കെ.കെ. ശൈലജ മന്ത്രിയാകില്ല, വൈകാരികമായിട്ടായിരുന്നു ഈ വാര്‍ത്തയോടുളള കേരളത്തിന്റെ പ്രതികരണം. നിപ മുതല്‍ കോവിഡ് വരെ എത്തിയ കേരളത്തിന്റെ ജീവന്‍മരണ പോരാട്ടത്തിനിടയില്‍ ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്ന് ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ട് മലയാളികള്‍ക്ക് ധൈര്യം പകര്‍ന്ന ആരോഗ്യമന്ത്രിയെ അവര്‍ എപ്പോഴോ ഹൃദയത്തിലും പ്രതിഷ്ഠിച്ചിരുന്നു. 60,963 വോട്ടുകളുടെ ഭൂരിപക്ഷത്തെ കണ്ടില്ലെന്ന് നടിച്ചുകൊണ്ടുതന്നെ, വ്യക്തിയല്ല നയമാണ് പ്രധാനം എന്ന് പാര്‍ട്ടി ഉറക്കെ പ്രഖ്യാപിച്ചത് പാര്‍ട്ടി അനുഭാവികള്‍ക്ക് പോലും ഉള്‍ക്കൊളളാന്‍ സാധിക്കുന്നുണ്ടായില്ല.

അഞ്ചു മന്ത്രിമാരടക്കം 33 എം.എല്‍.എമാരെ മാറ്റി നിര്‍ത്തി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കാണിച്ച അതേ കാര്‍ക്കശ്യം മന്ത്രിമാരെ തീരുമാനിക്കുന്നതിലും സി.പി.എം. പുലര്‍ത്തി. ഒരു സര്‍ക്കാരില്‍ മൂന്ന് വനിതകള്‍ ഒരേ സമയം മന്ത്രിസഭയിലെത്തിയെന്ന ചരിത്രനേട്ടം സ്വന്തമാക്കിയപ്പോള്‍ പോലും ഗൗരിയമ്മയ്ക്കും സുശീല ഗോപാലനും പിറകേ ശൈലജയും തഴയപ്പെടുകയാണോ എന്ന ചോദ്യമാണ് കേരളത്തില്‍ മുഴങ്ങിയത്. 

വ്യക്തിപ്രഭാവം പാര്‍ട്ടി തീരുമാനത്തെ സ്വാധീനിക്കരുതെന്ന നിലപാടാണ് കെ.കെ. ശൈലജയ്ക്ക് മന്ത്രിസ്ഥാനത്ത് തുടര്‍ച്ച നല്‍കേണ്ടെന്ന തീരുമാനത്തില്‍ സി.പി.എമ്മിനെ എത്തിച്ചത്. കേന്ദ്രനേതൃത്വത്തിലും സംസ്ഥാന നേതാക്കളിലും ശൈലജയ്ക്ക് ഇളവാകാം എന്ന വാദമുയര്‍ന്നപ്പോള്‍, അത് പുതിയ കീഴ്വഴക്കത്തിന് വഴിയൊരുക്കുമെന്ന മറുവാദം അവതരിപ്പിച്ചത് പൊളിറ്റ് ബ്യൂറോ അംഗമായ കോടിയേരി ബാലകൃഷ്ണനാണ്.

ഈ വാദത്തിന് എതിര്‍ശബ്ദവുമുണ്ടായില്ല. ശൈലജയെ മാറ്റിനിര്‍ത്തുന്നതില്‍ കേന്ദ്ര-സംസ്ഥാന നേതാക്കളില്‍ ചിലര്‍ വിയോജിപ്പ് പ്രകടിപ്പിച്ചുവെങ്കിലും ഫലം കണ്ടില്ല.  ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് എന്നിവര്‍ ശൈലജയ്ക്ക് മന്ത്രിസ്ഥാനം നല്‍കണമെന്ന അഭിപ്രായക്കാരായിരുന്നു. സെക്രട്ടേറിയറ്റിന് മുന്നോടിയായി പി.ബി. അംഗങ്ങളുടെ കൂടിയാലോചനയില്‍ ഇക്കാര്യം അവര്‍ ഉന്നയിച്ചു.

