തിരുവനന്തപുരം: കനത്തരീതിയിൽ തുടങ്ങി മന്ദഗതിയിലേക്ക് നീങ്ങിയ വോട്ടിങ് നിലയായിരുന്നു സംസ്ഥാനത്ത്. വോട്ടെടുപ്പ് ആരംഭിച്ച് ആദ്യമണിക്കൂറിനിടെ ഏഴുശതമാനത്തിലധികം വോട്ടാണ് പോൾ ചെയ്തത്. 12 മണിക്കൂർ നീണ്ട വോട്ടെടുപ്പിൽ ഒരു മണിക്കൂറിനിടെ 11 ശതമാനത്തിലധികം വോട്ട് പോൾ ചെയ്യപ്പെട്ട സമയവുമുണ്ടായിരുന്നു. മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 15,730 പോളിങ് ബൂത്തുകൾ കൂടുതലുണ്ടായിരുന്നതിനാൽ പലയിടത്തും വോട്ടർമാരുടെ നീണ്ടനിര ഉണ്ടായിരുന്നില്ല. ആദ്യമണിക്കൂറുകളിൽ പുരുഷന്മാരായിരുന്നു കൂടുതലായും വോട്ടുചെയ്തത്.

വോട്ടിങ് ആരംഭിച്ച് ഒരു മണിക്കൂറിനകം 8.16 ശതമാനം പുരുഷന്മാരും 6.02 ശതമാനം സ്ത്രീകളും വോട്ടുചെയ്തു. പത്തുമണി ആയപ്പോൾ വോട്ടിങ് ശതമാനം 20.20 ആയി. ഈ സമയത്ത് 22.48 ശതമാനം പുരുഷന്മാരും 18.06 ശതമാനം സ്ത്രീകളും വോട്ടുചെയ്തു. 11 മണിയായപ്പോൾ 28.38 ശതമാനമായ വോട്ടിങ്നില പന്ത്രണ്ടായപ്പോഴേക്കും 37.23 ശതമാനമായി. പന്ത്രണ്ടുമണിയായപ്പോഴക്കും 34.86 ശതമാനം സ്ത്രീകളും ബൂത്തുകളിലെത്തിക്കഴിഞ്ഞിരുന്നു. ഉച്ചയ്ക്ക് ഒന്നരമണിയോടെ പോളിങ് 50 ശതമാനം കവിഞ്ഞു. ഈ സമയത്തുതന്നെ പകുതിയിലധികം സ്ത്രീകളും വോട്ട് രേഖപ്പെടുത്തിയിരുന്നു.

രണ്ടുമണിക്ക് 52 ശതമാനം കടന്ന വോട്ടെടുപ്പ് മൂന്നുമണി ആയപ്പോൾ 54 ശതമാനം മാത്രമായാണ് ഉയർന്നത്‌. നാലുമണിയായപ്പോൾ പോളിങ് 63 ശതമാനം കടന്നു. അഞ്ചുമണിക്ക് 69 ശതമാനമായും ആറുമണിക്ക് 71.31 ശതമാനവുമായി. പോളിങ് അവസാനിക്കുന്ന ഏഴുമണിക്ക് വോട്ടിങ് 73 ശതമാനം കടന്നു.

കോവിഡ് പശ്ചാത്തലത്തിൽ ഒരു ബൂത്തിൽ പരമാവധി ആയിരം വോട്ടർമാരെ മാത്രമാണ് അനുവദിച്ചത്. ഇതോടെയാണ് പോളിങ് ബൂത്തുകളുടെ എണ്ണം 25,041-ൽനിന്ന് 40,771 ആയി ഉയർന്നത്.

അവശ്യസർവീസ് വിഭാഗം ഉൾപ്പടെയുള്ള 18 വിഭാഗങ്ങൾക്ക് തപാൽ വോട്ടും അനുവദിച്ചിരുന്നു. ഇതെല്ലാം ബൂത്തുകൾക്ക് മുന്നിലെ നീണ്ടനിര ഒഴിവാകാൻ സഹായകമായി.