മകാലിക കേരളത്തിലെ ധൈഷണിക മേഖലയില്‍ ഒറ്റയാനെന്ന് വിശേഷിപ്പിക്കാവുന്ന സാമൂഹിക ശാസ്ത്രജ്ഞനും ചിന്തകനുമാണ് പ്രൊഫസര്‍ എം. കുഞ്ഞാമന്‍. സാമൂഹിക ശാസ്ത്രജ്ഞനും ചിന്തകനുമെന്ന നിലയില്‍ അദ്ദേഹം മുന്നോട്ടുവെയ്ക്കുന്ന മൗലികമായ നിരീക്ഷണങ്ങള്‍ കേരളത്തിന്റെ ജനാധിപത്യപരിസരം വികസിപ്പിക്കുകയും സമ്പന്നമാക്കുകയും ചെയ്യുന്നുണ്ട്. കോഴിക്കോട് സര്‍വ്വകലാശാലയില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം. സി.ഡി.എസില്‍നിന്ന് എം.ഫിലും കൊച്ചി സര്‍വ്വകലാശാലയില്‍നിന്ന് പിഎച്.ഡിയും. 1979 മുതല്‍ 2006 വരെ കേരള സര്‍വ്വകലാശാലയില്‍ അദ്ധ്യാപകന്‍. തുടര്‍ന്ന് 13 വര്‍ഷം മഹാരാഷ്ട്രയിലെ തുല്‍ജാപൂരില്‍ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യല്‍ സയന്‍സസില്‍. നിര്‍ണ്ണായകമായ ഒരു തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ കുഞ്ഞാമനുമായി നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം. 

ആദ്യ ഭാഗം: ഇ.എം.എസ്. എന്നോട് പറഞ്ഞു: എന്നെ വിമര്‍ശിക്കണം, ഞാന്‍ ദൈവമല്ല- കുഞ്ഞാമന്‍

മൂന്നാം ഭാഗം: മോദിയും പറഞ്ഞത് ഭരണത്തുടര്‍ച്ച എന്നാണ്: കുഞ്ഞാമന്‍

 

ശരിയായ രാഷ്ട്രീയം അധികാരത്തെ ചോദ്യം ചെയ്യലാണെന്ന് താങ്കള്‍ നേരത്തെ നിരീക്ഷിച്ചിട്ടുണ്ട്. ഈ ചോദ്യം ചെയ്യലിന് ഇപ്പോള്‍ അവസരമുണ്ടോ?

രാഷ്ട്രീയം നിരന്തരമായ പ്രക്രിയയാണ്. തിരഞ്ഞെടുപ്പ് അതിന്റെ ഒരു ഭാഗം മാത്രമാണ്. അധികാരത്തിലുള്ള പങ്കാളിത്തമല്ല രാഷ്ട്രീയം. അധികാരത്തെ ചോദ്യംചെയ്യലാണ്. ഭരണത്തിലൂടെയല്ല മാറ്റമുണ്ടാവുന്നത്. നിരന്തരമായ രാഷ്്രടീയത്തിലൂടെയും സമരപ്രക്രിയയിലൂടെയുമാണ് അതുണ്ടാവുന്നത്. നമ്മള്‍ പക്ഷേ, ഭരണത്തിന് അമിത പ്രാധാന്യം കൊടുക്കുന്നു. സമൂഹത്തിലെ കീഴാള വിഭാഗങ്ങളെ നോക്കൂ. അവരൊരിക്കലുംതന്നെ ഇവിടത്തെ അധികാരഘടനയെ ചോദ്യം ചെയ്യുന്നില്ല. അവര്‍ക്ക് അധികാരത്തില്‍ പ്രാതിനിധ്യം കിട്ടണം, പങ്കാളിത്തം കിട്ടണം. അങ്ങിനെയായാല്‍ അവര്‍ സംതൃപ്തരാണ്. ശരിയായ രാഷ്ട്രീയം അധികാരത്തെ ചോദ്യംചെയ്യലാണ്. പക്ഷേ, അങ്ങിനെയൊരു രാഷ്ട്രീയം വളര്‍ന്നുവരേണ്ടതിന്റെ അവശ്യകത ആളുകള്‍ കൃത്യമായി മനസ്സിലാക്കിയിട്ടില്ല.

നെഹ്‌റു മന്ത്രിസഭയില്‍ അംബദ്കര്‍ പങ്കാളിയായിരുന്നു. അധികാര വ്യവസ്ഥകളെ ചോദ്യം ചെയ്യുന്നതില്‍ എന്നും മുന്‍നിരയിലുണ്ടായിരുന്ന അംബദ്കറിന്റെ ഈ നടപടി എങ്ങിനെയാണ് കാണുന്നത്?

