കോട്ടയം: ഇരിക്കൂറിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി ഉമ്മന്‍ചാണ്ടി. യു.ഡി.എഫില്‍ മൂന്ന് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച എലത്തൂരിലെ തര്‍ക്കത്തിന് ഉടന്‍ പരിഹാരമുണ്ടാകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കോട്ടയത്ത്‌ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ഇരിക്കൂരിലെ പ്രശ്‌നങ്ങള്‍ തീര്‍ത്തു. അവിടത്തെ രാജി പിന്‍വലിച്ചു. നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി സജീവ് ജോസഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് നടക്കുകയാണ്. എല്ലാവരും സഹകരിച്ച് ഒന്നിച്ച് നിന്ന് പ്രവര്‍ത്തിക്കും. ചില പ്രശ്‌നങ്ങള്‍ അവിടെ ഉണ്ടായിട്ടുണ്ട്  അത് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ് അതിന് പരിഹാരമുണ്ടാകും. എലത്തൂരാണ് പ്രശ്‌നം ശേഷിക്കുന്നത് അതിന് പരിഹാരമുണ്ടാകും. പരിഹാരമില്ലാത്ത പ്രശ്‌നങ്ങളുണ്ടോ?' ഉമ്മന്‍ചാണ്ടി ചോദിച്ചു.

ഇരിക്കൂറിലെ സ്ഥാനാര്‍ഥിനിര്‍ണയത്തെച്ചൊല്ലിയാണ് ജില്ലയിലെ കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാക്കള്‍ ഇടഞ്ഞത്. ഇവരുമായി ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ എങ്ങനെയാണ് പ്രശ്‌നപരിഹാരമുണ്ടാക്കിയത് എന്ന് വ്യക്തമല്ല. 

ഡി.സി.സി. പ്രസിഡന്റ്് പദവിയും മറ്റ് ചില സ്ഥാനങ്ങളും എ ഗ്രൂപ്പിന് നല്‍കിയാണോ പ്രശ്‌നപരിഹാരമെന്നത് വ്യക്തമാകാനുണ്ട്. ഇതിന് കെ.സുധാകരന്റെ സമ്മതം തേടിയതായാണ് സൂചനകളുണ്ടായിരുന്നു. എ.കെ.ആന്റണിയും സോണി സെബാസ്റ്റ്യന്‍, പി.ടി.മാത്യു, മുഹമ്മദ് ബ്ലാത്തൂര്‍ തുടങ്ങിയ നേതാക്കളെ ഫോണില്‍ വിളിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇരിക്കൂറിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഒന്നിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള നിര്‍ദേശമാണ് നല്‍കിയത്. എ ഗ്രൂപ്പിലെ സോണി സെബാസ്റ്റ്യനെ ഒഴിവാക്കി സജീവ് ജോസഫിനെ സ്ഥാനാര്‍ഥിയാക്കിയതാണ് ഇരിക്കൂറില്‍ പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. കെ.സി.വേണുഗോപാലിന്റെ ഗ്രൂപ്പുകളിയിലൂടെയാണ് സജീവ് സ്ഥാനാര്‍ഥിയായതെന്നും ഇത് അംഗീകരിക്കില്ലെന്നും പറഞ്ഞ് കഴിഞ്ഞ രണ്ടാഴ്ചയായി എ ഗ്രൂപ്പ് സമരപരിപാടികള്‍ നടത്തിവരികയാണ്.

ശ്രീകണ്ഠപുരത്തെയും ആലക്കോട്ടെയും ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസുകള്‍ പൂട്ടി കരിങ്കൊടി കുത്തി പോസ്റ്റര്‍ പതിച്ചാണ് എ ഗ്രൂപ്പ് പ്രതിഷേധം തുടങ്ങിയത്. പിന്നീട് ശ്രീകണ്ഠപുരത്ത് പന്തല്‍ കെട്ടി രാപകല്‍ സമരവും നടത്തി. ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടലും വെല്ലുവിളിയും നടന്നു. എന്നിട്ടും നേതൃത്വം സ്ഥാനാര്‍ഥിയെ മാറ്റാത്തതിനാല്‍ കെ.പി.സി.സി. ജന. സെക്രട്ടറി സോണി സെബാസ്റ്റ്യന്‍, യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ പി.ടി.മാത്യു എന്നിവരുടെ നേതൃത്വത്തില്‍ നൂറോളം എ ഗ്രൂപ്പ് നേതാക്കള്‍ സ്ഥാനങ്ങള്‍ രാജിവച്ചു.

എ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ശ്രീകണ്ഠപുരത്ത് സമാന്തര കണ്‍വെന്‍ഷനും വിളിച്ചുചേര്‍ത്തു. ജില്ലയിലെ കോണ്‍ഗ്രസ് മത്സരിക്കുന്നിടത്തെല്ലാം വിമതരെ നിര്‍ത്തുമെന്ന സ്ഥിതി വന്നപ്പോഴാണ് സംസ്ഥാനനേതൃത്വം ഇടപെട്ടത്. തുടര്‍ന്ന് പ്രശ്‌നപരിഹാരമുണ്ടാക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരം യു.ഡി.എഫ്. സംസ്ഥാന ചെയര്‍മാന്‍ എം.എം.ഹസനും കെ.സി.ജോസഫ് എം.എല്‍.എ.യും കണ്ണൂരിലെത്തി ചര്‍ച്ചനടത്തിയെങ്കിലും പരിഹാരമായില്ല. ഇതിനുശേഷമാണ് അവസാനഘട്ട ചര്‍ച്ചനടത്തി പ്രശ്‌നം തീര്‍ക്കാന്‍ ഉമ്മന്‍ചാണ്ടിയെ നിയോഗിച്ചത്. 

Content Highlights: Irikkur Issue resolved, says Oommen Chandy