കോട്ടയം: രണ്ടുകൂട്ടർക്കായി കളമൊരുക്കുകയാണ് പാലാ. യു.ഡി.എഫ്. ക്യാമ്പിലേക്ക് കൂടുമാറാനൊരുങ്ങുന്ന മാണി സി. കാപ്പൻ എം.എൽ.എ.യുടെ തീരുമാനം ഒൗദ്യോഗികമായി വന്നില്ലെങ്കിലും അണികൾ മാറ്റത്തിന് സജ്ജമായി. പാലാ ബ്ലോക്ക് കമ്മിറ്റി ഒന്നടങ്കം അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചു. മറുവശത്ത്, പാലാ ഉറപ്പിച്ച് കിട്ടിയ ആവേശത്തിൽ അടിത്തട്ടിലേക്കിറങ്ങി പ്രവർത്തനം ശക്തമാക്കുകയാണ് കേരള കോൺഗ്രസ് ജോസ് വിഭാഗം.
മാണി സി. കാപ്പൻ ക്യാമ്പിൽ
ഞായറാഴ്ച രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്ര പാലായിലെത്തുമ്പോൾ അത് മാണി സി. കാപ്പൻ-യു.ഡി.എഫ്. സംഗമമാക്കാനാണ് ഒരുക്കം. കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്ന് കോൺഗ്രസ് നേതൃത്വം പറയുന്നുണ്ടെങ്കിലും കാപ്പനെടുക്കുന്ന തീരുമാനത്തിനൊപ്പം നിൽക്കാനാണ് ബ്ലോക്ക് കമ്മിറ്റി തീരുമാനം. മാണി സി. കാപ്പൻ പാലായിൽ മത്സരിക്കണമെന്ന് പ്രമേയം പാസാക്കിയ കമ്മിറ്റി, ഞായറാഴ്ച രാവിലെ അദ്ദേഹത്തിന് വരവേൽപ്പ് നൽകും. റോഡ്ഷോയും ഉണ്ട്. ഇൗ യാത്ര രമേശിന്റെ ജാഥയുമായി സംഗമിച്ചുനീങ്ങാനും സാധ്യതയുണ്ട്.
ജോസ് കെ. മാണി ക്യാമ്പിൽ
ഒട്ടും മോശമാക്കാതെ നോക്കാനാണ് ജോസ് പക്ഷം സജ്ജമാകുന്നത്. ഡൽഹിയിലായിരുന്ന ജോസ് കെ. മാണി മടങ്ങിയെത്തി തന്ത്രങ്ങൾക്ക് നേരിട്ട് മേൽനോട്ടംവഹിക്കുന്നു. പാലാ നേരത്തേതന്നെ ഉറപ്പിച്ച ജോസ് കെ. മാണി യുവാക്കളുമായി മുത്തോലിയിൽ സംവാദപരിപാടി നടത്തിയിരുന്നു. ഇടതുമുന്നണിയുടെ ജാഥ മണ്ഡലത്തിലെത്തുമ്പോൾ പരമാവധി ആളുകളെ എത്തിക്കാനാണ് പാർട്ടിശ്രമം.
അടിത്തട്ടിൽ ഇങ്ങനെ
176 ബൂത്തുകളാണ് പാലായിൽ. ഇതിൽ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് മേൽക്കൈയുള്ള 80 ബൂത്തുകളുണ്ട്. യു.ഡി.എഫ്. ക്യാന്പിൽ കോൺഗ്രസിനും അത്രതന്നെ സ്വാധീനമേഖലകളുണ്ട്. സി.പി.എമ്മിന് നഗരസഭയ്ക് പുറത്താണ് ശക്തി. തലനാട് മേഖലയാണ് ഇതിൽ പ്രധാനം. ജോസ് വിഭാഗവും സി.പി.എമ്മും ചേരുമ്പോൾ 100-120 ബൂത്തുകളിൽ ഇടതുമുന്നണിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ. ഉപതിരഞ്ഞെടുപ്പിനുശേഷംവന്ന പുതിയ ഒരുലക്ഷം വോട്ടുകളാകും വിധി നിർണയിക്കുക.
Content Highlights: Kerala Assembly Election 2021