വികസനത്തിന്റെ പുതുയുഗപ്പുലരിയിലേക്ക് തുടര്‍ച്ചയായിവന്ന എല്ലാ പ്രതികൂല ഘടകങ്ങളെയും മറികടന്ന് കേരളം മുന്നേറിയ ഘട്ടം. വര്‍ഗീയകലാപങ്ങളില്ലാത്ത അഞ്ചുവര്‍ഷങ്ങളാണ് കടന്നുപോകുന്നത്. ഇത് കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. ലോകംതന്നെ ഉറ്റുനോക്കുന്ന മാതൃക. പുറത്തുനിന്നുള്ള പ്രലോഭനങ്ങള്‍ക്കോ പ്രകോപനങ്ങള്‍ക്കോ തെറ്റിദ്ധരിപ്പിക്കലുകള്‍ക്കോ വഴിപ്പെടാത്ത ഇവിടത്തെ ജനതയുടെ സമുന്നതമായ ജനാധിപത്യപ്രബുദ്ധതയില്‍ അചഞ്ചലമായ വിശ്വാസമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിക്കുള്ളത്.

വെല്ലുവിളികളെ തരണംചെയ്ത് മുന്നോട്ട്

എന്തെല്ലാം വൈഷമ്യങ്ങളെയായിരുന്നു നമുക്ക് നേരിടേണ്ടിയിരുന്നത്: നമ്മുടെ തീരത്തെ അഗാധദുഃഖത്തിലാഴ്ത്തിയ ഓഖി, ഒരു നൂറ്റാണ്ടുകാലത്തെ ഏറ്റവുംവലിയ പ്രളയം, തുടര്‍ച്ചയായിവന്ന അഭൂതപൂര്‍വമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും, നിപ പോലുള്ള പകര്‍ച്ചവ്യാധികള്‍, ഏറ്റവുമൊടുവില്‍ ഇപ്പോഴും നാം പൊരുതിക്കൊണ്ടിരിക്കുന്ന കോവിഡ് -19 എന്ന മഹാമാരി.

ഒരു ജനസമൂഹത്തെ മരവിപ്പിലേക്കും തകര്‍ച്ചയിലേക്കും എത്തിക്കാന്‍ ഇതെല്ലാം വേണമെന്നില്ല. ആപത്തുകള്‍ ഒന്നിനുപിറകെ ഒന്നായിവന്നിട്ടും നമ്മള്‍ ഒറ്റക്കെട്ടായിനിന്നു പൊരുതി അതിജീവിച്ചു. ഇതെല്ലാം ചെയ്തുകൊണ്ടുതന്നെ വികസന-ക്ഷേമ നടപടികളെ കൈവിടാതെ കാത്തു.

ലോകത്തിന്റെ ചിലഭാഗങ്ങളെങ്കിലും പട്ടിണിയിലാണ് ഇക്കാലത്ത്. എല്ലാ വരുമാനസ്രോതസ്സുകളും അടഞ്ഞ ഘട്ടത്തില്‍പോലും കേരളത്തിലെ ഒരു കുടുംബത്തിലും പട്ടിണിയുണ്ടാവാതെ നാംകാത്തു. ഇതൊക്കെ ചെയ്തുകൊണ്ടുതന്നെ കേരള പുനര്‍നിര്‍മാണവും രോഗപ്പകര്‍ച്ചാനിയന്ത്രണവും സാധ്യമാക്കി. അതും ലോകം മാതൃകയാക്കും വിധത്തില്‍.

ഇതാ കേരളത്തിന്റെ മുദ്രകള്‍

ഓരോ മേഖലയിലും അതിന്റേതായ അടയാളമുദ്ര പതിപ്പിച്ചാണ് ഇടതുപക്ഷ സര്‍ക്കാരുകള്‍ കടന്നുപോയത്. ഭൂപരിഷ്‌കരണംമുതല്‍ ജനകീയാസൂത്രണംവരെ. വിദ്യാഭ്യാസപരിഷ്‌കാരം മുതല്‍ പൊതുജനാരോഗ്യംവരെ. ഭരണപരിഷ്‌കാരംമുതല്‍ അധികാരവികേന്ദ്രീകരണംവരെ. ആ പരമ്പരയില്‍ ഓരോ എല്‍.ഡി.എഫ്. സര്‍ക്കാരിനും മുമ്പത്തെ എല്‍.ഡി.എഫ്. സര്‍ക്കാരുമായേ മത്സരിക്കാന്‍ കഴിയുമായിരുന്നുള്ളു.

