തിരുവനന്തപുരം: പിണറായി സർക്കാരിന്റെ ഭരണത്തുടർച്ചയ്ക്ക് തടയിടാൻ പ്രതിപക്ഷത്തിന് പടക്കോപ്പുകൾ പലതുണ്ടായിരുന്നു. ശബരിമല മുതൽ അഴിമതി ആരോപണങ്ങൾവരെ. പക്ഷേ, എല്ലാം പാഴായി. സർക്കാർ വോട്ടുബാങ്ക് വലുതാക്കിക്കൊണ്ടിരുന്നു.

സ്വർണ-ഡോളർ കടത്ത്, ആഴക്കടൽ മത്സ്യബന്ധന കരാർ, ലൈഫ് മിഷനിൽ ഫ്ളാറ്റ് നിർമാണക്കരാറിലെ ക്രമക്കേട്, പിൻവാതിൽ നിയമനം, സ്‌പ്രിക്ലർ കരാർ, വോട്ടർപട്ടികയിലെ ഇരട്ടിപ്പ്, തപാൽവോട്ടിൽ അട്ടിമറി, രണ്ടുമന്ത്രിമാർക്കുനേരേ ഉയർന്ന ബന്ധുനിയമന ആരോപണം, ബെവ് ക്യു ആപ്, പമ്പയിലെ മണൽനീക്കം- പലതിലും ക്രമക്കേട് ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപണങ്ങൾ ഉയർത്തി. ഇവയൊക്കെ സർക്കാരിനെ പിടിച്ചുലയ്ക്കുമെന്നും യു.ഡി.എഫിന് അനുകൂലമാകുമെന്നും ചിന്താഗതിയുണ്ടായി. എന്നാൽ നേരിയ പോറലുണ്ടാക്കാനായത് ആഴക്കടൽ വിവാദത്തിനുമാത്രം. അതാണ് കുണ്ടറയിൽ ഇടതുസ്ഥാനാർഥി ജെ. മേഴ്‌സിക്കുട്ടിയമ്മയ്ക്കു ഒരുപരിധിവരെ വിനയായത്.

ലോക്‌സഭാ തിരഞ്ഞടുപ്പിൽ വിജയത്തിലേക്കു നയിച്ചതിനു പ്രധാനകാരണങ്ങളിലൊന്നായ ശബരിമലയാകട്ടെ, ഇത്തവണ യു.ഡി.എഫിനെ തീർത്തും കൈവിട്ടു. ബി.ജെ.പി.ക്കും അതിന്റെ ഗുണം കിട്ടിയില്ലെന്നു കോന്നി, നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലെ ഫലങ്ങൾ തെളിയിക്കുന്നു.

സർക്കാരിനെ ഏറ്റവും കൂടുതൽ പ്രതിരോധത്തിലാക്കിയത് സ്വർണ-ഡോളർക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളും വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് നിർമാണത്തിലെ ക്രമക്കേടുമായിരുന്നു. ദേശീയ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു ചിലമന്ത്രിമാരും സ്പീക്കറുമൊക്കെ. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും പ്രമുഖരിലേക്കും അന്വേഷണം നീണ്ടെങ്കിലും അതൊന്നും യു.ഡി.എഫിനോ ബി.ജെപിയ്‌ക്കോ അനുകൂല വോട്ടായില്ല.

ആഴക്കടൽ മത്സ്യബന്ധന കരാർ തിരഞ്ഞടുപ്പിനെ ബാധിച്ചില്ലെന്നുതന്നെ കരുതണം. ബാധിച്ചെങ്കിൽ തീരദേശത്തെ കുറെയധികം സീറ്റുകളെങ്കിലും ഇടതുമുന്നണിക്ക്‌ നഷ്ടമായേനെ. എന്നാൽ ഈ ആരോപണവുമായി ബന്ധപ്പെട്ട ഇ.എം.സി.സി. പ്രസിഡന്റ് മേഴ്‌സിക്കുട്ടിയമ്മയ്ക്കെതിരേ മത്സരിച്ചതും ഒടുവിൽ സ്വയം കുഴിച്ച കുഴിയിൽ വീണ് അറസ്റ്റിലായതും പിന്നീട് കാണാനായി. കോവിഡ് രോഗികളുടെ വിവരങ്ങൾ സ്‌പ്രിംക്ലർ എന്ന വിദേശകമ്പനിക്ക്‌ നൽകാൻ കരാറുണ്ടാക്കിയത് സർക്കാരിനെ വെട്ടിലാക്കിയതാണ്. ഇതിന്റെ ഉത്തരവാദിത്തമേറ്റ് ഐ.ടി. സെക്രട്ടറി എം. ശിവശങ്കർ ചാനലുകളിലും സി.പി.ഐ. ഓഫീസിലും കയറിയിറങ്ങിയത് സർക്കാരിനുണ്ടാക്കിയ നാണക്കേട് ചെറുതായിരുന്നില്ല. ഈ നാണക്കേടും യു.ഡി.എഫിന് വോട്ടാക്കാനായില്ല. ഇതേ ഐ.ടി. സെക്രട്ടറി സ്വർണക്കടത്തുകേസിൽ കസ്റ്റംസിന്റെ പിടിയിലായതും പ്രതിപക്ഷത്തിന് ഗുണമായില്ല. വിവാദവിഷയങ്ങളിൽ ഒട്ടുമിക്കവയും പുറത്തുകൊണ്ടുവന്നത് രമേശ് ചെന്നിത്തലയാണ്. എന്നാൽ അതൊക്കെ പാർട്ടി എത്രമാത്രം ഏറ്റെടുത്തെന്ന ചോദ്യം ബാക്കിയാവുന്നു.

സർക്കാരും ഇടതുമുന്നണിയുമാകട്ടെ, പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളും കോവിഡ് പ്രതിരോധവും ഭക്ഷ്യകിറ്റും പെൻഷനും ഉൾപ്പെടെയുള്ള ക്ഷേമപ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടി വോട്ടെല്ലാം അനുകൂലമാക്കി.