കോഴിക്കോട്: പരാജയത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം തനിക്ക് തന്നെയാണെന്നും തോല്‍വിയില്‍ പാര്‍ട്ടിക്ക് മനസ്സിലായ കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എന്തും താങ്ങാന്‍ തയ്യാറാണ്. തീരുമാനം നേതൃത്വത്തിന് എടുക്കാമെന്നും കെ.സുരേന്ദ്രന്‍ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ദൗര്‍ബല്യത്തിന് ബി.ജെ.പി യെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. വോട്ട് കച്ചവടം ഉണ്ടായത് കോണ്‍ഗ്രസും - സി.പി.എമ്മും തമ്മിലായിരുന്നു. വയനാട്ടിലടക്കം ഇടത് സ്ഥാനാര്‍ഥിയുടെ തോല്‍വി ഇതിന് ഉദാഹരണമാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. 

മുസ്ലീം വോട്ടുകളുടെ ധ്രുവീകരണം കൃത്യമായി നടന്നിട്ടുണ്ട്. ലീഗിന് സ്ഥാനാര്‍ഥി ഇല്ലാത്ത ഇടങ്ങളില്‍ എസ്.ഡി.പി ഐ യുടെ അടക്കം വോട്ടുകള്‍ ഇടതിനാണ് പോയത്. ഏതാനും വോട്ടു കുറഞ്ഞത് കൊണ്ട് അതെല്ലാം വോട്ട് കച്ചവടമായിട്ടാണ് മുഖ്യമന്ത്രി ആരോപിക്കുന്നതെങ്കില്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ വോട്ട് കുറഞ്ഞത് വോട്ട് കച്ചവടം കൊണ്ടാണോയെന്ന് സുരേന്ദ്രന്‍ ചോദിച്ചു. ലീഗും, ജമാ അത്ത് ഇസ്ലാമിയുടേയും, എല്ലാ വര്‍ഗീയ ശക്തികളുടേയും വോട്ട് സി.പി.എമ്മിനാണ് ലഭിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു.