തിരുവനന്തപുരം: അട്ടിമറി വിജയം നേടാനും ചരിത്രം കുറിക്കാനും കച്ചകെട്ടിയിറങ്ങി മുന്നണികള്‍. പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറില്‍ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ആവേശം കൊട്ടിക്കയറി. കോവിഡിന്റെ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൊട്ടിക്കലാശം നിരോധിച്ചിരുന്നുവെങ്കിലും കലാശക്കൊട്ട് മുന്നണികള്‍ കലക്കനാക്കി. വയനാട് ജില്ലയില്‍ പ്രചാരണം വൈകുന്നേരം ആറുമണിയോടെ അവസാനിച്ചു. മറ്റ് ജില്ലകളില്‍ ഏഴുമണിയോടെയും പരസ്യ പ്രചാരണത്തിന് അവസാനമായി. കേരളത്തിലെ 140 മണ്ഡലങ്ങളിലേക്കും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പുമാണ് ഏപ്രില്‍ ആറിന് നടക്കുന്നത്.

ernakulam
പരസ്യ പ്രചാരണത്തിന്റെ അവസാന നിമിഷങ്ങളില്‍ എറണാകുളം കളമശ്ശേരിയില്‍നിന്നുള്ള കാഴ്ച| ഫോട്ടോ: ബി. മുരളീകൃഷ്ണന്‍\ മാതൃഭൂമി

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധിയും വിവിധയിടങ്ങളില്‍ റോഡ് ഷോകളില്‍ പങ്കെടുത്തു. വോട്ടുറപ്പിച്ചും അണികളെ ആവേശഭരിതരാക്കിയും എല്ലാ സ്ഥാനാര്‍ഥികളും മണ്ഡലത്തിലെ അവസാനവട്ട ഓട്ടപ്പാച്ചിലിലായിരുന്നു ഇന്ന്. നാളത്തെ നിശ്ശബ്ദ പ്രചാരണത്തിനു ശേഷം ഏപ്രില്‍ ആറിന് കേരളം പോളിങ് ബൂത്തിലേക്കു പോകും. 

കണ്ണൂരിലെ ധര്‍മടത്താണ് മുഖ്യമന്ത്രി പിണറായി  വിജയന്‍ റോഡ് ഷോ നടത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടുക്കി ഉടുമ്പന്‍ചോലയിലും രാഹുല്‍ ഗാന്ധി കോഴിക്കോട്ടും നേമത്തും റോഡ് ഷോകളില്‍ പങ്കെടുത്തു. ഭരണത്തുടര്‍ച്ചയെന്ന ചരിത്രം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് എല്‍.ഡി.എഫ്. അതേസമയം ഭരണം തിരിച്ചു പിടിക്കുക എന്ന ഒരേയൊരു ലക്ഷ്യത്തിലാണ് യു.ഡി.എഫിന്റെ നീക്കം. കൂടുതല്‍ സീറ്റുകള്‍ നേടി സ്ഥിതി മെച്ചപ്പെടുത്താനാണ് എന്‍.ഡി.എ.യുടെ ശ്രമം. 

അതേസമയം സംസ്ഥാനത്ത് ചിലയിങ്ങളില്‍ സംഘര്‍ഷവുണ്ടായി. കൊല്ലം കരിക്കോട്ടും ഇടുക്കി ചെറുതോണിയിലും എല്‍.ഡി.എഫ്.-യു.ഡി.എഫ്. സംഘര്‍ഷമുണ്ടായി.

kannur
പരസ്യപ്രചാരണത്തിന്റെ അവസാന നിമിഷങ്ങളില്‍ കണ്ണൂരില്‍ ബി.ജെ.പിയുടെ പരിപാടിയില്‍നിന്ന്| ഫോട്ടോ: റിദിന്‍ ദാമു\ മാതൃഭൂമി

വടക്കന്‍ മണ്ഡലങ്ങള്‍

കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ 48 മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന വടക്കന്‍ കേരളത്തില്‍ നിലവിലുള്ള മേല്‍ക്കൈ നിലനിര്‍ത്തുക എന്നത് ഭരണം നിലനിര്‍ത്താന്‍ എല്‍.ഡി.എഫിന് നിര്‍ണായകമാണ്. നിലവില്‍ നന്നായി ചുവന്ന ജില്ലകള്‍ത്തന്നെയാണ് മലപ്പുറം ഒഴിച്ചുള്ള നാലു ജില്ലകളും. അതുകൊണ്ടുതന്നെ, മേധാവിത്തം നിലനിര്‍ത്താന്‍ എല്‍ഡിഎഫും പിടിച്ചെടുക്കാന്‍ യുഡിഎഫും നടത്തുന്ന പോരാട്ടമാണ് വടക്കന്‍ കേരളത്തിലെ പൊതുവിലുള്ള തിരഞ്ഞെടുപ്പ് ചിത്രം.

