കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏക സിറ്റിങ് സീറ്റ് നഷ്ടപ്പെടുകയും വോട്ട് ശതമാനത്തില്‍ കാര്യമായ ഇടിവുണ്ടാകുകയും ചെയ്തത് ബി.ജെ.പിയെ കുറച്ചൊന്നുമല്ല പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. എന്നാല്‍, സംസ്ഥാനത്ത് ഒന്‍പത് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്താന്‍ സാധിച്ചു എന്നത് അവര്‍ക്ക് നേരിയ ആശ്വാസത്തിനുള്ള വകനല്‍കുന്നു. 

പ്രതീക്ഷയുണ്ടായിരുന്ന മണ്ഡലങ്ങളില്‍ വിജയിക്കാനായില്ലെങ്കിലും ഒമ്പതിടത്ത് വിജയിച്ച സ്ഥാനാര്‍ഥികളുടെ തൊട്ടുപിന്നലെത്താന്‍ ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ക്ക് സാധിച്ചു. നേമം (വോട്ട് വിഹിതം 35.54%), പാലക്കാട് (35.34%), മഞ്ചേശ്വരം (37.7%), ആറ്റിങ്ങല്‍ (25.92%), ചാത്തന്നൂര്‍ (30.61%), കഴക്കൂട്ടം (29.06%), വട്ടിയൂര്‍ക്കാവ് (28.77%), മലമ്പുഴ (30.68%), കാസര്‍കോട് (34.88%) എന്നീ മണ്ഡലങ്ങളിലാണ് ബി.ജെ.പി. രണ്ടാമതെത്തിയത്. ഇതില്‍ ആറ് മണ്ഡലങ്ങളില്‍ 30 ശതമാനത്തിന് മുകളിലാണ് വോട്ട് വിഹിതം.

2016-ല്‍ ആറ് മണ്ഡലങ്ങളിലാണ് ബി.ജെ.പി. രണ്ടാം സ്ഥാനത്തെത്തിയത്. അന്ന് 15 ശതമാനമായിരുന്നു ബി.ജെ.പിക്ക് കിട്ടിയ ആകെ വോട്ട് ശതമാനം. ഇക്കുറി വോട്ട് വിഹിതം 12.4 ശതമാനമായി കുറഞ്ഞെങ്കിലും ഒമ്പത് മണ്ഡലങ്ങളില്‍ രണ്ടാമതെത്താന്‍ കഴിഞ്ഞു എന്നതാണ് പ്രധാനം. എന്നാല്‍ വിജയം പ്രതീക്ഷിച്ചിരുന്ന തൃശ്ശൂര്‍, കോന്നി എന്നിവിടങ്ങളില്‍ ബി.ജെ.പിക്ക് മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു എന്നതും ശ്രദ്ധേയമാണ്.

Content Highlights: Kerala Assembly Election 2021, BJP