കോഴിക്കോട്:  കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്തേക്ക് കെ.സുധാകരന് സാധ്യതയേറി. ഗ്രൂപ്പിന് അതീതമായി പ്രവര്‍ത്തകര്‍ക്കിടയില്‍ സുധാകരന്‍ വരണമെന്നുള്ള വികാരം ഹൈക്കമാന്‍ഡും കണക്കിലെടുത്തേക്കും. സാമുദായിക സമവാക്യവും സുധാകരന് അനുകൂലമാണ്. മുല്ലപ്പള്ളി മാറുമ്പോള്‍ ഈഴവ പ്രാതിനിധ്യത്തിന്റെ തുടര്‍ച്ച സുധാകരനിലൂടെ ഉറപ്പാക്കാനും കഴിയുമെന്ന് അദ്ദേഹത്തെ പിന്തുണക്കുന്നവര്‍ വാദിക്കുന്നു. പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുന്നതിനൊപ്പം കെ.പി.സി.സി. ജംബോ കമ്മിറ്റിയും പിരിച്ചുവിട്ടേക്കും. കോണ്‍ഗ്രസില്‍ കാലങ്ങളായി കേള്‍ക്കുന്ന സംഘടനാ തിരഞ്ഞെടുപ്പിന് ഈ തോല്‍വി വഴിതെളിക്കുമോ എന്നും ഏവരും ഉറ്റുനോക്കുന്നു. 

മുല്ലപ്പള്ളി രാമചന്ദ്രന്റെ രാജി സന്നദ്ധത അംഗീകരിച്ച ഹൈക്കമാന്‍ഡ് പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കും വരെ തുടരാന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അധ്യക്ഷസ്ഥാനത്തേക്ക് കൊടിക്കുന്നില്‍ സുരേഷും ചരടുവലികള്‍ നടത്തുന്നുണ്ട്. ഇതിനിടെ പി.ടി. തോമസിന്റെ പേരും ഒരു വിഭാഗം ഉയര്‍ത്തിക്കൊണ്ടു വരുന്നുണ്ട്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എ-ഐ ഗ്രൂപ്പ് നേതാക്കള്‍ സംയുക്തമായി ചെന്നിത്തല തുടരട്ടെ എന്ന നിലപാട് എടുത്തിട്ടും ആ നീക്കം പൊളിഞ്ഞ സാഹചര്യത്തില്‍ പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആ നിലയില്‍ ഗ്രൂപ്പുകളുടെ സമ്മര്‍ദമുണ്ടാകാനിടയില്ല. 

എങ്കിലും എ ഗ്രൂപ്പ് മുന്നോട്ടുവെക്കുന്ന പേര് ബെന്നി ബെഹ്നാന്റേത് മാത്രമാണ്. ഐ ഗ്രൂപ്പിലാകട്ടെ അങ്ങനെ ഗ്രൂപ്പ് ഏകകണ്ഠമായി ഒരു പേര് നിര്‍ദേശിക്കുന്നുമില്ല. തലമുറമാറ്റത്തെ പിന്തുണക്കുന്നവരില്‍ ഒരു വിഭാഗം കെ.പി.സി.സി. വൈസ് പ്രസിഡന്റായ പി.സി. വിഷ്ണുനാഥിന്റെ പേരും മുന്നോട്ടുവെക്കുന്നുണ്ട്. യുവനേതാക്കളില്‍ ചിലര്‍ വിഷ്ണുവിനെ അനുകൂലിക്കുന്നവരാണ്. 

കെ. സുധാകരന്‍ ഐ ഗ്രൂപ്പിലാണെങ്കിലും ചെന്നിത്തല പക്ഷവുമായി അത്ര നല്ല ബന്ധത്തിലല്ല. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നിലപാട് സതീശന്റെ നിയമനത്തില്‍ നിര്‍ണായകമായി. അതിന് സുധാകരന്റെ പിന്തുണയുമുണ്ടായിരുന്നു. തിരികെ പി.സി.സി. അധ്യക്ഷന്റെ കാര്യത്തില്‍ കെ.സിയുടെ പിന്തുണ സുധാകരന് ലഭിക്കുമോ എന്നതും ഇതില്‍ നിര്‍ണായകമാണ്. അതാണ് സുധാകരന് മുന്നിലുള്ള പ്രധാന കടമ്പ.

തിരഞ്ഞെടുപ്പ് തോല്‍വിയുണ്ടായിട്ടും സാധാരണഗതിയില്‍ പൊട്ടിത്തെറിക്ക് തുടക്കമിടാറുള്ള സുധാകരന്‍ ഇത്തവണ യോജിപ്പിന്റെ ഭാഷയില്‍ സംസാരിച്ചതും ശ്രദ്ധേയമായി. ആഗ്രഹിച്ച പദവി തിരഞ്ഞെടുപ്പിന് മുമ്പ് ചിലര്‍ വെട്ടിയതാണെന്ന് അദ്ദേഹം തുറന്നുപറയുകയും ചെയ്തു.

ഇപ്പോഴത്തെ രീതിയില്‍ മൂന്നു വര്‍ക്കിങ് പ്രസിഡന്റുമാര്‍ എന്നത് തുടരുകയോ അല്ലെങ്കില്‍ മൂന്നു വൈസ് പ്രസിഡന്റുമാര്‍ മേഖല അടിസ്ഥാനത്തില്‍ നിയോഗിക്കപ്പെടാനും സാധ്യതയുണ്ട്. സുധാകരന്‍ തലപ്പത്തെങ്കില്‍ ഈ പദവിയിലും രണ്ടാം നിരയിലെ സ്വീകാര്യതയുള്ള നേതാക്കള്‍ വന്നേക്കും. 

തോല്‍വി പഠിക്കുന്ന അശോക് ചവാന്‍ സമിതിക്ക് മുന്നില്‍ ചെന്നിത്തലയേയും മുല്ലപ്പള്ളിയേയും പ്രതിക്കൂട്ടിലാക്കിയാണ് പല നേതാക്കളും സംസാരിച്ചതെന്നാണ് വിവരം. മുല്ലപ്പള്ളിയുടെ ശൈലി കേരളത്തിന് യോജിച്ചതല്ലെന്ന് ചില നേതാക്കള്‍ പറഞ്ഞു. താഴെത്തട്ടില്‍ സംഘടനാപ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ കഴിഞ്ഞില്ല. ബൂത്തിലിരിക്കാന്‍ പോലും ആളുണ്ടായില്ല. ചെന്നിത്തലയ്ക്ക് ജന വിശ്വാസം നേടിയെടുക്കാന്‍ കഴിഞ്ഞില്ല എന്നിങ്ങനെ പോയി വിമര്‍ശനങ്ങള്‍. ഗ്രൂപ്പ് നേതാക്കളുടെ സമ്മര്‍ദത്തിന് വഴങ്ങിയതും ജംബോ കമ്മിറ്റി അംഗീകരിച്ചതും അടക്കം എ.ഐ.സി.സിക്കും തോല്‍വിയില്‍ പങ്കുണ്ടെന്ന് മറ്റ് ചിലര്‍ കുറ്റപ്പെടുത്തി.

Content Highlights: Congress highcommand decision soon