മലപ്പുറം: നിയമസഭ തിരഞ്ഞെടുപ്പിലെ തിരിച്ചടി കണക്കിലെടുത്ത് യു.ഡി.എഫില്‍ അടിമുടി മാറ്റം വേണമെന്ന് ഗുരുവായൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയും മുസ്ലീംലീഗ് നേതാവുമായ കെ.എന്‍.എ. ഖാദര്‍. യു.ഡി.എഫിന്റെ സംഘടനാ ദൗര്‍ബല്യവും കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതില്‍ വന്ന വീഴ്ചയുമാണ് ഇത്തരമൊരു പരാജയത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂരില്‍ ഉള്‍പ്പെടെ കേരളത്തില്‍ പലയിടത്തും ബി.ജെ.പി., എസ്ഡിപിഐ വോട്ടുകള്‍ എല്‍.ഡി.എഫിന് ലഭിച്ചിട്ടുണ്ടെന്നും കെ.എന്‍.എ. ഖാദര്‍ ആരോപിച്ചു. 

ഗുരുവായൂരില്‍ ബി.ജെ.പി. പിന്തുണച്ച സ്ഥാനാര്‍ഥി ദിലീപ് നായര്‍ക്ക് ഇത്തവണ ആറായിരം വോട്ടാണ് കിട്ടിയത്. എസ്ഡിപിഐക്ക് രണ്ടായിരത്തോളവും. കഴിഞ്ഞ തവണ ബിജെപിക്ക് 25,000-ലേറെ വോട്ട് ലഭിച്ചിരുന്നു. ഇത്തവണ അവരുടെ 19,000 വോട്ടും എസ്ഡിപിഐ വോട്ടും എല്‍.ഡി.എഫിലേക്ക് പോയി. കേരളത്തില്‍ പലയിടത്തും ഇത് സംഭവിച്ചിട്ടുണ്ട്. 

താഴെത്തട്ട് മുതല്‍ നേതൃതലം വരെ യു.ഡി.എഫിന് സംഘടനാ ദൗര്‍ബല്യമുണ്ട്. ആവശ്യമായ കാര്യക്ഷമത യു.ഡി.എഫിന്റെ ഭാഗത്തുനിന്നുണ്ടായില്ല. അങ്ങനെയാണെങ്കില്‍ ഇതിനെക്കാള്‍ മെച്ചപ്പെട്ട സ്ഥിതി ഉണ്ടാകുമായിരുന്നു. ജനങ്ങള്‍ ചിലപ്പോള്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും ചിലരെ ജയിപ്പിക്കും. ഒരു പാട് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയ സര്‍ക്കാരായിരുന്നു ഉമ്മന്‍ചാണ്ടിയുടേത്. പക്ഷേ, എന്നിട്ടും അന്ന് എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ഇത്രമാത്രം ദ്രോഹകരമായി പ്രവര്‍ത്തിച്ചിട്ടും കേന്ദ്രത്തില്‍ ബി.ജെ.പിയും ജയിച്ചു. ജനങ്ങളുടെ മനസ്സിന്റെ ഉള്ളറകളില്‍ എന്താണെന്ന് മനസിലാക്കാന്‍ നല്ല ഹോംവര്‍ക്ക് ചെയ്യണം. 

യു.ഡി.എഫില്‍ മേല്‍ത്തട്ടില്‍ മാത്രമാണ് ചര്‍ച്ചകളെല്ലാം നടക്കുന്നത്. താഴെത്തട്ടില്‍നിന്ന് അഭിപ്രായങ്ങള്‍ സ്വരൂപിക്കണം. അത് പഠിക്കണം. രാഷ്ട്രീയമായ ഉണര്‍വ് കൈവരിക്കാനും സംഘടനാദൗര്‍ബല്യം പരിഹരിക്കാനും വളരെവേഗം ശ്രമിക്കണം. അല്ലാത്തപക്ഷം വളരെമോശമായ സ്ഥിതിവിശേഷമാകും ഉണ്ടാവുക. നേതൃമാറ്റം മാത്രമല്ല, അടിമുടിയുള്ള മാറ്റമാണ് വേണ്ടതെന്നും കെ.എന്‍.എ. ഖാദര്‍ പറഞ്ഞു. 

കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന ബി.ജെ.പിക്ക് കേരളത്തിലെ കോണ്‍ഗ്രസ് മുന്നണി തകരുക എന്നതാണ് ലക്ഷ്യം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സ്വാധീനമില്ലാത്തതിനാല്‍ കമ്മ്യൂണിസ്റ്റ് മുക്ത ഭാരതമെന്നത് അവരുടെ മുദ്രാവാക്യമല്ല. കോണ്‍ഗ്രസിനെയും അവരുടെ സംഖ്യങ്ങളെയും ഇല്ലായ്മ ചെയ്യുകയാണ് അവരുടെ ലക്ഷ്യം. അതിനായി സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ ചില ധാരണകളുണ്ടായിട്ടുണ്ട്. അതെല്ലാം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. 

തിരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിനും പരിക്കേറ്റിട്ടുണ്ടെന്നും കെ.എന്‍.എ. ഖാദര്‍ പറഞ്ഞു. പൊതുവില്‍ യു.ഡി.എഫിന് പ്രഹരമേറ്റപ്പോള്‍ സംഭവിച്ചതിന്റെ അനുരണനങ്ങള്‍ ലീഗിനും അനുഭവിക്കേണ്ടിവരുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, കുഞ്ഞാലിക്കുട്ടി എം.പി. സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിച്ചത് തിരിച്ചടിയായോ എന്ന ചോദ്യത്തിന് അതേക്കുറിച്ച് പഠനം നടത്തിയിട്ടില്ലെന്നും പാര്‍ട്ടി പരിശോധിക്കുമ്പോള്‍ പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. 

Content Highlights: iuml leader kna khader about election result