അംബദ്കറുടെ അടിസ്ഥാനപരമായ അജണ്ട അധികാരത്തെ ചോദ്യംചെയ്യലായിരുന്നു. അതിനെ ശക്തമാക്കാന്‍ കഴിയുന്ന അവസരമായാണ് അംബദ്കര്‍ മന്ത്രിസ്ഥാനം കണ്ടത്. അതിന് പറ്റില്ലെന്ന് മനസ്സിലായപ്പോള്‍ അദ്ദേഹം മന്ത്രിസ്ഥാനം ഒഴിയുകയും ചെയ്തു. ഒരു പദവിയിലൂടെയല്ല മാറ്റം കൊണ്ടുവരുന്നത്. ഒരു ഭരണാധികാരിയല്ല സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. അങ്ങിനെയാണെങ്കില്‍ ഒരു സര്‍വ്വാധിപതിയെ ഉണ്ടാക്കിയാല്‍ മതിയല്ലോ! ഒരു ഏകാധിപതിയെ തിരഞ്ഞെടുത്താല്‍ പോരെ?  ഇവരൊക്കെ വിജയിച്ചവരാണ്. വിജയിച്ചവരല്ല, പരാജിതരാണ് മാറ്റം കൊണ്ടുവരുന്നത്. പരാജയത്തിനും വിജയത്തിനും വ്യത്യാസമുണ്ട്.  Victory , you celebrate. From failure we learn. വിജയിച്ചുകഴിഞ്ഞാല്‍ നമ്മള്‍ ആഘോഷിക്കുകയാണ്. പരാജയപ്പെട്ടാല്‍ നമ്മള്‍ അതെക്കുറിച്ച് ചിന്തിക്കും. എവിടെയാണ് തെറ്റു പറ്റിയതെന്ന് ആലോചിക്കും. എന്താണ് ചെയ്യേണ്ടതെന്ന് നോക്കും.  സമൂഹത്തില്‍ മാറ്റം വരുന്നത് പരാജിതനിലൂടെയാണ്. വിജയിയിലൂടെയല്ല. അതുകൊണ്ടാണ് ഭരണാധികാരികളല്ല മാറ്റം കൊണ്ടുവരുന്നതെന്ന് പറയുന്നത്. ഭരിക്കുന്നവര്‍ ചില താല്‍പര്യങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്.

തിരഞ്ഞെടുപ്പിന് അതിന്റേതായ ഘടനയും സ്വഭാവവമുണ്ട്. പ്രായോഗികതലത്തിലുള്ള അടവുനയങ്ങളും കൂട്ടുകെട്ടുകളുമാണ് അതിനെ നിര്‍ണ്ണയിക്കുന്നത്. കേരളത്തിലെ മുന്നണി സംവിധാനങ്ങളെക്കുറിച്ച് എന്ത് പറയുന്നു?

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ശക്തി കുറഞ്ഞു തുടങ്ങിയപ്പോഴാണ് കേരളം മുന്നണി സംവിധാനത്തിലേക്ക് പോയത്. മുന്നണികള്‍ക്ക് നിയതമായ രാഷ്ട്രീയമൊന്നുമില്ല. അതൊരു വര്‍ഗനിരപേക്ഷ കൂട്ടുകെട്ടാണ്. പണ്ട് പി.ജെ. ജോസഫ് ഇടതുപക്ഷക്കാരുടെ കൂടെയായിരുന്നു. ജോസഫ് പുറത്തുപോയപ്പോള്‍ ജോസ് വന്നു. അവസരവാദപരമായ നീക്കങ്ങള്‍ മാത്രമാണിത്. തിരഞ്ഞെടുപ്പ് ജയിക്കുക, അധികാരം നിലനിര്‍ത്തുക, വര്‍ഗ്ഗതാല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്നതൊക്കെയാണ് ഇതിന്റെ ലക്ഷ്യങ്ങള്‍.

വളരെ വിചിത്രമായ കൂട്ടുകെട്ടുകളാണ് പലപ്പോഴും ഈ മുന്നണികള്‍?

പക്ഷേ, ഇവരുടെ വര്‍ഗതാല്‍പര്യങ്ങള്‍ ഒന്നുതന്നെയാണ്. ഇവരില്‍ മാറി മാറി വരുന്നവര്‍ കടലും കായലും കാടും വിറ്റ് മുതലാക്കുന്നവരാണ്. കായല്‍ വെട്ടിപ്പിടിച്ച ഒരാളുണ്ടായിരുന്നല്ലോ?

അന്തരിച്ച തോമസ് ചാണ്ടിയെയാണോ ഉദ്ദേശിക്കുന്നത്?

