തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ സജീവ രാഷ്ട്രീയക്കാർക്കൊപ്പം പ്രമുഖവ്യക്തികളും സ്ഥാനാർഥികളായി വന്നേക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കൈവിട്ട ചില മണ്ഡലങ്ങൾ തിരിച്ചുപിടിക്കാൻ സ്ഥാനാർഥിയുടെ മികവുകൂടി പ്രയോജനപ്പെടുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. കോൺഗ്രസ് സഹയാത്രികനായ ഡോ. എസ്.എസ്. ലാൽ കഴക്കൂട്ടത്ത് സ്ഥാനാർഥിയായേക്കും. വർക്കലയും അദ്ദേഹത്തിനായി പരിഗണിക്കുന്നുണ്ട്. പൊതുജനാരോഗ്യവിദഗ്ധൻ എന്നനിലയിൽ ആഗോളതലത്തിൽ പ്രവർത്തിച്ചിട്ടുള്ള ഡോ. ലാൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ക്രിയാത്മകമായ നിർദേശങ്ങൾ മുന്നോട്ടുവെച്ചിരുന്നു.
സിവിൽ സർവീസിൽനിന്ന് ചെറുപ്പത്തിൽത്തന്നെ രാജിവെച്ച് രാഹുൽ ഗാന്ധിയുടെ വിദഗ്ധസമിതിയിൽ അംഗമായി പ്രവർത്തിച്ച പി.എസ്. സരിനെയും കോൺഗ്രസ് നേതൃത്വം സ്ഥാനാർഥിയാക്കാൻ ആലോചിക്കുന്നുണ്ട്. ഷൊർണൂർ, ഒറ്റപ്പാലം തുടങ്ങി ഏതെങ്കിലും മണ്ഡലത്തിൽ അദ്ദേഹത്തെ മത്സരിപ്പിക്കാനാണ് കോൺഗ്രസ് ഉദ്ദേശിക്കുന്നത്.
ബാലുശ്ശേരിയിൽ നടൻ ധർമജൻ ബോൾഗാട്ടിയുടെ പേര് സംസ്ഥാനത്തുനിന്ന് നിർദേശിക്കുന്ന സ്ഥാനാർഥിപ്പട്ടികയിലുണ്ട്. മുൻ ഇന്ത്യൻ സ്ഥാനപതി വേണു രാജാമണിയുടെ പേരും സംസ്ഥാനത്തുനിന്നുള്ള പട്ടികയിലുണ്ടാകും. എന്നാൽ, അദ്ദേഹത്തെ ഏതു മണ്ഡലത്തിൽ മത്സരിപ്പിക്കണമെന്ന കാര്യത്തിൽ ധാരണയായിട്ടില്ല.