന്റ് ബാബു ജോസഫിനെയാകും പരിഗണിക്കുക. കോഴിക്കോട് ജില്ലയിൽ പാർട്ടി മത്സരിക്കുന്ന പേരാമ്പ്രയ്ക്കു പുറമേ തിരുവമ്പാടി ആവശ്യപ്പെട്ടേക്കും. പേരാമ്പ്രയിൽ കഴിഞ്ഞതവണ മത്സരിച്ച മുഹമ്മദ് ഇക്‌ബാൽ തന്നെയാകും സ്ഥാനാർഥി. തിരുവമ്പാടി കിട്ടിയാൽ ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫിനാണ് മുൻഗണന.
ആലപ്പുഴയിൽ കുട്ടനാട് സീറ്റു ലഭിച്ചാൽ നിലവിലെ ജില്ലാ പഞ്ചായത്തംഗം ബിനു ഐസക് രാജുവിനാകും പ്രഥമപരിഗണന. റോഷി അഗസ്റ്റിൻ മത്സരിക്കുന്ന ഇടുക്കിക്കുപുറമേ തൊടുപുഴ സീറ്റിൽ പ്രൊഫ. ആന്റണി, കർഷകയൂണിയൻ സംസ്ഥാനപ്രസിഡന്റ് റെജി കുന്നംകോട് എന്നിവരാണ് പട്ടികയിലുള്ളത്. കണ്ണൂരിൽ ഇരിക്കൂറാണ് പാർട്ടി പ്രതീക്ഷയർപ്പിക്കുന്ന സീറ്റ്. ഇവിടെ ജില്ലാ പഞ്ചായത്തംഗമായിരുന്ന ജോസ് കുറ്റ്യാനിമറ്റത്തിനെ പരിഗണിച്ചേക്കും. പത്തനംതിട്ട ജില്ലയിൽ റാന്നിയും തൃശ്ശൂരിൽ ഇരിങ്ങാലക്കുടയുമാണ് ആവശ്യപ്പെടാനൊരുങ്ങുന്നത്. രണ്ടിടത്തും പുതുമുഖങ്ങളെ ഇറക്കിയേക്കും.
സ്റ്റിയറിങ് കമ്മിറ്റിയോഗം നാളെ
സംസ്ഥാന സ്‌റ്റിയറിങ് കമ്മിറ്റിയോഗം ചൊവ്വാഴ്ച കോട്ടയത്ത് ചേരും. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച് ചർച്ച നടത്തും. ജോസ് കെ. മാണി ചെയർമാനായശേഷം അദ്ദേഹത്തിന്റെ അധ്യക്ഷതയിൽചേരുന്ന ആദ്യ സ്റ്റിയറിങ് കമ്മിറ്റിയോഗമാണിത്.