വികസനമുന്നേറ്റ ജാഥ അഞ്ചുതല ഒരുക്കം
തിരുവനന്തപുരം: കേന്ദ്രീകൃത ആസൂത്രണവും പലതട്ടിലുള്ള നിർവഹണവുമാണ് ഇടതുമുന്നണിയുടെ വികസനമുന്നേറ്റ ജാഥയുടെ പ്രത്യേകത. രണ്ടുമേഖലകളായാണ് ജാഥ നടക്കുന്നതെങ്കിലും ഒരേരീതിയിലുള്ള മുന്നൊരുക്കവും സംഘാടനവുമാണ് രണ്ടിനുമുള്ളത്. ഓരോ ജാഥകളും അഞ്ചുമണ്ഡലങ്ങൾവീതം ഓരോദിവസവും പര്യടനം പൂർത്തിയാക്കും. ഇതിന് അഞ്ചുതലത്തിലാണ് നിർവഹണച്ചുമതലയുള്ളത്.
ഉദ്ഘാടനം, സമാപനം, സ്വീകരണ സമ്മേളനങ്ങളുടെ രീതി എന്നിവയെല്ലാം എൽ.ഡി.എഫ്. നിശ്ചയിച്ചു. തെക്കൻ മേഖലാജാഥ സി.പി.ഐ.യും വടക്കൻജാഥ സി.പി.എമ്മും നയിക്കും. യാത്രയ്ക്കുവേണ്ട വാഹനങ്ങൾ, ഓരോ ജില്ലകളും നിർവഹിക്കേണ്ട ചുമതലകൾ എന്നിവയും സംസ്ഥാനതലത്തിൽ തീരുമാനിച്ചു. ഇതാണ് ആദ്യതലത്തിലെ ആസൂത്രണം.
രണ്ടാംതലം പാർട്ടിതലത്തിലാണ്. ജാഥാക്യാപ്റ്റനെയും അംഗങ്ങളെയും ഓരോ പാർട്ടികളും നിശ്ചയിച്ചു. ജാഥയുടെ മുഴുവൻ നിർവഹണ ഉത്തരവാദിത്വവും ജില്ലാകമ്മിറ്റിക്കാണ്. ഇതാണ് മൂന്നാംതലത്തിലെ ഒരുക്കം. ഓരോ ജില്ലാ അതിർത്തിയിൽനിന്നും ജാഥയെ സ്വീകരിച്ച് മണ്ഡലങ്ങളിൽ സ്വീകരണയോഗം ഒരുക്കി, അതിർത്തികടക്കുന്നതുവരെയുള്ള ഉത്തരവാദിത്വമാണ് ജില്ലാകമ്മിറ്റിക്കുള്ളത്. ഫണ്ട് ശേഖരിക്കൽ, പ്രചാരണപരിപാടി സംഘടിപ്പിക്കൽ എന്നിവയെല്ലാം ഇതിൽപ്പെടും.
ഒരുമണ്ഡലത്തിൽ ഒരു സ്വീകരണകേന്ദ്രമാണ് വികസനമുന്നേറ്റയാത്രയ്ക്കുള്ളത്. ചെലവുവഹിക്കേണ്ടതും ഈ കമ്മിറ്റികളാണ്. സ്വീകരണം കോവിഡ് പ്രോട്ടോകോൾ പാലിച്ചാകണം. ഷാൾ, മാല എന്നിവയൊന്നും പാടില്ല. ഇതെല്ലാം മണ്ഡലം കമ്മിറ്റികളുടെ ചുമതലയാണ്. ജാഥാ അംഗങ്ങൾക്ക് ഭക്ഷണം, താമസം എന്നിവ ഒരുക്കേണ്ടതും മണ്ഡലം കമ്മിറ്റികളാണ്.
ജാഥാക്യാപ്റ്റന്റെ നേതൃത്വത്തിലുള്ള ക്രമീകരണമാണ് അവസാനത്തേത്. ജാഥ തുടങ്ങുംമുമ്പായി ക്യാപ്റ്റന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് ജാഥയിലെ ഓരോ അംഗങ്ങൾക്കും പ്രത്യേകം ചുമതല നൽകും. സമയക്രമീകരണം, ജാഥാംഗങ്ങൾ സ്വീകരണകേന്ദ്രത്തിലേക്ക് പോകുന്നത് നിശ്ചയിക്കൽ ഇങ്ങനെയൊക്കെയാണ് ആ ചുമതല. എല്ലാദിവസവും രാവിലെ ജാഥാംഗങ്ങൾ യോഗംചേരും. ഓരോ സ്വീകരണകേന്ദ്രത്തിലും പ്രസംഗിക്കുന്നവരെ ചുമതലപ്പെടുത്തുകയാണ് പ്രധാനം. എല്ലാ അംഗങ്ങളും എല്ലായിടത്തും പ്രസംഗിക്കില്ല. ഓരോ സ്ഥലത്തിന്റെയും പ്രത്യേകതയനുസരിച്ചാകും ഘടകകക്ഷിനേതാക്കൾക്കുള്ള പ്രസംഗവേദി നിശ്ചയിക്കുന്നത്. ഒരുസ്ഥലത്തെ സ്വീകരണച്ചടങ്ങ് തീരുന്നതിനുമുമ്പ് ജാഥാംഗങ്ങളിൽ കുറച്ചുപേർ അടുത്തസ്ഥലത്തേക്ക് പോകും. സമയം പാലിക്കാനാണിത്. ഇങ്ങനെ പോകേണ്ടവരെയും നേരത്തേ തീരുമാനിക്കും.
14 ദിവസം
14 ദിവസം നീളുന്നതാണ് ജാഥ. എ. വിജയരാഘവൻ നയിക്കുന്ന വടക്കൻ മേഖലാജാഥ 13-ന് കാസർകോട് ഉപ്പളയിൽ തുടങ്ങും. ബിനോയ് വിശ്വം നയിക്കുന്ന തെക്കൻ ജാഥ 14-ന് എറണാകുളത്തും. രണ്ടുജാഥകളും 26-ന് തിരുവനന്തപുരത്ത് സമാപിക്കും.
ചെലവ്
ഓരോ സ്വീകരണകേന്ദ്രത്തിലെയും ചെലവിന്റെ ചുമതല എൽ.ഡി.എഫ്. മണ്ഡലം കമ്മിറ്റികൾക്കാണ്.
അഞ്ചുകേന്ദ്രങ്ങൾ
ഒരുദിവസം അഞ്ച് സ്വീകരണകേന്ദ്രങ്ങളുണ്ടാകും
ഐശ്വര്യകേരളയാത്ര യു.ഡി.എഫിന് ഉണർത്തുപാട്ട്
കൊച്ചി: തദ്ദേശതിരഞ്ഞെടുപ്പിനുശേഷം ആലസ്യത്തിലായ യു.ഡി.എഫ്. പ്രവർത്തകരെ നിയമസഭാതിരഞ്ഞെടുപ്പിന്റെ ആവേശത്തിലേക്കുയർത്താനാണ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്ര. ജാഥ തീരുമാനിച്ച ഉടനെ യാത്രയുടെ കരട് തയ്യാറാക്കിയതായി ജാഥയുടെ കോ-ഓർഡിനേറ്ററായ വി.ഡി. സതീശൻ എം.എൽ.എ. പറയുന്നു. യു.ഡി.എഫ്. ജില്ലാ ചെയർമാന്മാരെയും കൺവീനർമാരെയും തിരുവനന്തപുരത്തേക്ക് വിളിച്ച് കരടിനെക്കുറിച്ച് വിശദമായി ചർച്ചചെയ്തു. അവരുടെകൂടി അഭിപ്രായം കണക്കിലെടുത്ത് ചില മാറ്റങ്ങൾ സമ്മേളനവേദിയിലും മറ്റും വരുത്തി. സമാപനസമ്മേളനങ്ങൾ ടൗൺ കേന്ദ്രീകരിച്ച് നടത്തണമെന്ന കാര്യത്തിൽ മാറ്റംവരുത്തിയില്ല. ജാഥയ്ക്കുവേണ്ട പ്രധാന പോസ്റ്ററും മറ്റും മേൽക്കമ്മിറ്റി തയ്യാറാക്കി ജില്ലാകമ്മിറ്റികൾക്ക് നൽകി.