അതെ. ഇവര്‍ക്കൊക്കെ ബിസിനസ് താല്‍പര്യങ്ങള്‍ മാത്രമാണുള്ളത്.

ഈ പാര്‍ട്ടികള്‍ ഇതിനെയൊക്കെ പ്രതിരോധിക്കുന്നത് ലക്ഷ്യം കൈവരിക്കാനുള്ള മാര്‍ഗമാണിതെന്നു പറഞ്ഞാണ്. പക്ഷേ, ഇപ്പോള്‍ മാര്‍ഗം ലക്ഷ്യത്തെ വിഴുങ്ങുകയാണെന്നു പറയേണ്ടി വരില്ലേ?

ഇവരുടെ ലക്ഷ്യമെന്താണ്? അധികാരം നിലനിര്‍ത്തണമെന്നല്ലാതെ സമത്വാധിഷ്ഠിതമായ സമൂഹം ഇവരുടെ ലക്ഷ്യമാണോ? ഭൂരഹിത കര്‍ഷകത്തൊഴിലാളികള്‍ക്ക് ഭൂമി കൊടുക്കണമെന്ന നയം ഇപ്പോള്‍ ഏതെങ്കിലും പാര്‍ട്ടിക്കുണ്ടോ? ഇവരല്ലേ ചേരികളിലേക്കും പുറമ്പോക്കുകളിലേക്കും തള്ളപ്പെട്ട കീഴാള വര്‍ഗത്തെ(under class)  സൃഷ്ടിച്ചത്.  സംഘടിത തൊഴിലാളി സമൂഹം ഒരിക്കലും മുതലാളിത്തത്തെ തള്ളിപ്പറഞ്ഞിട്ടില്ല. മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകള്‍ക്ക് വേണ്ടിയാണ് ഇവരുടെ സമരം. കൂടുതല്‍ ബോണസ് കിട്ടുക. എന്താണ് ബോണസ്? ബോണസ്  എന്നു പറഞ്ഞാല്‍ ലാഭത്തിലുള്ള വിഹിതമാണ്. മുതലാളിയുടെ ലാഭം കൂടണമെങ്കില്‍ കമ്പനിയുടെ ഓഹരിമൂല്യം കൂടണം. അതായത് മുതലാല്‍ത്തത്തെ ശക്തിപ്പെടുത്തുന്നതിലുള്ള വിഹിതമാണ് ബോണസ്. ഈ ബോണസിനു വേണ്ടിയാണ് സംഘടിത തൊഴിലാളി സമൂഹം എന്ന പ്രിവിലേജ്ഡ് ക്ലാസ് സമരം ചെയ്യുന്നത്. ഇവര്‍ തന്നെയാണ്  ആദിവാസികളെ അടിമത്തൊഴിലാളികളായി നിലനിര്‍ത്തിയിരുന്നത്.
മുന്നണികള്‍ ഇപ്പോള്‍ ചെയ്യുന്നതെന്താണെന്ന് പരിശോധിക്കാം. ഭിക്ഷ കൊടുക്കുന്നതിലുള്ള മത്സരമാണ് ഇവിടെ നടക്കുന്നത്. ഒരു കൂട്ടര്‍ രണ്ടായിരം രൂപയാണ് വാഗ്ദാനം ചെയ്യുന്നതെങ്കില്‍ മറ്റൊരു കൂട്ടര്‍ മുവ്വായിരം വാഗ്ദാനം ചെയ്യുന്നു. ഇത് ഭിക്ഷ കൊടുക്കലാണ്.

അങ്ങിനെ പറയാമോ? ക്ഷേമ പെന്‍ഷന്‍ സാമൂഹ്യ സുരക്ഷയുടെ ഭാഗമല്ലേ? അവശതയനുഭവിക്കുന്നവര്‍ക്ക് സാമൂഹ്യ സൂരക്ഷ നല്‍കുന്നത് വികസിത രാജ്യങ്ങള്‍ പോലും തുടരുന്ന നയമല്ലേ?

