കണ്ണൂർ: മുന്നണികളെ മാറിമാറി വരിക്കുന്ന ചാഞ്ചാട്ടരീതി മതിയാക്കി ഒന്നിനെ തുടർച്ചയായി രണ്ടുവട്ടം വരിക്കാൻ കേരളം തയ്യാറായി. കഴിഞ്ഞ അഞ്ചുകൊല്ലം നാലുതിരഞ്ഞെടുപ്പുകണ്ടു കേരളം. മൂന്നിലും മുന്നണികൾ മാറിമാറി ജയിച്ചു. നാലാമത്തേതും അങ്ങനെയാകുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ തെറ്റി. മൂന്നും നാലും തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി വിജയം ആവർത്തിച്ചു.

2016-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ 77.10 ശതമാനമായിരുന്നു പോളിങ്. ഇടതുമുന്നണിക്ക് 91 സീറ്റ്, 43.1 ശതമാനം വോട്ട്. യു.ഡി.എഫിന് 48 സീറ്റ്, 38.85 ശതമാനം വോട്ട്. എൻ.ഡി.എ.യ്ക്ക് ഒരുസീറ്റും 14.7 ശതമാനം വോട്ടും. ഇടതുമുന്നണിക്ക് മൂന്നിൽരണ്ട് ഭൂരിപക്ഷത്തിന് മൂന്നുസീറ്റുമാത്രം കുറവ്.

ക്യാമറ 2019-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിലേക്ക്. 77.68 ശതമാനം വോട്ട് ചെയ്യപ്പെട്ടു. 1.91 കോടി പേർ വോട്ടുചെയ്തു. ആകെയുള്ള 20 സീറ്റിൽ 19 യു.ഡി.എഫിന്, 43 ശതമാനം വോട്ട്. എൽ.ഡി.എഫിന് ഒന്നുമാത്രം, 37 ശതമാനം വോട്ട്. എൻ.ഡി.എ.യ്ക്ക് സീറ്റില്ല, 16 ശതമാനം വോട്ട്. ഇതിനെ നിയമസഭാസീറ്റിലേക്ക് പരിവർത്തനപ്പെടുത്തുമ്പോൾ യു.ഡി.എഫിന് 123 സീറ്റ്. എൽ.ഡി.എഫിന് 16 മാത്രം. എൻ.ഡി.എ.യ്ക്ക് ഒന്നും. യു.ഡി.എഫിന് നാലിൽ മൂന്നിലേറെ ഭൂരിപക്ഷം. മൂന്നുകൊല്ലംകൊണ്ട് കേരളം മനസ്സ് അപ്പാടെ മാറ്റിക്കളഞ്ഞു.

തൊട്ടടുത്ത വർഷം, അതായത് 2020-ൽ തദ്ദേശതിരഞ്ഞെടുപ്പ് നടന്നു. 75.93 ശതമാനം പോളിങ്. എൽ.ഡി.എഫിന് 41.55 ശതമാനംവോട്ട്. യു.ഡി.എഫിന് 37.2 ശതമാനവും എൻ.ഡി.എ.യ്ക്ക് 14.5 ശതമാനവുമെന്ന് ഏകദേശകണക്ക്. ലഭ്യമായ വോട്ടുകണക്കുകളെ നിയമസഭാസീറ്റിലേക്ക് പരിവർത്തനപ്പെടുത്തിയാൽ ഇടതുമുന്നണിക്ക് 101 സീറ്റ്. യു.ഡി.എഫിന് 38 സീറ്റ്, എൻ.ഡി.എ. ഒന്നുനിലനിർത്തി. വീണ്ടും കുട്ടിക്കരണംമറിഞ്ഞു കേരളം.

ഈ ക്രമം ആവർത്തിച്ചാൽ ഇപ്പോഴത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. ജയിക്കേണ്ടതായിരുന്നു. പക്ഷേ, തദ്ദേശതിരഞ്ഞെടുപ്പിലെ ഫലം ഏറക്കുറെ ആവർത്തിക്കുകയാണ് ചെയ്തത്. സ്വാഭാവികമായും യു.ഡി.എഫ് 40 സീറ്റിലൊതുങ്ങി. എൻ.ഡി.എ.യ്ക്ക് കഴിഞ്ഞ തവണത്തെ ഒരുസീറ്റും നഷ്ടമായി.

കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ യു.ഡി.എഫിൽനിന്ന് 3.99 ശതമാനം വോട്ടുേനടിയ കേരള കോൺഗ്രസ് എമ്മിലെ പ്രബലവിഭാഗം ഇത്തവണ ഇടതുപക്ഷത്താണ് മത്സരിച്ചത്. 1.46 ശതമാനം വോട്ടുനേടിയ ജനതാദൾ (യു)പിന്നീട് ലോക് താന്ത്രിക് ജനതാദളായി ഇടതുപക്ഷത്തേക്കും മാറി.