അങ്ങനെയാണ് പെന്‍ഷന്‍ 1600 രൂപയായി വര്‍ധിച്ചതും 61 ലക്ഷംപേര്‍ക്ക് പെന്‍ഷന്‍ വിതരണംചെയ്യുന്ന നിലയിലേക്ക് എത്തിയതും. 20 രൂപയ്ക്ക് ഊണുനല്‍കുന്ന 876 ജനകീയ ഹോട്ടലുകള്‍ ആരംഭിച്ചതും അങ്ങനെയാണ്. ദുരിതാശ്വാസനിധിയിലൂടെ 5432 കോടിരൂപ വിതരണംചെയ്തതും 2,57,000 പേര്‍ക്ക് ലൈഫ് മിഷനിലൂടെ വീട് നിര്‍മിച്ചുനല്‍കിയതും 1.76 ലക്ഷംപേര്‍ക്ക് പട്ടയം വിതരണംചെയ്തതും ഇത്തരത്തില്‍ മുന്‍ ഇടതുപക്ഷ സര്‍ക്കാരുകളുടെ നേട്ടങ്ങളുമായി മത്സരിച്ചതുകൊണ്ടാണ്.

45,000 ക്ലാസ്മുറികള്‍ ഹൈടെക്കാക്കിയും 1,20,000-ത്തോളം ലാപ്ടോപ്പുകള്‍ വിതരണംചെയ്തും പാഠപുസ്തകവിതരണം അധ്യയനവര്‍ഷം തുടങ്ങുന്നതിനുമുമ്പ് പൂര്‍ത്തിയാക്കിയും 20,800 കോടിരൂപ സ്‌കൂള്‍വിദ്യാഭ്യാസത്തിനായി വകയിരുത്തിയുമാണ് 6.8 ലക്ഷം കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് അധികമായി എത്തിച്ചത്.

വൈദ്യുതിയുടെ ഉത്പാദനശേഷിയില്‍ 236 മെഗാവാട്ടിന്റെ വര്‍ധന ഉണ്ടായതും കുടിവെള്ളകണക്ഷനുകളുടെ കാര്യത്തില്‍ 11.33 ലക്ഷത്തിന്റെ വര്‍ധന ഉണ്ടായതും 11,580 കിലോമീറ്റര്‍ റോഡുകള്‍ നവീകരിച്ചതും ആകെ റോഡുകളുടെ ദൈര്‍ഘ്യം 3,31,904 കിലോമീറ്ററായി വര്‍ധിപ്പിച്ചതും ഒക്കെ ഇത്തരത്തില്‍ മുന്‍ ഇടതുസര്‍ക്കാരുകളുടെ നേട്ടങ്ങളോട് മത്സരിച്ചതുകൊണ്ടാണ്.

500-ലധികം കുടുംബാരോഗ്യകേന്ദ്രങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞു. 7263 തസ്തികകള്‍ ആരോഗ്യമേഖലയില്‍ പുതുതായി ആരംഭിച്ചു. 1,58,000 ആളുകള്‍ക്ക് പി.എസ്.സി.യിലൂടെ നിയമനം നല്‍കിയതും 3900 സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാന്‍ അവസരമൊരുക്കിയതും 30,000-ലധികം തൊഴില്‍സംരംഭങ്ങള്‍ക്ക് ജീവന്‍ നല്‍കിയതും നമ്മുടെ നാടും നാട്ടുകാരും മെച്ചപ്പെടണം എന്ന കാഴ്ചപ്പാടുള്ളതുകൊണ്ടാണ്.