എന്നാല്‍, മുഴുവന്‍ പുതുമുഖങ്ങളാകട്ടെയെന്ന നിലപാടിനാണ് മുന്‍തൂക്കമുണ്ടായത്. അത് അംഗീകരിച്ചതോടെയാണ് സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും പുതിയ മന്ത്രിമാരുടെ പേരുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാന സമിതിയില്‍ എം.വി. ജയരാജനും പി. ജയരാജനുമടക്കം പത്തില്‍ താഴെ നേതാക്കള്‍ മാത്രമാണ് ശൈലജയെ മാറ്റി നിര്‍ത്തേണ്ടതില്ലെന്ന് അഭിപ്രായം ഉയര്‍ത്തിയത്. എന്നാല്‍ ഇളവ് ആര്‍ക്കും വേണ്ടതില്ലെന്ന നേതൃത്വത്തിന്റെ നിലപാടിനായിരുന്നു മുന്‍തൂക്കം. 

സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ കാണിച്ച സൂക്ഷ്മതയും രഹസ്യസ്വഭാവവും മന്ത്രിമാരെ നിശ്ചയിക്കുന്നതിലും സി.പി.എമ്മിലുണ്ടായിരുന്നു. പൊളിറ്റ്ബ്യൂറോ അംഗങ്ങളില്‍മാത്രം ഒതുങ്ങുന്ന പ്രാഥമിക ചര്‍ച്ചകളും ധാരണകളുമാണ് അവസാനഘട്ടംവരെ 'സസ്‌പെന്‍സ്' നിലനിര്‍ത്തി നിര്‍ണായക തീരുമാനങ്ങള്‍ ഒറ്റയടിക്ക് എടുക്കാന്‍ കാരണമായത്.

തീരുമാനമെടുക്കേണ്ട ഘടകമെന്ന നിലയില്‍ സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും അവസാനഘട്ടത്തില്‍ മാത്രമാണ് ഈ നിര്‍ദേശങ്ങളെല്ലാം വന്നത്. അതിനാല്‍, ആസൂത്രണങ്ങളെല്ലാം രഹസ്യമായി സൂക്ഷിക്കാന്‍ നേതാക്കള്‍ക്കായി. പിണറായി രണ്ടാം മന്ത്രിസഭയില്‍ താനില്ലെന്ന് ശൈലജ പോലും അറിയുന്നത് സെക്രട്ടേറിയറ്റ് യോഗത്തിലാണ്. 

രണ്ടു ടേം ജയിച്ചവര്‍ക്ക് സ്ഥാനാര്‍ഥിത്വം നല്‍കേണ്ടെന്ന മാനദണ്ഡം ആദ്യം പിണറായി, കോടിയേരി, എസ്. രാമചന്ദ്രന്‍പിള്ള, എം.എ. ബേബി എന്നീ പി.ബി. അംഗങ്ങള്‍ക്കിടയിലാണ് രൂപപ്പെട്ടത്. ഇതിന് ജനറല്‍ സെക്രട്ടറി യെച്ചൂരിയുടെ അനുമതിവാങ്ങി. അഞ്ചുമന്ത്രിമാരടക്കം 33 എം.എല്‍.എമാര്‍ പുറത്താകുന്ന ഈ ധാരണ, സെക്രട്ടേറിയറ്റിനു മുന്നിലെത്തിയത് തീരുമാനമാക്കാനുള്ള, നടപടി പൂര്‍ത്തിയാക്കാനുള്ള ഘട്ടത്തിലാണ്. അതിനാല്‍, സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കുപോലും വിയോജിപ്പുയര്‍ത്താന്‍ സമയം ലഭിച്ചില്ല. ഈ രീതിയാണ് മന്ത്രിമാരുടെ കാര്യത്തിലുമുണ്ടായത്.

