തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണോ വേണ്ടയോ എന്ന കാര്യം പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മത്സരിക്കാതെ പ്രചാരണം നടത്തണമെന്ന് പാര്‍ട്ടി പറഞ്ഞാല്‍ അതായിരിക്കും ഏറ്റവും സന്തോഷമുള്ള കാര്യം. മത്സരിച്ചേ മതിയാകൂ എന്ന് പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കേണ്ടിവരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളെല്ലാം മത്സരിക്കണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍, പ്രചാരണം എന്നിവയ്ക്കായി കുറച്ചുപേര്‍ മാറിനില്‍ക്കണം. പാര്‍ട്ടി ഐക്യത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ശേഭാ സുരേന്ദ്രന്‍ വിഷയത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. എല്ലാവരും സജീവമാകുമെന്നും ആരും മാറി നില്‍ക്കില്ലെന്നും ഇക്കാര്യത്തില്‍ ശുഭാപ്തി വിശ്വാസിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
" കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പേരുകള്‍ പല മണ്ഡലങ്ങളില്‍ പരിഗണിക്കുന്നുണ്ട്. ഒ.രാജഗോപാല്‍ മത്സരിക്കുന്നകാര്യം പാര്‍ട്ടി കേന്ദ്ര നേതൃത്വം തീരുമാനിക്കും. നേമത്തിന്റെ പേര് കേട്ടപ്പോഴേ ഉമ്മന്‍ ചാണ്ടി ഓടി. തിരുവനന്തപുരം മണ്ഡലം വിട്ട് നേമത്തേക്കില്ലെന്ന് ശിവകുമാറും പറഞ്ഞു. നേമം എന്ന് കേട്ടാല്‍ ആരും വരില്ല." - സുരേന്ദ്രന്‍ പറഞ്ഞു.
ശബരിമല വിഷയം കത്തി നില്‍ക്കുമ്പോള്‍ മാളത്തിലൊളിച്ചവരാണ് യുഡിഎഫ്. ഒരു സരമവും ചെയ്തിട്ടില്ല. അമ്പതിനായിരത്തോളം ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പേരിലാണ് കേസ്. ശബരിമലക്കാലത്ത് വിശ്വാസികള്‍ നെഞ്ചുപൊട്ടി കരഞ്ഞപ്പോള്‍ തിരിഞ്ഞുനോക്കാത്തവരാണ് യുഡിഎഫ്. ശബരിമലയെ സംബന്ധിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ല. ജനങ്ങള്‍ക്കതെല്ലാം അറിയാമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
content highlights: K Surendran may not likely to contest in assembly election