സാമൂഹ്യ സുരക്ഷയെയല്ല ഞാന്‍ വിമര്‍ശിക്കുന്നത്. അവശത അനുഭവിക്കുന്നവര്‍ക്ക് ക്ഷേമ പദ്ധതികള്‍ വേണം. പക്ഷേ, സാമ്പത്തിക സുരക്ഷ എവിടെയെന്നാണ് ഞാന്‍ ചോദിക്കുന്നത്. പൊതുസമൂഹത്തിന് കൃത്യമായ വരുമാനം കിട്ടുന്നതിനുള്ള സാമ്പത്തിക ശ്രോതസ്സുകള്‍ വേണം. കാര്‍ഷിക - വ്യവസായ മേഖലകളില്‍ അതിനുള്ള പദ്ധതികള്‍ വേണം. ഇതിനുള്ള നയപരിപാടികള്‍ ഏതെങ്കിലും പാര്‍ട്ടിക്കുണ്ടോ? കടമെടുത്ത് ഭിക്ഷ കൊടുക്കുന്ന പരിപാടിയാണ് ഇവിടെ നടക്കുന്നത്. കിഫ്ബിയിലൂടെ തോമസ് ഐസക്ക് ചെയ്യുന്നതു തന്നെയാണ് നിര്‍മ്മല സീതാരാമനും ചെയ്യുന്നത്. ഐസക്ക് കടമെടുക്കുന്നു , നിര്‍മ്മല പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റ് പണം കണ്ടെത്തുന്നു. മൗലികമായ ഒരു വ്യത്യാസവും ഇവിടെയില്ല. അടുത്തിടെ നെയ്യാറ്റിന്‍കരയില്‍ ഭാര്യയും ഭര്‍ത്താവും ആത്മഹത്യ ചെയ്ത സംഭവമുണ്ടായി. ഇവരുടെ രണ്ട് കുട്ടികളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്  ഡി.വൈ.എഫ്്.ഐയും യൂത്ത്കോണ്‍ഗ്രസും മുന്നോട്ടു വന്നിരുന്നു. ബോബി ചെമ്മണ്ണൂരും വന്നു. ഈ കുട്ടികളെ സംരക്ഷിക്കുകയെന്ന് പറഞ്ഞാല്‍ അത് ജീവകാരുണ്യപ്രവര്‍ത്തനമാണ്. ഒന്നര, രണ്ട് സെന്റുകളില്‍ ശ്വാസംമുട്ടി കഴിയുന്നവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള നയമാണ് വേണ്ടത്. അതെവിടെയെന്നാണ് നമ്മള്‍ ചോദിക്കേണ്ടത്. ജീവകാരുണ്യപ്രവര്‍ത്തനം ഇത്തരം നയങ്ങള്‍ക്കുള്ള ബദലല്ല.

കേരളത്തില്‍ നിലവിലുള്ള മുന്നണി സംവിധാനങ്ങളിലേക്ക് വരാം. ഇപ്പോള്‍ കേരളത്തില്‍ ഉയര്‍ന്നിട്ടുള്ള വലിയൊരു വിവാദം ബി.ജെ.പിയും ഇതര പാര്‍ട്ടികളും തമ്മിലുണ്ടെന്ന് പറയപ്പെടുന്ന ധാരണയെച്ചൊല്ലിയാണ്. ബി.ജെ.പിയുടെ ലക്ഷ്യം തങ്ങളുടെ തകര്‍ച്ചയാണെന്ന് സി.പി.എമ്മും അങ്ങിനെയല്ല ബി.ജെ.പി. ലക്ഷ്യമിടുന്നത് തങ്ങളെയാണെന്ന് കോണ്‍ഗ്രസും പറയുന്നു. താങ്കള്‍ക്ക് എന്താണ് തോന്നുന്നത്?

കോണ്‍ഗ്രസിനെ ഇല്ലാതാക്കുകയാണ് ബി.ജെ.പിയുടെ മെഗാപ്ലാന്‍ എന്നാണ് അനുമാനിക്കേണ്ടത്. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം കേരളത്തില്‍ നിലവിലുള്ള ഭരണത്തിന്റെ തുടര്‍ച്ചയാവാം അഭികാമ്യം. ബി.ജെ.പിക്കറിയാം അവരിവിടെ ഭരണമൊന്നും പിടിക്കാന്‍ പോകുന്നില്ലെന്ന്. അതവരുടെ ഇപ്പോഴത്തെ ലക്ഷ്യവുമല്ല. അവരുടെ ലക്ഷ്യം അവരുടെ അടിത്തറ വിപുലമാക്കുകയാണ്. അതിന് കോണ്‍ഗ്രസ് തകരുന്നതായിരിക്കും കൂടുതല്‍ നല്ലതെന്ന് അവര്‍ക്കറിയാം. സി.പി.എമ്മിനെക്കുറിച്ച് അവര്‍ക്ക് വലിയ വേലാതിയൊന്നുമുണ്ടാവില്ല. ആ പാര്‍ട്ടി ഇതിനകം തന്നെ തകര്‍ച്ചയിലാണ്. They are a declining force. അതുകൊണ്ടുതന്നെ ആദ്യം കോണ്‍ഗ്രസ് അതു കഴിഞ്ഞ് സി.പി.എം. എന്നായിരിക്കും ബി.ജെ.പിയുടെ കണക്ക്കൂട്ടല്‍.