രണ്ടാം സര്‍ക്കാരില്‍ ടീം എങ്ങനെയാകണമെന്ന ധാരണ പി.ബി. അംഗങ്ങള്‍ക്കിടയിലുണ്ടായിരുന്നു. പക്ഷേ, അതിനു ശേഷം ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ ഇക്കാര്യം ചര്‍ച്ചയ്ക്കുവന്നില്ല. പാര്‍ട്ടി മന്ത്രിമാരെക്കുറിച്ചുള്ള ചര്‍ച്ച അവസാനഘട്ടത്തില്‍ മതിയെന്ന് തീരുമാനിച്ചു. ആദ്യം ഘടകകക്ഷികളുമായി ചര്‍ച്ചയും ധാരണയും. അതിനുശേഷം മുന്നണി അംഗീകാരം. ഒടുവില്‍ പാര്‍ട്ടി മന്ത്രിമാരെ നിശ്ചയിക്കല്‍ ഇതായിരുന്നു പി.ബി. അംഗങ്ങളുണ്ടാക്കിയ ഫോര്‍മുല. കോടിയേരിയും പിണറായിയും അത് നടപ്പാക്കാനുള്ള ചുമതലക്കാരായി.

സി.പി.എം. മന്ത്രിമാരെ നിശ്ചയിക്കാന്‍ ചൊവ്വാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ്, സമിതിയോഗങ്ങള്‍ ചേരാന്‍ നേരത്തേ നിശ്ചയിച്ചതാണ്. സെക്രട്ടേറിയറ്റില്‍ അവതരിപ്പിക്കേണ്ട പട്ടിക നേരത്തേ പി.ബി. അംഗങ്ങള്‍ തയ്യാറാക്കി. കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിമാരായവരെ മറ്റിനിര്‍ത്തി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാമെന്ന നിര്‍ദേശം കോടിയേരിയും പിണറായിയും മുന്നോട്ടുവെച്ചു. എസ്. രാമചന്ദ്രന്‍പിള്ളയും എം.എ. ബേബിയും യോജിച്ചു.

മന്ത്രിസഭ സംബന്ധിച്ചുള്ള ശുപാര്‍ശ തയ്യാറാക്കാനായി ആദ്യം കേരളത്തില്‍നിന്നുള്ള പി.ബി.അംഗങ്ങളുടെ യോഗം ചേര്‍ന്നു. ഈ ശുപാര്‍ശ യെച്ചൂരിക്കുമുമ്പാകെ അവതരിപ്പിച്ചു. പി.ബി. അംഗം പിണറായി ഉള്‍പ്പെടെ നാലു കേന്ദ്രകമ്മിറ്റി അംഗങ്ങളും മന്ത്രിസഭയില്‍ ഉണ്ടാവണമെന്നായിരുന്നു യെച്ചൂരിയുടെ നിര്‍ദേശം. എന്നാല്‍, കേരളത്തില്‍നിന്നുള്ള പി.ബി. അംഗങ്ങള്‍ അത് നിരസിച്ചു. ഇങ്ങനെ, കേന്ദ്രകമ്മിറ്റി അംഗങ്ങളില്‍ ശൈലജയെ മാറ്റി നിര്‍ത്തി, 'മന്ത്രിസഭാംഗങ്ങളെല്ലാം പുതുമുഖങ്ങള്‍' എന്ന പിണറായിയുടെ വാദത്തിന് പി.ബി. അംഗങ്ങളുടെ യോഗത്തിലും പിന്നീട് സംസ്ഥാന സെക്രട്ടേറിയറ്റ്-സംസ്ഥാനകമ്മിറ്റി യോഗങ്ങളിലും മുന്‍തൂക്കം ലഭിച്ചു.

ആരോഗ്യമന്ത്രിയായി മികച്ച പ്രകടനവും ജനപ്രീതിയും നേടിയ കെ.കെ. ശൈലജയ്ക്ക് മന്ത്രിസ്ഥാനത്ത് തുടര്‍ച്ചയുണ്ടാകുമെന്നു തന്നെയായിരുന്നു രാഷട്രീയ കേരളത്തിന്റെ കണക്കുകൂട്ടല്‍. ശൈലജയെ മാറ്റി നിര്‍ത്തിയതിനെതിരേ അണികളിലും പൊതുസമൂഹത്തിലും എതിര്‍പ്പുണ്ടെങ്കിലും പാര്‍ട്ടി തീരുമാനത്തില്‍ ഇളക്കമുണ്ടാവാനിടയില്ല.

