കണ്ണൂര്‍: സ്വന്തംപാര്‍ട്ടിക്കാരില്‍ നിന്ന് അനുദിനം അകന്നുപോകുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. ഇന്നലെവരെ അദ്ദേഹത്തിനൊപ്പം താങ്ങുംതണലുമായി നിന്നവര്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

പലനേതാക്കളും പ്രസ്താവനകളില്‍ പരിഹാസവാക്കുകള്‍ ഉപയോഗിക്കുന്നു. കോടിയേരിയും പി. ജയരാജനും ഇ.പി. ജയരാജനും സുധാകരനുമെല്ലാം ഇന്നെവിടെയാണ്. മുഖം നന്നാവാത്തതിന് മറ്റുള്ളവരുടെ കണ്ണാടി പൊളിക്കേണ്ടതില്ല. അവസാനം ഞാനും എന്റെ മരുമകനും മാത്രമായി ചുരുങ്ങുമ്പോഴാണ് പിണറായി സ്ഥലകാല ബോധം വരികയെന്നും സുധാകരന്‍ പറഞ്ഞു.

പി. ജയരാജനെ ഇല്ലാതാക്കാനാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരെ നിയമസഭയിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന മാനദണ്ഡം കൊണ്ടുവന്നത്. എം.ബി. രാജേഷിനെ ഉള്‍ക്കൊള്ളാനുള്ള മനസ്സ് പി. ജയരാജനില്ല.

കണ്ണൂരില്‍ രണ്ട് ദിവസം മുമ്പ് ഒരു ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റ് വന്നു. അദാനിയാണ് വന്നതെന്നാണ് റിപ്പോര്‍ട്ട്. ആരെയാണ് അദ്ദേഹം കണ്ടതെന്ന് അന്വേഷണം വേണം. ഗൗരവമുള്ള വിഷയമാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.