കോണ്‍ഗ്രസും ക്ഷയിച്ചുകൊണ്ടിരിക്കുകയല്ലേ?

അതെ. കോണ്‍ഗ്രസ് ഇന്നലത്തെ പാര്‍ട്ടിയാണ്. 1960-കളില്‍ തുടങ്ങിയതാണ് കോണ്‍ഗ്രസിന്റെ ക്ഷയം. 1967-ല്‍ എട്ടു സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെട്ടത്. തമിഴ്നാട്ടില്‍ ഇനിയും അധികാരത്തില്‍ തിരിച്ചെത്താന്‍ കോണ്‍ഗ്രസിനായിട്ടില്ല. ബി.ജെ.പി. ഇന്നത്തെ പാര്‍ട്ടിയാണ്. ഇന്ന് അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. എന്നാണ് ഞാന്‍ അര്‍ത്ഥമാക്കുന്നത്. നാളത്തെ പാര്‍ട്ടി ഇനിയും ആവിര്‍ഭവിച്ചിട്ടില്ല. ബി.ജെ.പിയുടെ ക്ഷയവും അധികം വൈകാതെയുണ്ടാവും. രാമക്ഷേത്രവും സി.എ.എയുമൊക്കെയായി ആഞ്ഞുപിടിച്ചിട്ടും ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 38 ശതമാനം വോട്ടേ കിട്ടിയുള്ളു എന്ന് മറക്കരുത്. ഇന്ത്യയിലെ ജനസംഖ്യയില്‍ ഹിന്ദുക്കള്‍ 80 ശതമാനമുണ്ടായിട്ടും ബി.ജെ.പിയുടെ പിന്തുണ 38 ശതമാനമേയുള്ളു എന്നത് കാണാതിരിക്കരുത്. കേരളത്തില്‍ അടിത്തറ വിപുലമാക്കാനാണ് ബി.ജെ.പിയുടെ ശ്രമം.  അതിന് കോണ്‍ഗ്രസ് തകരുന്നതായിരിക്കും ബി.ജെ.പി. കൂടുതല്‍ ഇഷ്ടപ്പെടുക.

E Sreedharan
ഇ. ശ്രീധരന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ | ഫോട്ടോ: ഇ.എസ്. അഖില്‍ \ മാതൃഭൂമി

ബി.ജെ.പിയുടെ വോട്ട് ബെയ്സ് വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ടെക്നൊക്രാറ്റായ ഇ. ശ്രീധരനെ കളത്തിലിറക്കിയതെന്ന് നിരീക്ഷണമുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. നടത്തിയ സമര്‍ത്ഥമായൊരു നീക്കമായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്?

തീര്‍ത്തും വികലമായ നീക്കമാണിത്. ആളുകള്‍ അദ്ദേഹത്തിന്റെ കാലുതൊട്ട് വന്ദിക്കുന്നതും കാല് കഴുകുന്നതും കണ്ടു. ഇതിനെ അദ്ദേഹം ന്യായീകരിക്കുന്നതും കണ്ടു. മനുഷ്യന്‍ മനുഷ്യന്റെ കാല് പിടിക്കുന്നതിനെ അംഗീകരിക്കാനാവില്ല. ശ്രീധരന്‍ വളരെ കഴിവുള്ളയാളാണ്, മികച്ച ടെക്‌നൊക്രാറ്റാണ്. അദ്ദേഹത്തിന്റെ മേഖലയില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ളയാളാണ്. പക്ഷേ, ഇവിടത്തെ രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും അമിത പ്രാധാന്യമാണ് അദ്ദേഹത്തിന് കൊടുക്കുന്നത്. 
മനുഷ്യചരിത്രത്തില്‍ സ്മരിക്കപ്പെടുന്നത് ടെക്‌നൊക്രാറ്റുകളല്ല. മനുഷ്യചരിത്രത്തില്‍ ഏറ്റവും സംഭവബഹുലമായിട്ടുള്ള നൂറ്റാണ്ടാണ് പതിനേഴാം നൂറ്റാണ്ട്. 17-ാം നൂറ്റാണ്ടില്‍ ജീവിച്ച എത്ര ടെക്‌നൊക്രാറ്റുകളെ നമുക്കറിയാം. എനിക്കാരെയും അറിയില്ല. പക്ഷേ, ന്യൂട്ടനെയും ഷേക്‌സ്പിയറെയും അറിയാത്ത ആരുമില്ല. ടെക്‌നൊക്രാറ്റ് ഒരു കാലഘട്ടത്തിന്റെ ആളാണ്. തത്ത്വചിന്തകന്‍ കാലാതീതമാണ്. ഡോസ്റ്റോവ്‌സ്‌കി 1866-ലാണ് കുറ്റവും ശിക്ഷയും എന്ന നോവല്‍ എഴുതിയത്. ആ നോവല്‍ ഇപ്പോഴും എത്ര പേരാണ് ആവേശത്തോടെ വായിക്കുന്നത്. കുറ്റവും ശിക്ഷയും -അതിന്റെ തീം- ഇപ്പോഴും പ്രസക്തമാണ്.  ചരിത്രം മാറ്റിമറിച്ചിട്ടുള്ളത് ടെക്‌നൊക്രാറ്റുകളല്ല, ചിന്തകരാണ്. ചിന്തകര്‍ ജീവിക്കുന്നു, സാങ്കേതിക വിദഗ്ദ്ധര്‍ മരിക്കുന്നു. ടെക്‌നൊക്രാറ്റുകള്‍ക്ക് മരണമുണ്ട്. ചിന്തകര്‍ക്ക് മരണമില്ല. വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്താന്‍ പൊതുവെ ഇഷ്ടമില്ലാത്തയാളാണ് ഞാന്‍.