ശൈലജയെ ഒഴിവാക്കിയതില്‍ ദേശീയതലത്തിലും നിരാശ

പിണറായി മന്ത്രിസഭയില്‍നിന്ന് കെ.കെ. ശൈലജയെ ഒഴിവാക്കിയതില്‍ ദേശീയതലത്തില്‍ നിരാശയും പ്രതിഷേധവും. കവികളും ചലച്ചിത്രതാരങ്ങളും ബുദ്ധിജീവികളും സാമൂഹികപ്രവര്‍ത്തകരും ട്വിറ്ററില്‍ പ്രതികരണവുമായെത്തി. സി.പി.എം. അചിന്ത്യമായത് ചെയ്തു എന്നാണ് ചില വാര്‍ത്താ വെബ്സൈറ്റുകള്‍ പ്രതികരിച്ചത്.

കെ.കെ. ശൈലജയെപ്പോലെ, പ്രവര്‍ത്തിക്കുന്ന മന്ത്രിമാരെ ഒഴിവാക്കുകയും മുഖ്യമന്ത്രിയുടെ മരുമകനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തത് നിര്‍ഭാഗ്യകരമായെന്ന് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ''അന്താരാഷ്ട്രതലത്തില്‍ അഭിനന്ദിക്കപ്പെട്ട ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ കേരളാ മന്ത്രിസഭയില്‍ കാണാനില്ല. എന്താണ് യഥാര്‍ഥത്തില്‍ സംഭവിക്കുന്നത്'' എന്നാണ് സി.പി.ഐ.(എം.എല്‍.) ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ ചോദിച്ചത്.

സ്ത്രീകള്‍ നിഴലായിരിക്കുമ്പോഴാണ് അവരെ വലിയവരായി കരുതുന്നതെന്നും ഏതെങ്കിലും ഒരു നിമിഷത്തില്‍ അവര്‍ കൂടുതല്‍ തിളങ്ങുന്നതായി കണ്ടാല്‍ ആ നിമിഷം പുറത്താക്കുമെന്നും കവിയും ആക്ടിവിസ്റ്റുമായ മീന കന്ദസ്വാമി അഭിപ്രായപ്പെട്ടു.

ശൈലജ മന്ത്രിസഭയില്‍നിന്ന് ഒഴിവാകുന്നത് ദുഃഖകരമാണെന്ന് ശശി തരൂര്‍ എം.പി. പറഞ്ഞു. ആദരണീയമായ അവരുടെ കാര്യക്ഷമതയ്ക്കും പ്രവര്‍ത്തനശേഷിക്കുമപ്പുറം ആരോഗ്യമന്ത്രിയെന്ന നിലയില്‍ എല്ലാവര്‍ക്കും എപ്പോഴും സഹായം നല്‍കുന്ന, പ്രതികരിക്കുന്ന ഒരാളായാണ് കണ്ടിട്ടുള്ളതെന്ന് തരൂര്‍ പറഞ്ഞു.

മന്ത്രിയാക്കണമെന്ന് സോഷ്യല്‍ മീഡിയ കാമ്പയിന്‍

പുതിയ മന്ത്രിസഭയില്‍ മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധവുമായി സാമൂഹിക മാധ്യമ കൂട്ടായ്മകള്‍. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തോടെ ജയിച്ച കെ.കെ. ശൈലജ മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വോട്ട് രേഖപ്പെടുത്തിയതെന്ന രീതിയിലുള്ള പോസ്റ്റുകള്‍ ഇടുന്നവരും ഷെയര്‍ ചെയ്യുന്നവരുമാണ് കൂടുതല്‍.

പാര്‍വതി തിരുവോത്ത്, മാലാ പാര്‍വതി, റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ 'ബ്രിങ് ബാക്ക് ശൈലജ' എന്ന ഹാഷ്ടാഗില്‍ തങ്ങളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കെ.കെ. ശൈലജയെ ആരോഗ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കാമ്പയിനുകളും മാസ് പെറ്റീഷന്‍ ഒപ്പിടലും ഇതിനകം സാമൂഹികമാധ്യമങ്ങളില്‍ നിറഞ്ഞുകഴിഞ്ഞു.

Content Highlights: K K Shailaja not part of Pinarayi Vijayan's new cabinet