ന്യൂഡല്‍ഹി: യാക്കോബായ സഭയെ ഒപ്പം നിര്‍ത്താനുള്ള ബിജെപി നീക്കത്തിന് തിരിച്ചടി. പള്ളിതര്‍ക്ക വിഷയത്തില്‍ കൃത്യമായ ഉറപ്പുകള്‍ ബിജെപി ദേശീയ നേതൃത്വത്തില്‍ ലഭിക്കാത്തതാണ് ചര്‍ച്ചകള്‍ക്ക് തിരിച്ചടിയായത്. സഭാ നേതാക്കള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണാതെ ഡല്‍ഹിയില്‍ നിന്ന് മടങ്ങി.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി.യുടെ ദേശീയ, സംസ്ഥാന നേതാക്കളും കേന്ദ്രമന്ത്രിമാരും പലവട്ടം യാക്കോബായസഭ ബിഷപ്പുമാരുമായി ചര്‍ച്ച നടത്തിയിരുന്നു. സഭാ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി തോമസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയുടെ നേതൃത്വത്തില്‍ ശനിയാഴ്ച മെത്രാപ്പൊലീത്തമാരും മറ്റു സഭാ ഭാരവാഹികളും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി ചര്‍ച്ച നടത്തുമെന്നും അറിയിച്ചിരുന്നു.

വ്യക്തമായ ഉറപ്പുലഭിച്ചാല്‍ ബി.ജെ.പി.യുമായി നീക്കുപോക്കുണ്ടാക്കാന്‍ പുത്തന്‍കുരിശില്‍ ചേര്‍ന്ന യാക്കോബായ സുറിയാനിസഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസും വര്‍ക്കിങ് കമ്മിറ്റിയും പച്ചക്കൊടി കാട്ടി. എന്നാല്‍ പള്ളിത്തര്‍ക്കത്തില്‍ തങ്ങള്‍ക്കനുകൂലമായ ഒരു നിലപാട് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നായിരുന്നു യാക്കോബായ സഭയുടെ പ്രധാന ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ ഉറപ്പുനല്‍കാന്‍ ബിജെപി നേതൃത്വത്തിനായിരുന്നില്ല.

നേരത്തെയുള്ള ബിജെപി-സഭ ചര്‍ച്ചകളനുസരിച്ച് മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂര്‍, പിറവം എന്നിവിടങ്ങളില്‍ യാക്കോബായ സുറിയാനിസഭ നിര്‍ദേശിക്കുന്നവരെ സ്ഥാനാര്‍ഥികളാക്കാമെന്ന് ബി.ജെ.പി. വാഗ്ദാനംചെയ്തിരുന്നു. സഭാഭാരവാഹികളും വൈദികരുമടക്കം പലപ്രമുഖരും സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഉണ്ടാകുമെന്ന സൂചനകളുമുണ്ടായിരുന്നു. എന്നാല്‍, ബി.ജെ.പി.ക്ക് പരസ്യപിന്തുണ നല്‍കുന്നതില്‍ സഭയിലെ ഒരുവിഭാഗം രംഗത്തെത്തുകയും ചെയ്തിരുന്നു.