കോഴിക്കോട്: വോട്ടർമാരുമായുള്ള സന്പർക്കം വർധിപ്പിച്ച് തിരഞ്ഞെടുപ്പിൽ നേട്ടംകൊയ്യാൻ ബി.ജെ.പി. ഒരുങ്ങുന്നു. ഇതിനായി ഒരു ബൂത്തിൽ പതിനൊന്നംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രണ്ടാഴ്ചയ്ക്കകം നിലവിൽവരും.
വോട്ടർപട്ടികയുടെ പേജുതിരിച്ച് ഒാരോരുത്തർക്കും ചുമതല നൽകും. ആ പേജിലെ വോട്ടർമാരെ കാണുക, അവരുമായി നിരന്തരം സംവദിക്കുക തുടങ്ങിയവ പേജിന്റെ ചുമതലക്കാരന്റെ ഉത്തരവാദിത്വമാകും.
മോദിസർക്കാരിന്റെ വികസനപ്രവർത്തനങ്ങളെക്കുറിച്ചും ക്ഷേമപ്രവർത്തനങ്ങളെക്കുറിച്ചും ഈ സമ്പർക്കത്തിനിടെ വോട്ടർമാരെ ബോധ്യപ്പെടുത്തണം. നിരന്തരമുള്ള സമ്പർക്കത്തിലൂടെ പുതുതായി വോട്ടർമാരെ സ്വാധീനിക്കുകയാണ് ലക്ഷ്യം.
കഴിഞ്ഞദിവസം കേരളത്തിെലത്തിയ ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ നിർദേശപ്രകാരമാണ് ഈ നീക്കം. പഴയതുപോലെ വോട്ടുശതമാനത്തെക്കുറിച്ചോ ഇരുമുന്നണികൾക്കിടയിൽക്കിടന്ന് ശ്വാസം മുട്ടുന്നതിനെക്കുറിച്ചോ പറയേണ്ടതില്ലെന്ന് വ്യക്തമായി നിർദേശിച്ചാണ് നഡ്ഡ മടങ്ങിയത്.
കേരള രാഷ്ട്രീയത്തിൽ അവഗണിക്കാനാവാത്ത സാന്നിധ്യമാണ് ബി.ജെ.പി.യെന്ന് വോട്ടർമാരെ ബോധ്യപ്പെടുത്തണം. അതിനനുസരിച്ച് പ്രാദേശികതലംമുതൽ പ്രചാരണവും ജനസമ്പർക്കവും സജീവമാക്കി മാറ്റാനും ദേശീയ അധ്യക്ഷൻ നിർദേശിച്ചു.
ഒരു മണ്ഡലത്തിൽ മൂന്ന് പൊതുപരിപാടികൾ
നിയമസഭാ മണ്ഡലങ്ങളിൽ ചുരുങ്ങിയത് മൂന്ന് പൊതുപരിപാടികൾ നടത്താനും നിർേദശമുണ്ട്. ഒന്ന് മഹിളാമോർച്ചയും മറ്റൊന്ന് യുവമോർച്ചയുമായിരിക്കും നടത്തേണ്ടത്. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന എൻ.ഡി.എ. ജാഥ വൻവിജയമാക്കാനുള്ള ഒരുക്കങ്ങളും പ്രാദേശികഘടകങ്ങൾ തുടങ്ങണം. ജാഥ കടന്നുപോകുന്ന സ്ഥലങ്ങളിൽ ഒരു മണ്ഡലത്തിൽ ഒന്നെന്ന രീതിയിൽ വിപുലമായ പൊതുയോഗങ്ങൾ ഉണ്ടാവും. ജാഥ പോകാത്തയിടങ്ങളിൽ പൊതുയോഗങ്ങൾ നടത്തണമെന്നും ദേശീയ അധ്യക്ഷൻ നിർദേശിക്കുന്നു.
Content Highlights: kerala assembly election 2021