കോഴിക്കോട്: അയ്യപ്പനും ദേവഗണങ്ങളും സര്‍ക്കാരിനൊപ്പം എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന അദ്ദേഹത്തിന്റെ ദൗര്‍ബല്യമാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രി ഇരട്ടച്ചങ്കനാണ്, ആയിരം തിരഞ്ഞെടുപ്പില്‍ തോറ്റാലും നിലപാട് മാറ്റില്ലെന്നൊക്കെ പറഞ്ഞ മുഖ്യമന്ത്രി വളരെ ദുര്‍ബലനായ രാഷ്ട്രീയക്കാരനാണെന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ ഇന്നത്തെ പ്രസ്താവനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പിണറായി വിജയനും അദ്ദേഹത്തിന്റെ അസുരഗണങ്ങളും ചേര്‍ന്നാണ് ശബരിമലയെ തകര്‍ത്തത്. ശബരിമലയില്‍ യുവതികളെ കയറ്റാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളാണ് ഒരുക്കിയത്. അവിശ്വാസികളായ സംഘത്തെ സര്‍ക്കാരിന്റെ സംവിധാനങ്ങളുപയോഗിച്ചാണ് ശബരിമലയില്‍ പ്രവേശിപ്പിച്ചത്. ആഭ്യന്തരവകുപ്പ് മന്ത്രിയായിരുന്ന പിണറായി വിജയന്റെ നേതൃത്വത്തില്‍ പോലീസ് സര്‍ക്കാര്‍ ആംബുലന്‍സിലാണ് ശബരിമലയിലേക്ക് യുവതികളെ കയറ്റിയത്. 

അര്‍ധരാത്രിയില്‍ ഇരുട്ടിന്റെ മറവില്‍ പിണറായി വിജയനും അസുരഗണങ്ങളും ചേര്‍ന്ന് സര്‍ക്കാരിന്റെ ആംബുലന്‍സില്‍  പോലീസ് അകമ്പടിയോടെ യുവതികളെ പ്രവേശിപ്പിച്ചു. എന്നിട്ട് അന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞു. ഇതാ രണ്ടുപേര്‍ കയറിക്കഴിഞ്ഞു വേണമെങ്കില്‍ ഒരു ഹര്‍ത്താല്‍ കൂടി നടത്തിക്കൊളളൂവെന്ന്. ഇതൊന്നും ജനങ്ങള്‍ മറന്നിട്ടില്ല. 

ഇപ്പോള്‍ ദേവഗണങ്ങള്‍ കൂടെയുണ്ടെന്ന് പറഞ്ഞാല്‍ അത് ജനങ്ങളും വിശ്വാസികളും മുഖവിലയ്‌ക്കെടുക്കില്ല. അസുരന്മാര്‍ ചെയ്യുന്ന പണിയാണ് പിണറായി വിജയന്‍ ചെയ്തത്. 
ഏറ്റവും വലിയ അസുരനായ പിണറായി വിജയനും അദ്ദേഹത്തിന്റെ അസുരഗണങ്ങളും ചേര്‍ന്ന് ശബരിമലയില്‍ നടത്തിയ നീചമായ അതിക്രമങ്ങള്‍ വോട്ടര്‍മാര്‍ വീണ്ടും ഓര്‍മിക്കുമെന്ന് കരുതിയാണ് മുഖ്യമന്ത്രി ഇപ്പോള്‍ മലക്കം മറിച്ചിലിന് തയ്യാറായിരിക്കുന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.