തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സജീവ ചര്‍ച്ചകളിലാണ് യുഡിഎഫ്. സമുദായ സംഘടനകളുമായി നേരിട്ടും അല്ലാതെയുമുള്ള ചര്‍ച്ചകള്‍ പല കോണുകളിലായി നടക്കുന്നുമുണ്ട്. ഇത് മുന്നില്‍ കണ്ടാണ് ഇടതുപക്ഷം കോണ്‍ഗ്രസ് നേതാക്കളുടെ പാണക്കാട് സന്ദര്‍ശനത്തെ മുന്‍നിര്‍ത്തി വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.
യുഡിഎഫിനോട് തദ്ദേശ തിരഞ്ഞെടുപ്പില്‍ അകന്ന ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ പരമാവധി പാര്‍ട്ടിയോട് അടുപ്പിക്കുക എന്നതാണ് എല്‍ഡിഎഫ് ലക്ഷ്യം. ഇടതുപക്ഷത്തിന്റെ ഈ നീക്കം മുന്നില്‍കണ്ടാണ് യുഡിഎഫിന്റെയും പ്രവര്‍ത്തനങ്ങള്‍. പാണക്കാട് തറവാടിനെതിരായ പരാമര്‍ശം പരമാവധി ഉപയോഗിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഇത് മലബാര്‍ മേഖലയില്‍ സിപിഎമ്മിനും ഇടതുപക്ഷത്തിനും വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് യുഡിഎഫ് വിശ്വസിക്കുന്നു.
ഈയൊരു തരത്തിലുള്ള പ്രതിരോധമാണ് യുഡിഎഫ് ഉദ്ദേശിക്കുന്നത്. മുന്നണിയില്‍ ലീഗിന് പ്രാധാന്യം കൂടുന്നുവെന്ന തോന്നല്‍ മറ്റ് സമുദായ സംഘടനകള്‍ക്ക് ഉണ്ടായിരുന്നത് എല്‍ഡിഎഫിന് ഉപയോഗിക്കാതിരിക്കാനാണ് ഇപ്പോള്‍ സമുദായ സംഘടനകളുമായി വിവിധ ഘട്ടങ്ങളായി ചര്‍ച്ച നടത്തുന്നത്.
കാലങ്ങളായി യുഡിഎഫ് ഭരണത്തില്‍ വരുമ്പോഴൊക്കെ വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗീന് നല്‍കുന്നതില്‍ ക്രിസ്ത്യന്‍ സഭകള്‍ക്കും എന്‍എസ്എസ്, എസ്എന്‍ഡിപി എന്നീ സമുദായ സംഘടനകള്‍ക്കും എതിര്‍പ്പുണ്ട്. ഇത് പരിഹരിക്കാന്‍ മറ്റ് വിഭാഗങ്ങള്‍ക്ക് വകുപ്പ് നല്‍കുക അല്ലെങ്കില്‍ കോണ്‍ഗ്രസ് വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കുക എന്നതാണ് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്.
ഇക്കാര്യത്തില്‍ ലീഗ് ഇത്തവണ എതിര്‍പ്പ് അറിയിക്കില്ലെന്നാണ് സൂചന. ലീഗിനെ കൊണ്ടുതന്നെ ഇക്കാര്യം പ്രഖ്യാപിപ്പിച്ചേക്കുമെന്നും വിവരങ്ങളുണ്ട്.
അതേസമയം സംസ്ഥാനത്ത് ഏത് വിധേനെയും അധികാരത്തിലെത്താന്‍ യോജിച്ചുള്ള പ്രവര്‍ത്തനം വേണമെന്ന് യുഡിഎഫില്‍ പൊതുവികാരമുണ്ട്. അതിനാല്‍ എല്ലാ കക്ഷികളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്നും അനാവശ്യ വിവാദങ്ങള്‍ ആരുടെയും ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും പൊതുവായ ധാരണയുമുണ്ട്.
ഇത്തവണ 95 സീറ്റിലെങ്കിലും കോണ്‍ഗ്രസ് മത്സരിക്കുമെന്നാണ് വിവരം. എന്നാല്‍ ചില നേതാക്കളുടെ പേരില്‍ ചില മണ്ഡലങ്ങളുടെ പേര് പറഞ്ഞുകേള്‍ക്കുന്നതില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ക്ക് അമര്‍ഷമുണ്ട്. ഇനി ഇത്തരം പ്രശ്നങ്ങള്‍, മാധ്യമ ചര്‍ച്ചകള്‍ക്ക് ഇടവരുത്തരുതെന്നും അത് മുന്നണിയുടെ സാധ്യതകളെ ബാധിക്കുമെന്നും കോണ്‍ഗ്രസ് കരുതുന്നു.
Content Highlights: Kerala Assembly Election 2021, LDF, UDF