പക്ഷേ, വ്യക്തികള്‍ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടുന്നുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി. ഉയര്‍ത്തിക്കാട്ടുന്ന ഐക്കൊണിക് ഇമേജാണ് ശ്രീധരന്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തെ അവഗണിക്കാനാവില്ല?

അവര്‍ സുരേഷ് ഗോപിയേയും പ്രൊജക്റ്റ്  ചെയ്യുന്നില്ലേ?

സുരേഷ്‌ഗോപിയെ ആ രീതിയില്‍ പ്രൊജക്റ്റ് ചെയ്തിട്ടില്ല. ഒരു ഘട്ടത്തില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിക്കപ്പെട്ട വ്യക്തിയാണ് ശ്രീധരന്‍. അപ്പോള്‍ പിന്നെ അദ്ദേഹത്തിന്റെ വാക്കുകളും ചെയ്തികളും കണ്ടില്ലെന്ന് നടിക്കാനാവുമോ?

ഈ സമീപനം തെറ്റാണ്. നമ്മുടെ രാഷ്ട്രീയ വ്യവസ്ഥ പാര്‍ലമെന്ററി ജനാധിപത്യമാണ്. പ്രസിഡന്‍ഷ്യല്‍ ഡെമോക്രസിയല്ല. പ്രസിഡന്‍ഷ്യല്‍ ഡെമോക്രസിയില്‍ പ്രസിഡന്റിനെ നേരിട്ട് തിരഞ്ഞെടുക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതു പോലെ. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നത് പ്രതിനിധികളാണ്. നേതാവ് തിരഞ്ഞെടുക്കപ്പെടുന്നത് പിന്നീടാണ്.

പാര്‍ലമെന്ററി ജനാധിപത്യത്തെ പ്രസിഡന്‍ഷ്യല്‍ ഡെമോക്രസിയാക്കി ബി.ജെ.പി. മാറ്റുന്ന കാഴ്ചയല്ലേ കഴിഞ്ഞ രണ്ട് ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ നമ്മള്‍ കണ്ടത്?

ബി.ജെ.പി. മാത്രമല്ല ഇത് ചെയ്യുന്നത്. ഇപ്പോള്‍ യെച്ചൂരി പറഞ്ഞില്ലേ ഞങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പിണറായി വിജയനാണെന്ന്. എല്ലാവരും അതാണ് ചെയ്യുന്നത്.

കോണ്‍ഗ്രസിന് പക്ഷേ, ഇതിന് കഴിഞ്ഞിട്ടില്ല? മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അവരാരെയും ഉയര്‍ത്തിക്കാട്ടിയിട്ടില്ല ?

അതങ്ങിനെയാണ് വേണ്ടത്. സീറ്റ് കിട്ടുന്നത് പാര്‍ട്ടിക്കാണ്. ജയിച്ചവരുടെ നിലപാടുകള്‍ കണക്കിലെടുത്ത് പാര്‍ട്ടിയാണ് നേതാവിനെ തീരുമാനിക്കുന്നത്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഒരു തരത്തില്‍ അതവരുടെ കഴിവുകേടാണ്. എന്നാല്‍ സൈദ്ധാന്തികമായി അത് ശരിയുമാണ്.

ശ്രീധരനെ കളത്തിലിറക്കിയ നടപടി വികലമാണെന്നാണ് താങ്കള്‍ വിശേഷിപ്പിച്ചത്. അതൊന്നു കൂടി വ്യക്തമാക്കാമോ?