പത്തു സ്ഥിരം ജാഥാംഗങ്ങളും സേവാദൾ സംഘവും ഡ്രൈവർമാരും സഹായികളും അടക്കം നൂറുപേരാണ് ജാഥയിലുള്ളത്. കോൺഗ്രസിന്റെയും മുസ്‌ലിംലീഗിന്റെയും കേരള കോൺഗ്രസിന്റെയും രണ്ട് നേതാക്കളും മറ്റ് ഘടകകക്ഷികളുടെ ഓരോ മുതിർന്നനേതാക്കളുമാണ് സ്ഥിരാംഗങ്ങൾ. ജാഥാംഗങ്ങളിൽ ആർക്കെങ്കിലും ഇടയ്ക്കുപോകേണ്ടിവന്നാൽ മറ്റൊരംഗത്തെ അതാത് പാർട്ടികൾ ജാഥയിൽ ചേർക്കും. ഓരോ സ്ഥലത്തും പ്രസംഗിക്കുന്നവരെ മുൻകൂട്ടി നിശ്ചയിക്കും. പ്രതിപക്ഷനേതാവ് സ്വീകരണവേദിയിലേക്ക് എത്തുന്നതിന് രണ്ടുമണിക്കൂർ മുമ്പുതന്നെ സമ്മേളനം തുടങ്ങും. ആദ്യം ‘സംസ്കാര സാഹിതി’യുടെ തെരുവുനാടകം. തുടർന്ന് നേതാക്കളുടെ പ്രസംഗം. പ്രതിപക്ഷനേതാവ് എത്തുമ്പോഴേക്കും നേതാക്കൾ അടുത്തകേന്ദ്രത്തിലേക്ക് നീങ്ങും.
ജാഥയിൽ പ്രധാനമായും അലങ്കരിച്ച മൂന്നുവാഹനങ്ങളാണുള്ളത്. ജാഥയ്ക്ക് വാഹനങ്ങളൊരുക്കുന്നതിൽ വിദഗ്‌ധനായ മൂവാറ്റുപുഴ സ്വദേശി മജീദിനായിരുന്നു ഈ ചുമതല. ജാഥാസംഘത്തിന്റെ താമസവും ഭക്ഷണവും അതത് ജില്ലാഘടകങ്ങളുടെ ചുമതലയാണ്. അതത് ദിവസത്തെ സമാപനസമ്മേളനം നടക്കുന്നതിനടുത്തുതന്നെയാണ് താമസവും. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രഭാതഭക്ഷണത്തോടൊപ്പം പ്രദേശത്തെ പ്രമുഖരുമായി കൂടിക്കാഴ്ചയും ജാഥാക്യാപ്റ്റന്റെ പത്രസമ്മേളനവുമുണ്ട്.
22 ദിവസം
സംശുദ്ധഭരണം വാഗ്ദാനംചെയ്യുന്ന ജാഥ. ഈമാസം ഒന്നിന് കാസർകോട് കുന്പളയിൽനിന്ന് തുടങ്ങി. 23-ന് തിരുവനന്തപുരത്ത് സമാപിക്കും.
ചെലവ്
വേണ്ട ഫണ്ട് സമാഹരിക്കുന്നതിനായി ജില്ലാകമ്മിറ്റികൾക്ക് കൂപ്പൺ അടിച്ച് നൽകിയിട്ടുണ്ട്.
ഏഴുകേന്ദ്രങ്ങൾ
ദിവസവും അഞ്ചു പൊതുസമ്മേളനങ്ങളായിരുന്നു ആദ്യം ലക്ഷ്യമിട്ടത്. പിന്നീട് അത് ഏഴാക്കി.
വിജയയാത്ര അടിമുടി സീരിയസ്
തിരുവനന്തപുരം: അടിത്തട്ടുമുതൽ മുകൾത്തട്ടുവരെ, നാടാകെയൊരു ഇളക്കിമറിക്കൽ. അടിമുടി സീരിയസ്. സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന, കാസർകോടുമുതൽ തിരുവനന്തപുരം വരെയുള്ള എൻ.ഡി.എ.യുടെ വിജയയാത്രയുടെ ലക്ഷ്യമാണിത്. സംസ്ഥാനസർക്കാരിനെയും ഇരുമുന്നണികളെയും പ്രതിരോധത്തിലാക്കി, നരേന്ദ്രമോദിയുടെ ഭരണനേട്ടങ്ങൾ വിശദീകരിച്ചുള്ളതാണ് യാത്രയെന്ന് സംസ്ഥാന കൺവീനറും പാർട്ടി ജനറൽ സെക്രട്ടറിയുമായ എം.ടി. രമേശ് പറയുന്നു. .