Read More: ഉത്തരകേരളം കുലുങ്ങുമോ?ചലനമുണ്ടാക്കാനിടയുള്ള വടക്കന്‍ മണ്ഡലങ്ങള്‍

മധ്യകേരളം നിര്‍ണായകം

ഇനി മധ്യകേരളം എടുത്താല്‍; പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി എന്നീ അഞ്ചു ജില്ലകളിലായി 53 മണ്ഡലങ്ങളാണ് ഉളളത്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 53 ല്‍ 32 ഉം ഇടതുപക്ഷം നേടി. 21 എണ്ണം യുഡിഎഫും. അതില്‍ത്തന്നെ തൃത്താല, തൃശ്ശൂര്‍, കളമശ്ശേരി, കോതമംഗലം, പാല, പൂഞ്ഞാര്‍, ഏറ്റുമാനൂര്‍, ഇടുക്കി എന്നീ എട്ടുമണ്ഡലങ്ങളിലാണ് തീപാറും പോരാട്ടം നടക്കുന്നത്. ഇടതിന് അല്പം ബലക്കുറവുണ്ടെന്ന് കരുതുന്ന ഈ മേഖലയില്‍ ഇടത് വലിയ വിജയം കരസ്ഥമാക്കിയപ്പോള്‍ ഈ യുഡിഎഫ് കോട്ടകള്‍ തകര്‍ത്തുകൊണ്ട് ഇടത് ഇത്തവണ ഇവിടെ സ്ഥാനമുറപ്പിക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. ബി.ജെ.പി വിജയപ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മണ്ഡലങ്ങളില്‍ ചിലതും മധ്യകേരളത്തിലാണ്. സാമുദായിക സമവാക്യങ്ങള്‍ക്ക് പ്രധാന്യമുളള ഈ മണ്ഡലങ്ങളില്‍ പള്ളിത്തര്‍ക്കം രൂക്ഷമായതിനാല്‍ സഭകളുടെ നിലപാട് ഒരുപക്ഷേ വിജയത്തെ സ്വാധീനിച്ചേക്കാം. യുഡിഎഫ് വിട്ട് ഇടത്തേക്ക് ചേക്കേറിയ കേരള കോണ്‍ഗ്രസ് എമ്മിനും കരുത്തരാണെന്ന് തെളിയിക്കേണ്ടതിനാല്‍ നിര്‍ണായകമാണ് ഈ തിരഞ്ഞെടുപ്പ്.

Read More: മധ്യകേരളം നിര്‍ണായകം; തീപാറും പോരാട്ടം നടക്കുന്ന മണ്ഡലങ്ങള്‍ ഇവയാണ്‌

തെക്കന്‍ കേരളത്തില്‍ ങ്ങനെ

ഏറ്റവും ശക്തമായ ത്രികോണ മത്സരം അരങ്ങേറുന്ന മേഖലയാണ് തെക്കന്‍ കേരളം. ജാതി-മത ഘടകങ്ങള്‍ കെട്ടിപുണര്‍ന്ന് കിടക്കുന്ന തെക്കന്‍ കേരളത്തിലെ ഭൂരിപക്ഷം മണ്ഡലങ്ങളിലും അതിതീവ്രമായ മത്സരമാണ് ഇത്തണ നടക്കുന്നത്. പ്രചാരണം അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴും മുന്നണികള്‍ക്കും തിരഞ്ഞെടുപ്പ് വിദഗദ്ധര്‍ക്കും പ്രവചനം അസാധ്യമായ നേമവും കഴക്കൂട്ടവും ആറന്മുളയമുടങ്ങുന്ന തെക്കന്‍ കേരളത്തിലേക്ക് ഒരു എത്തിനോട്ടം നടത്താം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ നാല് ജില്ലകളിലായി 39 മണ്ഡലങ്ങളാണുള്ളത്. 2016-ല്‍ ഇടതുപക്ഷത്തിന് മൃഗീയ ആധിപത്യം തെക്കന്‍ കേരളത്തിലുണ്ടായിരുന്നു. 39 മണ്ഡലങ്ങളില്‍ 32 ഇടങ്ങളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ജയിക്കാനായി. ആറിടങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്. സംസ്ഥാന നിയമസഭാ ചരിത്രത്തില്‍ ബിജെപിക്ക് ആദ്യമായി ഒരു പ്രതിനിധിയെ നല്‍കിയതും തെക്കന്‍ കേരളമാണ്.

Read More: 2016-ല്‍ എല്‍ഡിഎഫിന് സമഗ്രാധിപത്യം; തെക്കന്‍ കേരളത്തില്‍ ഇത്തവണ അങ്ങനെയല്ല കാര്യങ്ങള്‍

content highlights: kerala assembly election 2021 campaign ldf, udf, nda