ശ്രീധരന്റെ കഴിവിനെ അംഗീകരിക്കണം. അതു പക്ഷേ, തിരഞ്ഞെടുപ്പ് ഗോദിയിലിറക്കിക്കൊണ്ടല്ല ചെയ്യേണ്ടത്. അദ്ദേഹത്തിന് ഭാരതരത്‌ന കൊടുക്കാം. വേണ്ടിവന്നാല്‍ നൊബേല്‍ സമ്മാനവും കൊടുക്കാം. പ്രധാനമന്ത്രിപദമോ മുഖ്യമന്ത്രിപദമോ അല്ല കൊടുക്കേണ്ടത്. അത് തെറ്റായ നടപടിയാണ്.

ടെക്‌നൊക്രാറ്റുകളല്ല ജനങ്ങളുടെ ഭാഗധേയം നിര്‍ണയിക്കേണ്ടത് എന്നാണോ താങ്കള്‍ അര്‍ത്ഥമാക്കുന്നത്?

അതെ. ഐന്‍സ്റ്റിന്‍ പറഞ്ഞിട്ടുണ്ട്. ഒരു മത്സ്യത്തെ വിലയിരുത്തേണ്ടത് അതിന് മരത്തില്‍ കയറാനുള്ള കഴിവ് നോക്കിയിട്ടല്ലെന്ന്. മത്സ്യത്തിന്റെ കാര്യത്തില്‍ നോക്കേണ്ടത് നീന്താനുള്ള കഴിവ് നോക്കിയിട്ടാണ്. ശ്രീധരന് ഭാരതരത്‌നയോ നൊബേല്‍ സമ്മാനമോ കൊടുക്കൂ. എനിക്ക് വിരോധമില്ല. പലര്‍ക്കും ഒരു തെറ്റിദ്ധാരണയുണ്ട്. എന്തെങ്കിലും ഒരു പദവ'ിയിലരുന്നാലേ തങ്ങള്‍ക്ക് പ്രസക്തിയുണ്ടാവുകയുള്ളുവെന്ന്. ചില സിനിമാ നടന്മാര്‍ക്കും ഇങ്ങനെ തോന്നിയിട്ടുണ്ട്. സ്വന്തം മേഖലയില്‍ സംഭാവനകള്‍ നല്‍കാനാവുന്നില്ല എന്നു വരുമ്പോഴാണ്, ഒരു തരം അപകര്‍ഷത ബോധത്തില്‍നിന്നാണ് ഈ ചിന്തയുണ്ടാവുന്നത്. എന്തെങ്കിലും പദവി വേണം, അല്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കണം. കലാകാരന്മാര്‍ക്കും ബുദ്ധിജീവികള്‍ക്കും ഇതു വരുന്നത് അപകര്‍ഷതാബോധത്തില്‍ നിന്നാണ്. ആ്തമവിശ്വാസക്കുറവാണ് ഇതിനു പിന്നില്‍.

ഇ. ശ്രീധരന് ആത്മവിശ്വാസക്കുറവ് ഉണ്ടന്നാണോ താങ്കള്‍ പറഞ്ഞുവരുന്നത്?

അതെ. സ്വന്തം മേഖലയില്‍ സംഭാവനകള്‍ ചെയ്യാനാവുന്നില്ലെന്ന് വരുമ്പോഴാണ് ഇതുടലെടുക്കുന്നത്. ഇപ്പോള്‍ ഒരദ്ധ്യാപകനും ഗവേഷകനുമെന്ന നിലയില്‍ എനിക്കൊന്നും ചെയ്യാനില്ലെന്നു വരുമ്പോഴാണ് ഞാന്‍ അധികാര സ്ഥാനങ്ങളെക്കുറിച്ച് ചിന്തിക്കുന്നത്.

ജോണ്‍ മത്തായിയെപ്പോലൊരാള്‍ ഇന്ത്യയുടെ ധനമന്ത്രിയായിട്ടുണ്ട്. മന്‍മോഹന്‍സിങ് ധനമന്ത്രിയും പ്രധാനമന്ത്രിയുമായി. ഇതൊക്കെ അവരുടെ ആത്മവിശ്വാസക്കുറവുകൊണ്ടല്ലല്ലോ! അവരുടെ വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്താന്‍ നെഹ്‌റുവും നരസിംഹ റാവുവും സോണിയ ഗാന്ധിയുമൊക്കെ തയ്യാറായതുകൊണ്ടല്ലേ?