മുടങ്ങിക്കിടന്ന ഗെയ്ല്‍ പൈപ്പ്ലൈന്‍, എടമണ്‍-കൊച്ചി വൈദ്യുതലൈന്‍, റെയില്‍വേ വികസനം എന്നിവയൊക്കെ യാഥാര്‍ഥ്യമാക്കിയതും മലയോര ഹൈവേ, തീരദേശ ഹൈവേ, ദേശീയജലപാത, ദേശീയപാതാ വികസനം, പുഗലൂര്‍-മാടത്തറ എച്ച്.വി.ഡി.സി. ലൈന്‍ എന്നിവ ഏറ്റെടുത്തതും കണ്ണൂര്‍ വിമാനത്താവളം, കൊച്ചി വാട്ടര്‍മെട്രോ എന്നിവയുടെ പ്രവര്‍ത്തനം ആരംഭിച്ചതും കൊച്ചി മെട്രോയുടെ വികസനം സാധ്യമാക്കിയതും എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ്.

പരമ്പരാഗത ശൈലിയില്‍നിന്നുമാറി ചിന്തിച്ചവരാണ് നമ്മള്‍. അങ്ങനെയാണ് കിഫ്ബിയും അതിലൂടെയുള്ള വികസനങ്ങളും വന്നത്.

ഇതൊക്കെ കാണുന്നവര്‍, കിഫ്ബി നിര്‍ത്തും, കേരള ബാങ്ക് പൂട്ടിക്കും, കുടുംബശ്രീ പിരിച്ചുവിടും, ലൈഫ് ഇല്ലാതാക്കും എന്നൊക്കെയുള്ള ആക്രോശങ്ങള്‍ എങ്ങൊേെക്കയാനിന്നു കേള്‍ക്കുമ്പോള്‍ ഉള്ളില്‍ ഞെട്ടുകയാണ്. എല്ലാംതകര്‍ക്കാന്‍ നില്‍ക്കുന്നവര്‍ക്കല്ല, എല്ലാംനിര്‍മിക്കാന്‍ നില്‍ക്കുന്നവര്‍ക്കാണ് തങ്ങളുടെ വോട്ട് എന്ന് പ്രതിജ്ഞയെടുക്കുകയാണ്. അതാണ് എല്‍.ഡി.എഫിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ഘടകം. ഉറപ്പാണ് എന്ന മുദ്രാവാക്യത്തിനു വിശ്വാസ്യതയുണ്ടാക്കുന്ന ഘടകം.

ജനതയെ ചേര്‍ത്തുപിടിച്ച്

സര്‍ക്കാര്‍ എന്ന സംവിധാനം ജനതാത്പര്യങ്ങള്‍ക്കു വിരുദ്ധമായി നീങ്ങുന്ന അടിച്ചമര്‍ത്തല്‍ സംവിധാനമാണെന്ന ധാരണയെ, ജനതയെ ചേര്‍ത്തുപിടിച്ച് ഒപ്പംനിര്‍ത്തുന്ന ജനകീയ സംവിധാനമാണ് സര്‍ക്കാര്‍ എന്ന നിലയിലേക്കു തിരുത്തിയ അഞ്ചുവര്‍ഷങ്ങമാണ് കടന്നുപോയത്. ചെയ്യാമെന്നു പറഞ്ഞത് എത്രത്തോളം ചെയ്തു എന്നു പരിശോധിച്ച് ജനങ്ങള്‍ക്കുമുമ്പില്‍ പ്രോഗ്രസ് റിപ്പോര്‍ട്ടായി അവതരിപ്പിച്ച സര്‍ക്കാര്‍, ജനങ്ങളോടുള്ള ഭരണത്തിന്റെ ഉത്തരവാദിത്വത്തിന് അടിവരയിട്ടുകൊണ്ട് ജനാധിപത്യസങ്കല്പംതന്നെ പുരോഗമനപരമായി പൊളിച്ചെഴുതുകയായിരുന്നു.

വോട്ടവകാശമുള്ള എല്ലാവരും തങ്ങളുടെ സമ്മതിദായകാവകാശം വിനിയോഗിക്കണം.