തിരുവനന്തപുരം : സംഘര്‍ഷമുണ്ടായ കാട്ടായിക്കോണത്ത് പോലീസിനെതിരെ പരാതിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രാദേശിക സിപിഎം നേതാക്കളും രംഗത്ത്. പോലീസ് അന്യായം കാണിച്ചുവെന്നാണ് മനസിലാക്കാന്‍ കഴിയുന്നതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയേയോ കേന്ദ്ര നിരീക്ഷകനെയോ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് പോലീസ് പെരുമാറിയതെന്നും അദ്ദേഹം ആരോപിച്ചു.

'കാട്ടായിക്കോണത്ത് സംഘര്‍ഷമുണ്ടാക്കാന്‍ ബിജെപി നേരത്തെതന്നെ പദ്ധതിയിട്ടിരുന്നു. അക്രമികള്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിന് പകരം പോലീസ് നാട്ടുകാരെയാണ് കൈകാര്യം ചെയ്തത്. കൗണ്‍സിലറെയും ഗ്രാമപഞ്ചായത്ത് മെമ്പറെയും ഡിവൈഎഫ്ഐ നേതാക്കളെയും തന്റെ പി.എയേയും അക്രമിച്ചു. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോടും ഡിജിപിയോടും ആവശ്യപ്പെടും. വോട്ടിങ് തടസപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്', മന്ത്രി ആരോപിച്ചു. 

രാവിലെ കാട്ടായിക്കോണത്ത് ഉണ്ടായ സിപിഎം - ബിജെപി സംഘര്‍ഷത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. പിന്നീട് കാറിലെത്തിയ നാലംഗ സംഘം സിപിഎം പ്രവര്‍ത്തകരായ രണ്ടുപേരെ മര്‍ദ്ദിച്ചശേഷം ഓടി രക്ഷപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് സ്ഥലത്ത് തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ നാലംഗ സംഘം എത്തിയ കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് വൈകീട്ടോടെ പോലീസ് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ബലപ്രയോഗം അടക്കമുള്ളവ നടത്തിയതെന്നാണ് വിവരം. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിനും വാര്‍ഡ് കൗണ്‍സിലര്‍ അടക്കമുള്ളവര്‍ക്കും പോലീസ് മര്‍ദ്ദനമേറ്റു എന്നാണ് പരാതി. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വൈകീട്ടോടെ സ്ഥലത്തെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്ഥിതിഗതികള്‍ ആരാഞ്ഞ ശേഷമാണ് പോലീസിനെതിരെ ഗുരുതര ആരോപണമുന്നയിച്ചത്.

content highlights: kattayikkonam conflict