കോട്ടയം: പാലാ സീറ്റിനായി കൈയ്മെയ് മറന്നു പോരാടുന്ന മാണി സി. കാപ്പന്‍ മണ്ഡലത്തില്‍ നടത്താനിരുന്ന വികസനവിളംബരജാഥ മാറ്റി. 10 മുതല്‍ 24 വരെ നടത്താനിരുന്ന ജാഥയാണ് മാറ്റിയത്. മണ്ഡലത്തില്‍ ഇടതുമുന്നണി നടപ്പാക്കിയ നേട്ടങ്ങള്‍ വിശദീകരിക്കാനെന്ന പേരിലായിരുന്നു ജാഥ. എങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു മുഖ്യലക്ഷ്യം.
എല്‍.ഡി.എഫ്. സീറ്റ് ഉറപ്പു നല്‍കുന്നില്ലെങ്കില്‍ യു.ഡി.എഫിലേക്ക് മാറാന്‍ ഒരുങ്ങുന്ന അദ്ദേഹത്തിന് ഇടതുസര്‍ക്കാരിന്റെ പേരില്‍ ജാഥ നടത്തുന്നത് പ്രതിസന്ധിയുണ്ടാക്കും. മുന്നണി മാറിയാല്‍ എം.എല്‍.എ.യുടെ നേട്ടമെന്ന പേരിലാകും പ്രചാരണം നടത്തേണ്ടിവരുക. ഇതോടെയാണ് ജാഥ മാറ്റാനുള്ള തീരുമാനം. 25-നുശേഷമേ ജാഥയുണ്ടാകൂവെന്നാണ് കാപ്പന്‍ ഇപ്പോള്‍ വിശദീകരിക്കുന്നത്.
പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറുമായി അദ്ദേഹം അടുത്തദിവസം കൂടിക്കാഴ്ച നടത്തും. പാലാ വിട്ടുകൊടുക്കില്ലെന്നും ഇക്കാര്യം പവാറിനെ ബോധ്യപ്പെടുത്തുമെന്നും കാപ്പന്‍ തിങ്കളാഴ്ച അറിയിച്ചിരുന്നു.