തിരുവനന്തപുരം: പ്രചാരണത്തിൽക്കണ്ട അസാധാരണമായ വീറും വാശിയും പ്രതിഫലിപ്പിച്ച നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്തത് 74.04 ശതമാനം. ഈ കണക്ക് അന്തിമമല്ല. തപാൽവോട്ടുകളും കണക്കിലെടുത്തിട്ടില്ല. ബുധനാഴ്ചയേ അന്തിമകണക്ക് ലഭ്യമാകൂ. മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ 74.53 ശതമാനംപേർ വോട്ടുചെയ്തു. 2016-ൽ 77.35 ശതമാനമായിരുന്നു പോളിങ്. അന്തിമകണക്ക് 2016-ലെ പോളിങ് ശതമാനത്തിന് അടുത്തെത്തുമെന്നാണ് കരുതുന്നത്. കൂടാനും സാധ്യതയുണ്ട്. വോട്ടിങ് യന്ത്രങ്ങൾ സുരക്ഷിതകേന്ദ്രങ്ങളിലേക്ക്‌ മാറ്റി. മേയ് രണ്ടിനാണ് വോട്ടെണ്ണൽ.

ചൊവ്വാഴ്ച രാത്രി ലഭ്യമായ കണക്കനുസരിച്ച് 73.69 ശതമാനം പുരുഷന്മാരും 73.48 ശതമാനം സ്ത്രീകളും ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ 37.37 ശതമാനംപേരും വോട്ടുചെയ്തു. വോട്ടെടുപ്പിൽ രാവിലെ മുതൽ ആവേശം പ്രകടമായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ 15,730 ബൂത്തുകൾ കൂടുതൽ അനുവദിച്ചതിനാൽ തിരക്കില്ലാതെ വോട്ടുചെയ്യാനായി. ഒമ്പത് മണ്ഡലങ്ങളിലൊഴികെ രാവിലെ ഏഴിന് വോട്ടെടുപ്പ് തുടങ്ങി. വൈകീട്ട് ഏഴുവരെയായിരുന്നു വോട്ടെടുപ്പ്. സുരക്ഷാപ്രശ്നങ്ങളുള്ള ഒമ്പത് മണ്ഡലങ്ങളിൽ ആറിന് അവസാനിച്ചെങ്കിലും ആ സമയം ബൂത്തിലുണ്ടായിരുന്നവർക്ക് ടോക്കൺ നൽകി വോട്ടുചെയ്യാൻ അനുവദിച്ചു. അവസാന മണിക്കൂറിൽ കോവിഡ് ബാധിതരും നിരീക്ഷണത്തിലുള്ളവരും വോട്ടുചെയ്യാനെത്തി.

കാര്യമായ സംഘർഷങ്ങളോ കലഹങ്ങളോ ഇല്ലാതെയാണ് വോട്ടെടുപ്പ് പൂർത്തിയായത്. ചിലയിടങ്ങളിൽ ചെറിയതോതിൽ സംഘർഷമുണ്ടായി. വോട്ടിങ് യന്ത്രങ്ങളുടെ പിഴവും ഇത്തവണ അപൂർവമായിരുന്നു. കള്ളവോട്ടിനുള്ള ശ്രമങ്ങളെക്കുറിച്ച് ഒട്ടേറെ പരാതികളുയർന്നു. കള്ളവോട്ടുകൾക്കെതിരേ രാഷ്ട്രീയപ്പാർട്ടികൾ ജാഗ്രതപാലിച്ചത് വോട്ടിങ് ശതമാനത്തിൽ നേരിയ കുറവുണ്ടാക്കിയതായാണ് വിലയിരുത്തൽ. 2019 ഏപ്രിലിൽനടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ 77.68 ശതമാനവും 2020 ഡിസംബറിൽനടന്ന തദ്ദേശതിരഞ്ഞെടുപ്പിൽ 76.66 ശതമാനവും പേർ വോട്ടുചെയ്തിരുന്നു.

* 2016-ൽ കാൽനൂറ്റാണ്ടിനിടയിലെ ഏറ്റവും മികച്ച പോളിങ്ങാണ് നടന്നത്. അന്ന് എൽ.ഡി.എഫ്. 93 സീറ്റോടെ അധികാരത്തിലെത്തി. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച പോളിങ് രേഖപ്പെടുത്തിയ 1960-ൽ (85.70 ശതമാനം) കോൺഗ്രസ്-പി.എസ്.പി.-മുസ്‌ലിം ലീഗ് കൂട്ടുകെട്ടാണ് വിജയിച്ചത്. 1987-ൽ 80.53 ശതമാനമായിരുന്നു പോളിങ്. അന്ന് 77 സീറ്റുകളോടെ എൽ.ഡി.എഫ്. വിജയിച്ചു.

Content Highlights: Kerala records 74.02% turnout, northern districts fare better