അവരെ അധികാരത്തിലിരിക്കുന്നവര്‍ ക്ഷണിച്ചുവരുത്തുകയായിരുന്നു. ജോണ്‍ മത്തായിയെ നെഹ്‌റു വിളിച്ചുകൊണ്ടുവന്ന് മന്ത്രിയാക്കുകയായിരുന്നു. അവരുടെ കഴിവ് മൊത്തം സമൂഹത്തിനും പ്രയോജനപ്പെടണമെന്ന ചിന്തയായിരുന്നു അതിന് പിന്നില്‍.

സമാനമായ വീക്ഷണം ബി.ജെ.പിക്കും മുന്നോട്ടുവെയ്ക്കാം. ഇ. ശ്രീധരന്റെ കഴിവ് മുഴുവന്‍ സമൂഹത്തിനും പ്രയോജനപ്പെടുത്താനാണ് ഈ നീക്കമെന്ന് അവര്‍ക്കും പറയാമല്ലോ?

അതിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണോ വേണ്ടത്. അവര്‍ രാഷ്ട്രീയത്തിലേക്ക് വരട്ടെ. അല്ലാതെ നേരെ ഒറ്റയടിക്ക് തിരഞ്ഞെടുപ്പില്‍ നില്‍ക്കുകയല്ല ചെയ്യേണ്ടത്. രാഷ്ട്രീയത്തിലേക്കിറങ്ങുന്നതും നേരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും രണ്ടാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പലരേയും വിളിച്ചു വരുത്തി അവരുടെ കഴിവ് ഉപയോഗിക്കുന്നുണ്ട്. വിദേശകാര്യ മന്ത്രിയാക്കിയിരിക്കുന്നത് മുന്‍ വിദേശകാര്യ സെക്രട്ടറി ജയശങ്കറിനെയാണ്. അദ്ദേഹത്തെ തിരഞ്ഞെടുപ്പിലേക്കിറക്കുകയല്ല മോദി ചെയ്തത്. അതൊരു അംഗീകാരമാണ്. പക്ഷേ,  വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പൊടുന്നനെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തല്‍പരരാവുന്നതിനെയാണ് ഞാന്‍ ആത്മവിശ്വാസക്കുറവ് എന്ന് വിളിക്കുന്നത്. ഒരു അദ്ധ്യാപകന്‍ എന്ന നിലയില്‍ എനിക്ക് ഞാന്‍ അത്ര പോരെന്നും അധികാരം കിട്ടിയാലേ പ്രസക്തിയുണ്ടാവുകയുള്ളുവെന്നും തോന്നുന്നിടത്താണ് പ്രശ്‌നം.

കാല് കഴുകുന്നതും കാല് തൊട്ട് വന്ദിക്കുന്നതും ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന വാദം കാണാതിരിക്കേണ്ടതുണ്ടോ?

ഫ്യൂഡല്‍ സംസ്‌കാരമാണ് ഇതു മുന്നോട്ടുവെയ്ക്കുന്നത്. മദ്ധ്യകാലഘട്ടത്തിലേക്കാണ് ഇതു നമ്മളെ കൊണ്ടുപോവുന്നത്. നമ്മുടെ മക്കളെ ഈ മൂല്യങ്ങളാണോ പഠിപ്പിക്കേണ്ടത്?. അവര്‍ അഗ്രസ്സിവ് ആകണം കൊമ്പറ്ററ്റിവ് ആകണം എന്നാണ്  ചോദ്യംചെയ്യുന്നവരാവണം ആത്മവിശ്വാസമുള്ളവരാവണം എന്നാണ് നമ്മള്‍ ആഗ്രഹിക്കേണ്ടത്. അല്ലാതെ മറ്റുള്ളവരുടെ കാല് പിടിക്കുന്നവരാകാനല്ല അവര്‍ വളരേണ്ടത്.  ബഹുമാനം ഫ്യൂഡല്‍ മൂല്യമാണ്. വ്യക്തിയെ ആരാധിക്കുന്നത് ഫ്യൂഡല്‍ സംസ്‌കാരമാണ്. അതിനോട് യോജിക്കാനാവില്ല. അതിപ്പോള്‍ കമ്മ്യൂണിസ്റ്റ്കാരനായാലും കോണ്‍ഗ്രസ്സുകാരനായാലും ബി.ജെ.പിക്കാരനായാലും വ്യക്തി ആരാധന അംഗീകരിക്കാനാവില്ല. ആധുനിക മൂല്യങ്ങളാണ് ഇപ്പോള്‍ വേണ്ടത്. ക്വാളിറ്റി, കൊമ്പറ്റീറ്റീവ്‌നസ്സ്, ധൈര്യം എന്നിവയാണ് വേണ്ടത്.

(തുടരും)

Content Highlights: Washing others' feet is feudalism, travelling to middle age, says Prof. M. Kunhaman