ദിവസം ഒരുജില്ലയിൽ എന്നകണക്കിൽ യാത്ര കടന്നുപോകും. സംസ്ഥാന ഉപസമിതിയും ജില്ലാസമിതികളും ചേർന്നാണ് റൂട്ട് തയ്യാറാക്കിയത്. ഓരോ ദിവസവും ജില്ലാകേന്ദ്രങ്ങളിൽ സമാപിക്കുമ്പോൾ ദേശീയനേതാക്കൾ പ്രവർത്തകരെ അഭിവാദ്യംചെയ്യും.
ജില്ലകളിൽ ജനറൽ സെക്രട്ടറിമാരുടെ മേൽനോട്ടത്തിൽ അഞ്ചംഗസംഘം നേതൃത്വം നൽകും. ഇതിൽ ഒരാൾ വനിതയാണ്. എല്ലാ സ്വീകരണകേന്ദ്രങ്ങൾക്കും ജില്ലാ, മേഖലാതലത്തിലുള്ള ഭാരവാഹി ഇൻചാർജ്, പ്രചാരണത്തിനുമുതൽ സാമ്പത്തികം കണ്ടെത്താൻവരെ 12 വിഭാഗങ്ങൾ.
ജില്ലയിലെ യാത്ര സമാപിച്ചാൽ അവിടെത്തന്നെ ക്യാമ്പ്. ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, സി. കൃഷ്ണകുമാർ, പി. സുധീർ, യുവമോർച്ച സംസ്ഥാനപ്രസിഡന്റ് സി.ആർ. പ്രഫുൽകൃഷ്ണൻ, മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത എന്നിവർ കെ. സുരേന്ദ്രനൊപ്പം സ്ഥിരാംഗങ്ങളാകും.
യാത്രയ്ക്കിടെ ക്യാപ്റ്റനും അംഗങ്ങളും ഓരോ ജില്ലയിലെയും പ്രമുഖരെ ഒന്നിച്ചോ അല്ലാതെയും കാണും. ഈ പട്ടിക ജില്ലാസമിതികൾ തയ്യാറാക്കും. പ്രഭാതഭക്ഷണത്തിനൊപ്പമാണ് ഒരുവിഭാഗത്തെ കാണുക. ഉച്ചഭക്ഷണസമയത്തും രാത്രിസമ്മേളനത്തിനുശേഷവും കൂടിക്കാഴ്ചയുണ്ടാകും. ഇവരുടെ നിർദേശങ്ങൾ പ്രകടനപത്രികയിലേക്ക് പരിഗണിക്കും. 21-ന് ഉദ്ഘാടനത്തിന് കാസർകോട്ട് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തും. മാർച്ച് ഏഴിന് തിരുവനന്തപുരത്ത് സമാപനത്തിന് അമിത് ഷായെ പ്രതീക്ഷിക്കുന്നു.
14 ദിവസം
അഴിമതിവിമുക്തം, പ്രീണനവിരുദ്ധം, സമഗ്രവികസനം, പുതിയ കേരളത്തിനായി എന്നതാണ് മുദ്രാവാക്യം. 21-ന് കാസർകോട്ട് തുടക്കം. സമാപനം മാർച്ച് ഏഴിന് തിരുവനന്തപുരത്ത്.
ചെലവ്
ജാഥയ്ക്കുവേണ്ട പണംകണ്ടെത്തേണ്ടത് ജില്ലാകമ്മിറ്റികളും പ്രാദേശിക ഘടകങ്ങളുമാണ്. യാത്രയുടെ പ്രചാരണത്തോടൊപ്പം ഇതിനുള്ള വഴിതേടും.
ഏഴുമണ്ഡലങ്ങൾ
ദിവസവും കുറഞ്ഞത് ഏഴുമണ്ഡലങ്ങളിലൂടെ യാത്രയെത്തും.
തയ്യാറാക്കിയത്: ബിജു പരവത്ത്, കെ. പത്മജൻ, എം.കെ. സുരേഷ്
Content Highlights: Kerala Assembly Election 2021