തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പോളിങ് സാമഗ്രികള്‍ കൈപ്പറ്റാനുള്ള ഉദ്യോഗസ്ഥരുടെ നീണ്ട നിരയാണുള്ളത്. 

രാവിലെ എട്ട് മണിമുതലാണ് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു തുടങ്ങിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സാമഗ്രികള്‍ വിതരണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശമെങ്കിലും പല കേന്ദ്രങ്ങളിലും ഇത് പാലിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. 

ഒന്നരമാസത്തോളം നീണ്ടുനിന്ന പ്രചാരണത്തിന് ശേഷം കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. സംസ്ഥാനത്ത് ഇന്ന് നിശബ്ദ പ്രചരണത്തിന്റെ ദിവസമാണ്. 

140 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്സഭാ മണ്ഡലത്തിലേക്കുമുള്ള വിധിയെഴുത്ത് ചൊവ്വാഴ്ച രാവിലെ ഏഴിന് ആരംഭിക്കും. 131 മണ്ഡലങ്ങളില്‍ വൈകീട്ട് ഏഴുവരെയും ഒന്‍പത് നിയമസഭാ മണ്ഡലങ്ങളില്‍ വൈകീട്ട് ആറുവരെയുമാണ് വോട്ടെടുപ്പ്.

election
കൊല്ലം മോഡല്‍ ബോയ്‌സ് സ്‌കൂളില്‍  പോളിങ് സാമഗ്രികള്‍ ഏറ്റുവാങ്ങാനെത്തിയ ഉദ്യോഗസ്ഥരുടെ നീണ്ടനിര. ഫോട്ടോ; അജിത്ത് പനച്ചിക്കല്‍

സംസ്ഥാനത്ത് 59,000ത്തോളം പൊലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷയൊരുക്കുന്നത്. 140 കമ്പനി കേന്ദ്രസേനയും കേരളത്തിലുണ്ട്. ഇത്രയധികം കേന്ദ്രസേന കേരളത്തില്‍ ഇതാദ്യമായാണ് എത്തുന്നത്. അതിര്‍ത്തി ജില്ലകളിലെ കള്ളക്കടത്ത്, മദ്യക്കടത്ത് എന്നിവ തടയാന്‍ 152 സ്ഥലങ്ങളില്‍ അതിര്‍ത്തി അടക്കും. സംസ്ഥാനത്തെ 481 പോലീസ് സ്റ്റേഷനുകളെ 142 തിരഞ്ഞെടുപ്പ് സബ് ഡിവിഷനുകളായി തിരിച്ചാണ് സുരക്ഷയൊരുക്കുന്നത്. ജില്ലാ പോലീസ് മേധാവിമാര്‍ നേതൃത്വം വഹിക്കും. പോലീസിന്റെ വിവിധ പട്രോള്‍സംഘങ്ങള്‍ക്കുപുറമേ, നക്‌സല്‍ബാധിത പ്രദേശങ്ങളില്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ്, തണ്ടര്‍ബോള്‍ട്ട് എന്നിവയുമുണ്ടാകും. കൂടാതെ ഡ്രോണ്‍ സംവിധാനവും സുരക്ഷയ്ക്കായി ഒരുക്കുന്നുണ്ട്.