തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയെ തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ ചുമതല ഹൈക്കമാന്‍ഡ് ഏല്‍പിച്ചതിന് പിന്നാലെ കെ.പി.സി.സി അധ്യക്ഷനേയും മാറ്റുമെന്ന് ഉറപ്പായി. മുല്ലപ്പള്ളിക്ക് പകരം കെ.സുധാകരന്‍ കെ.പി.സി.സി. പ്രസിഡന്റ് ആവുമെന്നാണ് റിപ്പോര്‍ട്ട്.
മുല്ലപ്പള്ളി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാഹചര്യത്തിലാണ് സുധാകരന് ചുമതല നല്‍കാന്‍ ആലോചന. മത്സരരംഗത്തേക്കിറങ്ങുന്ന സാഹചര്യത്തില്‍ കേരളത്തിലേക്ക് മടങ്ങുന്നതിന് മുമ്പ് ഡല്‍ഹിയില്‍വെച്ചുതന്നെ സ്ഥാനമൊഴിയാനുള്ള സന്നദ്ധത മുല്ലപ്പള്ളി അറിയിച്ചതായും സൂചനയുണ്ട്.
ഈ ആഴ്ച ഒടുവിലോ അടുത്ത ആഴ്ച ആദ്യമോ സുധാകരനെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിക്കും. താത്കാലികമായി ചുമതല ഏറ്റെടുക്കാന്‍ ആഗ്രഹമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പി.സി.സി. അധ്യക്ഷപദം പാര്‍ട്ടി ഏല്‍പിച്ചാല്‍ ചുമതല ഏറ്റെടുക്കാന്‍ തയ്യാറാണ്. പക്ഷേ അതിനായി ആരുടെ അടുത്തും ചോദിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യില്ലെന്നും അതിന് താന്‍ ഒരു ആര്‍ത്തിപ്പണ്ടാരമല്ലെന്നും സുധാകരന്‍ ഇന്നലെ പ്രതികരിച്ചിരുന്നു.
നിലവില്‍ പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് കൂടിയായ സുധാകരന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി നിയോഗിക്കപ്പെട്ടാല്‍ പ്രതിപക്ഷ നേതൃസ്ഥാനവും പാര്‍ട്ടി അധ്യക്ഷ സ്ഥാനവും ഐ ഗ്രൂപ്പിന് സ്വന്തമാവും. ഗ്രൂപ്പ് പരിഗണന ഇനി ഉണ്ടാകില്ലെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം ഉള്ളതിനാല്‍ തത്കാലം എ ഗ്രൂപ്പും ഇതില്‍ പരസ്യമായി എതിര്‍പ്പ് ഉന്നയിക്കാനിടയില്ല.
മുന്നണി കണ്‍വീനര്‍ എം.എം, ഹസ്സന്റെ ചില പ്രസ്താവനകള്‍, പ്രത്യേകിച്ച് വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള കൂടിക്കാഴ്ച അടക്കം ദോഷം ചെയ്‌തെന്ന് ചില നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. അതിനാല്‍ ഇതോടൊപ്പം ഹസ്സനും സ്ഥാനചലനം ഉണ്ടാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ചുരുങ്ങിയ നാള്‍ മാത്രമേ ആ പദവിയില്‍ ഹസ്സന്‍ ഉണ്ടായിരുന്നുള്ളൂ എന്നതിനാല്‍ ഒരുപക്ഷേ അദ്ദേഹത്തെ തുടരാന്‍ അനുവദിച്ചേക്കും. അല്ലെങ്കില്‍ കണ്‍വീനര്‍ പദവിയിലും മാറ്റം വന്നേക്കാം
Content Highlights: k sudhakaran will be appointed as kpcc president report