തിരുവനന്തപുരം: നിയമസഭാതിരഞ്ഞെടുപ്പിനുപിന്നാലെ, എന്‍.ഡി.എ.യിലെ ഘടകകക്ഷിയായ ബി.ഡി.ജെ.എസ്. ബി.ജെ.പി.യുമായി അകലുന്നു. ബി.ജെ.പി. നേതാക്കള്‍ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഫോണില്‍ സംസാരിച്ചെങ്കിലും മഞ്ഞുരുകിയിട്ടില്ല. ഇതിനിടെ, കണ്‍വീനര്‍സ്ഥാനം ഒഴിയുമെന്ന് ബി.ഡി.ജെ.എസ്. അധ്യക്ഷന്‍കൂടിയായ തുഷാര്‍ വെള്ളാപ്പള്ളി പ്രഖ്യാപിച്ചതോടെ പ്രതിസന്ധി കടുത്തു.

മുന്‍കാല തിരഞ്ഞെടുപ്പുകളെക്കാള്‍ വോട്ടുവിഹിതത്തില്‍ ഇത്തവണയുണ്ടായ കുറവാണ് പരസ്പരം പഴിചാരലിന് ആയുധം. വോട്ടുമറിച്ചെന്ന ആരോപണം ഇരുകൂട്ടരും രഹസ്യമായി ഉയര്‍ത്തുന്നതിനിടെയാണ് തുഷാറിന്റെ നിലപാട്. കാലങ്ങളായി ബി.ജെ.പി. തുടരുന്ന അവഗണനയാണ് തുഷാറിനെയും കൂട്ടരെയും പ്രകോപിപ്പിക്കുന്നത്.

2016-ല്‍ കോവളം മണ്ഡലത്തില്‍ ബി.ഡി.ജെ.എസിലെ കോവളം ടി.എന്‍. സുരേഷ് 30,987 വോട്ടുനേടിയിരുന്നു. ഇത്തവണ മറ്റൊരു ഘടകകക്ഷിയായ കാമരാജ് കോണ്‍ഗ്രസിലെ വിഷ്ണുപുരം ചന്ദ്രശേഖരന്‍ താമരചിഹ്നത്തില്‍ മത്സരിച്ചപ്പോള്‍ കിട്ടിയത് 18,664 വോട്ടാണ്. ഇതോടെ, ഇപ്പോഴത്തെ നിലയില്‍ എന്‍.ഡി.എ.യ്ക്ക് ബി.ഡി.ജെ.എസ്. ബാധ്യതയാണെന്നും ഇടതുമുന്നണിക്ക് വോട്ടുമറിച്ചുകൊടുക്കുന്ന ഇങ്ങനെയൊരു ഘടകകക്ഷി എന്‍.ഡി.എ.യില്‍ വേണോയെന്നും ചോദിച്ച് വിഷ്ണുപുരം ചന്ദ്രശേഖരന്‍ ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടതോടെ ഘടകകക്ഷികള്‍ക്കിടയിലെ ഭിന്നത മറനീക്കി പുറത്തുവന്നു.

21 മണ്ഡലങ്ങളില്‍ മത്സരിച്ച ബി.ഡി.ജെ.എസ്. ശക്തിതെളിയിച്ചില്ലെന്നാണ് ബി.ജെ.പി.യുടെ ആക്ഷേപം. തദ്ദേശ തിരഞ്ഞെടുപ്പിലും കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാനായില്ലെന്ന് ബി.ജെ.പി. നേതാക്കള്‍ പറയുന്നു.

ഇനി ബി.ജെ.പി.യുടെ വിശദമായ വിലയിരുത്തലുകള്‍ക്കുശേഷമേ ഘടകക്ഷികളുമായി കൂടുതല്‍ ചര്‍ച്ചയുള്ളൂവെന്ന് മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു.

 

Content Highlights:Kerala Assembly Election 2021 Deafeat, BJP-BDJS Schism deepens